This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണയ്യര്‍, വി.ആര്‍. (1915 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണയ്യര്‍, വി.ആര്‍. (1915 - )

സുപ്രീംകോടതി മുന്‍ ജഡ്ജിയും മുന്‍ മന്ത്രിയും. 1915 ന. 15-ന് വൈദ്യനാഥപുരം രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനായി പാലക്കാട് ജനിച്ചു. അണ്ണാമല, മദ്രാസ് സര്‍വകലാശാലകളില്‍ നിന്നും ബി.എ.; ബി.എല്‍. ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം 1938-ല്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിച്ചു. ഇക്കാലത്തു കേരളത്തിലെ തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ മനസ്സിലാക്കുകയും അവ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്ത കൃഷ്ണയ്യരെ കമ്യൂണിസ്റ്റുകള്‍ക്കു നിയമസഹായം നല്കിയെന്നും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തെന്നും മറ്റും ആരോപിച്ച് ഭരണകൂടം ഇദ്ദേഹത്തെ തടവിലാക്കി (1948).

1952-ലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ കൂത്തുപറമ്പു നിയോജക മണ്ഡലത്തില്‍ നിന്നും കൃഷ്ണയ്യര്‍ മദ്രാസ് നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ അംഗമായിരിക്കെ മലബാറിലെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുവാന്‍ പര്യാപ്തമാവുംവിധം മലബാര്‍ കാര്‍ഷിക ബന്ധബില്ലി (The Malabar Agrarian Relation Bill)ന് ഒരു ഭേദഗതി കൊണ്ടുവരാന്‍ ഇദ്ദേഹത്തിനായി.

വി.ആര്‍.കൃഷ്ണയ്യര്‍

സംസ്ഥാന പുനര്‍വിഭജനത്തിനുശേഷം 1957-ല്‍ നടന്ന ഒന്നാം കേരള നിയമസഭാതിരഞ്ഞെടുപ്പില്‍ കൃഷ്ണയ്യര്‍ തലശ്ശേരി നിയോജകമണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്ന (1957-59) ഇദ്ദേഹം ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം തുടങ്ങിയ വകുപ്പുകളുടെ ഭരണസാരഥ്യമേറ്റു. സാമൂഹിക ക്ഷേമപരവും പുരോഗമനപരവുമായ അനേകം പരിഷ്കാരങ്ങള്‍ക്കു തുടക്കം കുറിക്കുവാനും നേതൃത്വം നല്‍കുവാനും ഇക്കാലത്ത് ഇദ്ദേഹത്തിനു കഴിഞ്ഞു.

മന്ത്രിസഭയുടെ പതനത്തിനുശേഷം (1959) കൃഷ്ണയ്യര്‍ വീണ്ടും അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞു. 1960-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയിച്ചുവെങ്കിലും 1965-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇന്ത്യാ-ചൈന സൗഹൃദ സംഘത്തിന്റെ ദക്ഷിണ മലബാര്‍ ശാഖാ പ്രസിഡന്റ്, ഇന്ത്യോ-സോവിയറ്റ് സാംസ്കാരിക സമിതി കേരള ഘടകം പ്രസിഡന്റ്, ഇന്ത്യോ- സോവിയറ്റ് സമാധാന സമിതി പ്രസിഡന്റ് എന്നീ വിവിധ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകസമാധാന സമിതിയുടെ ആഭിമുഖ്യത്തില്‍ സ്റ്റോക്ക്ഹോമില്‍ വച്ചു നടന്ന സമാധാന-നിരായുധീകരണ സമ്മേളനത്തില്‍ ഇദ്ദേഹം പ്രതിനിധിയായിരുന്നു.

1968 ജൂലായില്‍ കൃഷ്ണയ്യര്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. 1970-ല്‍ 'ലാ കമ്മിഷന്‍' അംഗമായി. സമൂഹത്തിലെ സാധുജനങ്ങള്‍ക്കു നിയമസഹായം നല്കാനുള്ള ഒരു പദ്ധതിക്കുവേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാനായി ഭാരതസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചപ്പോള്‍ കൃഷ്ണയ്യരെയായിരുന്നു അതിന്റെ അധ്യക്ഷനായി അവരോധിച്ചത്.

1973 ജൂലായില്‍ കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ കാലഘട്ടത്തിലാണ് തിരഞ്ഞെടുപ്പുക്രമക്കേട് സംബന്ധിച്ച ഇന്ദിരാഗാന്ധി-രാജ് നാരായണ്‍ കേസില്‍ ഇന്ദിരാഗാന്ധിയെ ശിക്ഷിച്ചുകൊണ്ടുള്ള അലഹബാദ് കോടതിയുടെ വിധിന്യായം ഉണ്ടായത്. 1980 ന. 14-ന് വരെ ഈ പദവിയില്‍ തുടര്‍ന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിയായിരുന്ന കാലത്ത് ഇദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള ചില വിധിന്യായങ്ങള്‍ സാമൂഹികനീതിയെ ഉയര്‍ത്തിപ്പിടിക്കുന്നവയായിരുന്നു. കുറ്റം ചുമത്തപ്പെട്ട് കസ്റ്റഡിയില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി നിയമസഹായം നല്‍കുവാന്‍ ദേശീയ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 21-ാം വകുപ്പിന് പുതിയ വ്യാഖ്യാനം നല്‍കിക്കൊണ്ടുള്ള 1980 നവംബറിലെ വിധിന്യായം, മുസ്ലിം വ്യക്തിനിയമം തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. നിരവധി ദേശീയ-അന്തര്‍ദേശീയ പ്രശ്നങ്ങളില്‍ പൊതുസമൂഹത്തിന്റെ ക്ഷേമവും നീതിനിഷേധിക്കപ്പെടുന്നവരുടെ ജിഹ്വയുമായി നിലയുറപ്പിക്കാന്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ക്കു സാധിച്ചിട്ടുണ്ട്. സാമൂഹികപ്രവര്‍ത്തകനായ ബിനായക് സെന്നിനെ വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിച്ച സംഭവത്തിലും (2010), മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിനെതിരെയും ഇദ്ദേഹം തന്റെ പ്രതിഷേധം പരസ്യമായി അറിയിച്ചു. കുറ്റവാളിക്ക് വധശിക്ഷ എന്നത് കാലഹരണപ്പെട്ട ആശയമാണെന്ന് പരസ്യമായി അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ള അപൂര്‍വം ജഡ്ജിമാരില്‍ ഒരാളാണ് കൃഷ്ണയ്യര്‍.

സുപ്രീംകോടതിയില്‍ നിന്നും വിരമിച്ചശേഷം നിയമനിര്‍മാണം സംബന്ധിച്ച നിരവധി കമ്മിഷനുകളിലും സമിതികളിലും ഇദ്ദേഹം നേതൃത്വപരമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളില്‍ കൂടുതല്‍ പാടില്ല എന്നും കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കുന്ന മാതാപിതാക്കള്‍ക്ക് മാതൃകാപരമായി ജയില്‍ശിക്ഷ നല്‍കാനും സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം അനുവദിക്കുവാനും ശിപാര്‍ശ ചെയ്തുകൊണ്ട് 2011-ല്‍ കേരളസര്‍ക്കാരിനു സമര്‍പ്പിച്ച വിമന്‍സ് കോഡ് ബില്‍ കേരള സമൂഹത്തില്‍ ഒട്ടേറെ സംവാദങ്ങള്‍ക്ക് വഴിയൊരുക്കി.

1968-ലെ സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ്, വ്യാവസായിക സമാധാന സംരംഭത്തിനുള്ള 1982-ലെ ശ്രീ ജഹാംഗീര്‍ ഗാന്ധി മെഡല്‍, മുംബൈയിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സ് ഏര്‍പ്പെടുത്തിയ കുമാരപ്പാ അവാര്‍ഡ് (1988), ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ശ്രീ ദശരഥമാള്‍ സിങ് വി അവാര്‍ഡ് (1990), ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ബാബാ സാഹേബ് ബി.ആര്‍. അംബേദ്കര്‍ ദേശീയ അവാര്‍ഡ്, രാമാശ്രമം അവാര്‍ഡ് (1992), കൊല്‍ക്കത്തയിലെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ നരേഷ് ചന്ദ്രന്‍ സെന്‍ ഗുപ്ത സുവര്‍ണമെഡല്‍ (1992), ഇന്റര്‍നാഷണല്‍ ബാര്‍ അസോസിയേഷന്റെ 'ലിവിങ് ലെജന്‍ഡ് ഒഫ് ലാ' അവാര്‍ഡ് (1995), എം.എ. തോമസ് ദേശീയ മനുഷ്യാവകാശ അവാര്‍ഡ് (1998), റോട്ടറി ഇന്റര്‍നാഷണലിന്റെ മാനവ സേവാ അവാര്‍ഡ് (1998), മുംബൈയില്‍ നടന്ന VIV FIAMC ലോക കോണ്‍ഗ്രസ് ഒറേഷനിലെ പ്രഭാഷണത്തിന് ലഭിച്ച സ്വര്‍ണമെഡല്‍ (1998), വൈലോപ്പിള്ളി പുരസ്കാരം (1999), കേരള സംസ്കൃത അക്കാദമിയുടെ മാനവ സമന്വത അവാര്‍ഡ് (2000), സി. കേശവന്‍ മെമ്മോറിയല്‍ കീര്‍ത്തിമുദ്ര (2000), ഇന്തോ-റഷ്യന്‍ സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുന്നതില്‍ വഹിച്ച പങ്കിനെ ആദരിച്ചുകൊണ്ട് റഷ്യന്‍ ഭരണകൂടം സമ്മാനിച്ച'ദി ഓര്‍ഡര്‍ ഒഫ് ഫ്രണ്ട്ഷിപ്പ് (2000), ഐ.എം.എ. സംസ്ഥാന അവാര്‍ഡ് (2000), നീതിന്യായ പരിഷ്കാരങ്ങള്‍ക്കുള്ള ക്യാപിറ്റല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഒഫ് ക്രിമിനോളജി, ഇന്ത്യന്‍ ലാ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ മാനേജ്മെന്റ് തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളില്‍ ഫെലോ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള കൃഷ്ണയ്യരെ കൊല്‍ക്കത്തയിലെ ഭഗത്പൂര്‍ സര്‍വകലാശാലയും ബംഗളൂരുവിലെ നാഷണല്‍ ലാ സ്കൂള്‍ ഒഫ് ഇന്ത്യ യൂണിവേഴ്സിറ്റിയും 1995-ല്‍ എല്‍.എല്‍.ഡി. ബിരുദവും ദക്ഷിണ ഹിന്ദി പ്രചാരസഭയും നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്സിറ്റിയും ഡി-ലിറ്റ് ബിരുദവും നല്‍കി ആദരിച്ചിട്ടുണ്ട്. നിയമസംബന്ധിയായ നിരവധി ലേഖനങ്ങളുടെ കര്‍ത്താവുംകൂടിയായ ഇദ്ദേഹം 70-ലേറെ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡെത്ത് ആന്‍ഡ് ആഫ്റ്റര്‍ എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രചന. വാണ്ഡറിങ് ഇന്‍ മെനിവേള്‍ഡ്സ് ആണ് ഇദ്ദേഹത്തിന്റെ ആത്മകഥ.

(ഡോ. കെ. കെ. കുസുമന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍