This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണയ്യര്‍, സി.എസ്. (1916 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണയ്യര്‍, സി.എസ്. (1916 - )

സംഗീതജ്ഞനും അധ്യാപകനും. സി.എസ്. സുബ്രഹ്മണ്യയ്യര്‍, തയ്യുഅമ്മാള്‍ എന്നിവരുടെ മകനായി 1916 മാ. 23-ന് ജനിച്ചു. പാലക്കാട്ടു മണിഅയ്യരുടെ പിതാവായ ശേഷഭാഗവതരില്‍ നിന്നാണ് ഇദ്ദേഹം സംഗീതത്തിന്റെ പ്രാരംഭപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയശേഷം 1930 മുതല്‍ 1934 വരെ അണ്ണാമല സര്‍വകലാശാലയുടെ കീഴിലുള്ള സംഗീത കലാശാലയില്‍ പഠിച്ചു. സംഗീത കലാനിധികളായ തിരുവെയ്യാര്‍ സഭേശ അയ്യര്‍, തഞ്ചാവൂര്‍ പൊന്നയ്യാ പിള്ള, വയലിന്‍ വിദ്വാന്‍ മധുര സുബ്രഹ്മണ്യ ഭാഗവതര്‍ എന്നിവരാണ് ഇദ്ദേഹത്തിന്റെ മുഖ്യ ഗുരുക്കന്മാര്‍. പഠനത്തിനുശേഷം മദിരാശിയില്‍ താമസിച്ച് അക്കാലത്തെ പ്രശസ്ത സംഗീതജ്ഞരുമായി ബന്ധം പുലര്‍ത്തുകയും സ്വന്തമായി സംഗീതക്കച്ചേരികള്‍ നടത്തി പ്രശസ്തിയാര്‍ജിക്കുകയും ചെയ്തു.

1942-ല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കലാശാലയില്‍ ഹരികേശനല്ലൂര്‍ മുത്തയ്യാഭാഗവതരുടെ കീഴിലും അതിനുശേഷം ശ്രീ ശെമ്മങ്കുടി ശ്രീനിവാസയ്യരുടെ കീഴിലും സംഗീത പ്രൊഫസറായി പ്രവര്‍ത്തിച്ചു. 1957-ല്‍ പാലക്കാട്ട് കേരള സര്‍ക്കാര്‍ സംഗീത അക്കാദമി സ്ഥാപിച്ചപ്പോള്‍ തുടക്കം മുതല്‍ തന്നെ ഇദ്ദേഹം അതിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. 1971 മാര്‍ച്ചില്‍ ഇദ്ദേഹം ഉദ്യോഗത്തില്‍നിന്നും വിരമിച്ചു.

1937 മുതല്‍ ആകാശവാണിയുടെ വിവിധ നിലയങ്ങളില്‍നിന്നും ഇദ്ദേഹത്തിന്റെ സംഗീതക്കച്ചേരികള്‍ പ്രക്ഷേപണം ചെയ്യപ്പെട്ടിട്ടുണ്ട്. ആകാശവാണിയുടെ സംഗീത സമ്മേളനങ്ങളിലും ദേശീയ പരിപാടികളിലും പല പ്രാവശ്യം പങ്കെടുത്തിട്ടുള്ള ഇദ്ദേഹം, 1956-57 കാലത്ത് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ ഗൗരി പാര്‍വതീഭായിത്തമ്പുരാട്ടിയുടെ സംഗീതാധ്യാപകനായിരുന്നു.

കേരള സര്‍വകലാശാലയിലെ സംഗീത വിഭാഗത്തിന്റെ ഫാക്കല്‍ട്ടിയിലും ബോര്‍ഡ് ഒഫ് സ്റ്റഡീസിലും അംഗം, 1974 ജനുവരി മുതല്‍ 1981 മാര്‍ച്ച് വരെ ആകാശവാണിയിലെ സംഗീത വിഭാഗത്തിന്റെ ഫൈനല്‍ ഓഡീഷന്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള കൃഷ്ണന്‍ 1972-ല്‍ വായ്പാട്ടിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്.

ഇരയിമ്മന്‍തമ്പി, കെ.സി. കേശവപിള്ള എന്നിവരുടെ കൃതികള്‍ കൂടാതെ മലയാളത്തില്‍ ചില 'കൃതികള്‍' സ്വന്തമായി രചിച്ച് അവയ്ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്.

(പ്രൊഫ. കെ. ഓമനക്കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍