This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണയ്യര്‍, തിരുക്കോടിക്കാവല്‍ (1857 - 1913)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണയ്യര്‍, തിരുക്കോടിക്കാവല്‍ (1857 - 1913)

വയലിനിസ്റ്റ്. വയലിനെ ഗാനവാദ്യമായി ആദ്യം രംഗത്ത് അവതരിപ്പിച്ചത് തിരുക്കോടിക്കാവല്‍ കൃഷ്ണയ്യരാണ്. വയലിന്‍ എന്ന സംഗീതോപകരണത്തെ കര്‍ണാടക സംഗീതത്തില്‍ ആദ്യമായി കൊണ്ടുവന്നത് വടിവേലു നട്ടുവന്‍, ബാലുസ്വാമി ദീക്ഷിതര്‍ എന്നിവരാണ്.

1957-ല്‍ തഞ്ചാവൂരിലെ മരത്തുരൈ ഗ്രാമത്തില്‍ ജനിച്ച ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ സംഗീത പാരമ്പര്യമുള്ളവരായിരുന്നു. പിതാവായ കുപ്പുസ്വാമി ഭാഗവതര്‍ പേരുകേട്ട ഒരു ഹരികഥാ കാലക്ഷേപക്കാരനായിരുന്നു. കൃഷ്ണയ്യര്‍ പിതാവില്‍ നിന്നും സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചു. പിന്നീട് അക്കാലത്തെ പ്രമുഖ സംഗീതജ്ഞനും താന വര്‍ണരചയിതാവുമായ കൊത്തവാസല്‍ വെങ്കട്ടരാമയ്യരുടെ കീഴില്‍ സംഗീതാഭ്യസനം തുടര്‍ന്നു.

തന്റെ ശാരീരം തൃപ്തികരമല്ലായിരുന്നതുകൊണ്ട്, ഉപകരണസംഗീതം പഠിക്കാന്‍ നിര്‍ബദ്ധനായിത്തീര്‍ന്നു. ശാത്തനൂര്‍ പഞ്ചനദയ്യരുടെ കീഴില്‍ വയലിന്‍ വായന പഠിച്ചു. ഫിഡില്‍ സുബ്ബരായര്‍ എന്ന പ്രസിദ്ധ സംഗീത വിദ്വാനില്‍ നിന്നും വയലിന്‍ വാദനത്തിന്റെ നിഗൂഢമായ വശങ്ങള്‍ മനസ്സിലാക്കി. അക്കാലത്തുതന്നെ ഇദ്ദേഹം തിരുവാലങ്കാടു ത്യാഗരാജശാസ്ത്രിയുടെ വീണാവാദനവും നിത്യേന ശ്രദ്ധിച്ചുപോന്നിരുന്നു. മായവരം വീണാവൈദ്യനാഥയ്യരില്‍ നിന്നും നിരവധി സംഗീതരചനകള്‍ ഹൃദിസ്ഥമാക്കി, സംഗീത ശാസ്ത്രത്തിലും നൈപുണ്യം നേടി. മഹാവൈദ്യനാഥയ്യര്‍, പട്ടണം സുബ്രഹ്മണ്യയ്യര്‍, പുല്ലാങ്കുഴല്‍ ശരഭ ശാസ്ത്രി തുടങ്ങിയ പ്രഖ്യാത സംഗീതജ്ഞരുടെ കച്ചേരികളില്‍ കൃഷ്ണയ്യര്‍ വയലിന്‍ വായിച്ചിരുന്നു.

വയലിനിനെ ഒരു തനി ഗാനവാദ്യമായി കൈകാര്യം ചെയ്യുമ്പോഴാണ്, കൃഷ്ണയ്യരുടെ സംഗീതപാടവം സമ്പൂര്‍ണമായി പ്രകാശിച്ചിരുന്നത്. ഒരു വയലിനിസ്റ്റ് എന്ന നിലയ്ക്കു സംഗീതക്കച്ചേരികളുടെ ചരിത്രത്തില്‍ ഇദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.

രാമസ്വാമി അയ്യര്‍, തിരുവാടുതുറൈ രാജരത്നം പിള്ളൈ, ശെമ്മങ്കുടി നാരായണസ്വാമി അയ്യര്‍, ശെമ്മങ്കുടി ശ്രീനിവാസയ്യര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഇദ്ദേഹം 1913 ജനു. 28-ന് അന്തരിച്ചു.

(പി. രവികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍