This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമേനോന്‍, വി.കെ. (1896 - 1974)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമേനോന്‍, വി.കെ. (1896 - 1974)

വി.കെ.കൃഷ്ണമേനോന്‍

രാജ്യതന്ത്രജ്ഞനും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയും. തലശ്ശേരിയില്‍ അഭിഭാഷകനായിരുന്ന കോമത്തു കൃഷ്ണക്കുറുപ്പിന്റെയും വേങ്ങാലില്‍ ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1896 മേയ് 3-ന് കോഴിക്കോട്ടുളള പന്നിയങ്കരയില്‍ ജനിച്ചു. തലശ്ശേരി മുന്‍സിപ്പല്‍ സ്കൂള്‍, കോഴിക്കോടു നേറ്റീവ് സ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം കോഴിക്കോട്ടു സാമൂതിരി കോളജ്, മദ്രാസ് പ്രസിഡന്‍സി കോളജ് എന്നിവിടങ്ങളില്‍ നിന്നായി ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടി. മദ്രാസിലെ ലാ കോളജില്‍ നിയമ പഠനത്തിനായി ചേര്‍ന്നുവെങ്കിലും അതു പൂര്‍ത്തിയാക്കാതെ അഡയാറിലെ 'നാഷണല്‍ യൂണിവേഴ്സിറ്റി' യില്‍ ലക്ചററായി. 1924 ജൂണില്‍ ലണ്ടനിലെത്തിയ ഇദ്ദേഹം ഹാര്‍ട്ടുഫോര്‍ഡ്ഷയറിലെ സെന്റ് ക്രിസ്റ്റഫര്‍ സ്കൂളില്‍ ചരിത്രാധ്യാപകനായി സേവനമനുഷ്ഠിക്കുകയും അതോടൊപ്പം പ്രത്യേക പഠനം നടത്തി അധ്യാപനത്തിനുള്ള ഡിപ്ലോമ നേടുകയും ചെയ്തു. 1927-ല്‍ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്നും ധനതത്ത്വശാസ്ത്രത്തില്‍ ബി.എസ്സി. ബിരുദമെടുത്ത കൃഷ്ണമേനോന്‍, ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എം.എ. (1930), ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്ന് എം.എസ്സി. (1934), മിഡില്‍ ടെമ്പിളില്‍ നിന്നും ബാര്‍ അറ്റ് ലാ എന്നീ ബിരുദങ്ങളും സമ്പാദിച്ചു.

ഹാരോള്‍ഡ് ലാസ്കി, ജവാഹര്‍ലാല്‍ നെഹ്റു, മിസ്സിസ് ആനിബസന്റ് എന്നിവര്‍ കൃഷ്ണമേനോന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തികളാണ്. കൃഷ്ണമേനോന്റെ സോഷ്യലിസ്റ്റ് വീക്ഷണം രൂപംകൊണ്ടത് ലാസ്കിയിലൂടെയായിരുന്നു. പൊതുവായി പല കാര്യങ്ങളിലും ഐകരൂപ്യമുള്ള കാഴ്ചപ്പാടുണ്ടായിരുന്ന മേനോനും നെഹ്റുവും സ്വാഭാവികമായിത്തന്നെ ആജീവനാന്ത സുഹൃത്തുക്കളായിത്തീര്‍ന്നു. വ്യവസ്ഥാപിതമായ പ്രക്ഷോഭണങ്ങളില്‍ മേനോനുണ്ടായിരുന്ന ദൃഢമായ വിശ്വാസത്തിനു പിന്നില്‍ ആനിബസന്റിന്റെ സ്വാധീനതയാണു പ്രവര്‍ത്തിച്ചിരുന്നത്.

തിയോസഫിക്കല്‍ പ്രസ്ഥാനവുമായി സഹകരിച്ചുകൊണ്ടാണ് കൃഷ്ണമേനോന്‍ തന്റെ പൊതുജീവിതമാരംഭിച്ചത്. മദ്രാസ് പ്രസിഡന്‍സി കോളജില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഹോംറൂള്‍ പതാക കോളജിനു മുകളില്‍ ഉയര്‍ത്തിയതു നിമിത്തം അധികൃതരുടെ അപ്രതീതി നേരിടേണ്ടിവന്നു. എങ്കിലും അഭ്യുദയകാംക്ഷിയായ ഒരു പ്രൊഫസറുടെ ഇടപെടല്‍മൂലം ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു. ദേശീയ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി മിസ്സിസ് ആനിബസന്റ് സ്ഥാപിച്ച 'ബ്രദേഴ്സ് ഒഫ് സര്‍വീസ്' എന്ന സംഘടനയില്‍ ചേര്‍ന്ന ഇദ്ദേഹം തുടര്‍ന്നു മലബാറില്‍ മടങ്ങിയെത്തുകയും മലബാര്‍-കൊച്ചി പ്രദേശത്തെ സ്കൗട്ട് കമ്മിഷണര്‍, 'നയന്റീന്‍ റ്റ്വന്റി' ക്ലബ്ബ്, സോഷ്യല്‍ സര്‍വിസ് ലീഗ് എന്നിവയുടെ സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

1924 മുതല്‍ 1947 വരെ ഇംഗ്ലണ്ടില്‍ ചെലവഴിച്ച കൃഷ്ണമേനോന്‍ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുവേണ്ടി നിസ്തുലമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇംഗ്ലണ്ടില്‍ വമ്പിച്ച ഒരു സുഹൃദ്വലയം ഇദ്ദേഹത്തിനുണ്ടായിരുന്നു. പീറ്റര്‍ ഫ്രീമാന്‍, ബര്‍ട്രന്‍ഡ് റസ്സല്‍, സ്റ്റാഫോര്‍ഡ് ക്രിപ്സ്, ജെ.ബി.എസ്. ഹാള്‍ഡേന്‍ തുടങ്ങി നിരവധി ബുദ്ധിജീവികളുമായി ഇദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിപ്പോന്നു. ലേബര്‍ പാര്‍ട്ടിയില്‍ അംഗമായിരുന്ന മേനോന്‍ അതില്‍ ഒരു സമുന്നത സ്ഥാനത്തെത്തുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ സഹായിക്കുവാനും ഇംഗ്ലണ്ടിലെ പൊതുജനാഭിപ്രായം ഇന്ത്യയ്ക്കനുകൂലമാക്കുവാനും വേണ്ടി ഇദ്ദേഹം 'ഇന്ത്യാ ലീഗ്' ആരംഭിക്കുകയും (1929), അങ്ങനെ ഇംഗ്ലണ്ടിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയനാവുകയും ചെയ്തു. 1941 മുതല്‍ കുറച്ചുകാലത്തേക്ക് ഇദ്ദേഹം ലേബര്‍ പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുകയുണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ലേബര്‍ പാര്‍ട്ടി വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നതായിരുന്നു ഇതിനു കാരണം. രണ്ടാം ലോക യുദ്ധകാലത്തു സഖ്യകക്ഷി രാജ്യങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കുവാന്‍ ഇദ്ദേഹം അക്ഷീണം പ്രയത്നിച്ചു.

ജവഹര്‍ലാല്‍ നെഹ്റുവും കൃഷ്ണമേനോനും

1946-ല്‍ ക്യാബിനറ്റ് മിഷന്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുവാന്‍ കൃഷ്ണമേനോന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇദ്ദേഹത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കുവാനുള്ള സാധ്യതകളാരായാനായി പല വിദേശ രാജ്യങ്ങളിലേക്കും നിയോഗിക്കുകയുണ്ടായി. 1946-47 കാലത്തു ലേക് സസക്സില്‍ വച്ചുകൂടിയ യു.എന്‍.ഒ.യുടെ പൊതുസഭയില്‍ ഇദ്ദേഹമാണ് ഭാരതസര്‍ക്കാരിനെ പ്രതിനിധീകരിച്ചത്. 1947 മുതല്‍ 1952 വരെ ഇദ്ദേഹം ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ നേതാവെന്ന നിലയില്‍ ഇദ്ദേഹം ഐക്യരാഷ്ട്ര സഭാസമ്മേളനങ്ങളില്‍ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. കാശ്മീരില്‍ പാകിസ്താന്‍ നടത്തിയ ആക്രമണത്തെ അപലപിച്ചു കൊണ്ടും കാശ്മീരിന്റെ പേരില്‍ ആ രാഷ്ട്രം ഉന്നയിച്ച തര്‍ക്കത്തിന്റെ പശ്ചാത്തലം വിവരിച്ചുകൊണ്ടും എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ഒരു പ്രസംഗം കൃഷ്ണമേനോന്‍ ഐക്യരാഷ്ട്രസഭയില്‍ ചെയ്യുകയുണ്ടായി. ഈ പ്രസംഗം അസാധാരണമായ വാഗ്മിത്വത്തിന്റെയും രാജ്യതന്ത്രജ്ഞതയുടെയും മികച്ച പ്രകടനമായി പരക്കെ അംഗീകരിക്കപ്പെട്ടു.

1957-ലും 1962-ലും ലോക് സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണമേനോന്‍, 1956-57 കാലത്ത് കേന്ദ്ര മന്ത്രിസഭയില്‍ വകുപ്പില്ലാമന്ത്രിയായി നിയമിതനായി. 1957 മുതല്‍ 1962 വരെ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ സേവനമനുഷ്ഠിച്ചു. നെഹ്രുവിന്റെ വിശ്വാസവും മതിപ്പും വേണ്ടത്ര നേടിയിരുന്ന മേനോന്‍ 1962-ല്‍ ചൈന ഇന്ത്യയുടെ മേല്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നു മന്ത്രിപദം രാജിവച്ചു. നെഹ്റുവിനു തന്റെ ആത്മമിത്രമായിരുന്ന മേനോനില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്നെങ്കിലും രാജ്യത്തിന്റെ പ്രതിരോധ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ലെന്ന ആരോപണം ഇന്ത്യന്‍ പാര്‍ലമെന്റിലും പുറത്തും ഇദ്ദേഹത്തിനെതിരായി ഉയര്‍ന്നതിനെത്തുടര്‍ന്ന് നെഹ്റു ഇദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയാണുണ്ടായത്. എങ്കിലും പാര്‍ലമെന്റില്‍ നെഹ്റു മേനോനെ ശക്തമായി ന്യായീകരിച്ചു സംസാരിക്കുക തന്നെ ചെയ്തു.

കോണ്‍ഗ്രസ്സിലെ മേനോന്‍വിരുദ്ധര്‍ സംഘടിതമായി നെഹ്റുവിനു ശേഷം ഇദ്ദേഹത്തിനെതിരായി നീങ്ങുകയും, താന്‍ രണ്ടു തവണ ലോക്സഭയെ പ്രതിനിധീകരിച്ച ബോംബെ സീറ്റ് ഇദ്ദേഹത്തിനു നിഷേധിക്കുകയും ചെയ്തു. തനിക്കു സീറ്റു നിഷേധിച്ച രീതിയില്‍ അസംതൃപ്തനായ മേനോന്‍ കോണ്‍ഗ്രസ് വിട്ടു സ്വതന്ത്രനായി ബോംബെയില്‍ നിന്നുതന്നെ മത്സരിച്ചു, എങ്കിലും വിജയിക്കുകയുണ്ടായില്ല. പിന്നീട് ഇടതുപക്ഷപ്പാര്‍ട്ടികളുടെ പിന്തുണയോടെ ഇദ്ദേഹം മിഡ്നാപ്പൂരില്‍ (1969) നിന്നും തിരുവനന്തപുരത്തു (1972) നിന്നും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

അന്തര്‍ദേശീയ വീക്ഷണവും പാര്‍ലമെന്ററി ഭരണത്തിലുള്ള അടിയുറച്ച വിശ്വാസവും നെഹ്റു ഒഴികെയുള്ള ദേശീയ നേതാക്കളില്‍ നിന്നും മേനോനെ വ്യതിരിക്തനാക്കുന്നു. ഇംഗ്ലണ്ടിലെ ജീവിതവും പ്രൊഫസര്‍ ലാസ്കിയുമായുള്ള നിരന്തര സമ്പര്‍ക്കവും സ്വതേതന്നെ മതകാര്യങ്ങളില്‍ താത്പര്യമില്ലാതിരുന്ന ഇദ്ദേഹത്തെ ഒരു നിരീശ്വര വാദിയാക്കിത്തീര്‍ത്തു. ജ്ഞാനതൃഷ്ണ ഇദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടു ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനും ഉള്ളടക്കം ഗ്രഹിക്കുന്നതിനും മേനോനുണ്ടായിരുന്ന കഴിവ് അന്യാദൃശമാണ്. ഭാരതത്തിന്റെ പുരോഗതിക്കു പാശ്ചാത്യ സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസമാണ് ഉപകരിക്കുകയെന്ന് ഇദ്ദേഹം വിശ്വസിച്ചു. നെഹ്റുവിന്റെ പല കൃതികളും എഡിറ്റുചെയ്തു പ്രസിദ്ധീകരിച്ചതിന്റെ പിന്നില്‍ ധിഷണാശാലിയായ മേനോനാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്.

വി.കെ.കൃഷ്ണമേനോന്‍ ഒരു പൊതുചടങ്ങിനിടെ

സംശുദ്ധവും സ്തുത്യര്‍ഹവുമായ വിധത്തില്‍ ഔദ്യോഗിക കൃത്യങ്ങള്‍ അനുഷ്ഠിച്ചിരുന്ന കൃഷ്ണമേനോന്‍ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി സ്ഥാപനങ്ങളിലെ സജീവാംഗവും അവയില്‍ പലതിന്റെയും സ്ഥാപകനേതാവുമായിരുന്നു. പെന്‍ഗ്വിന്‍, പെലിക്കന്‍ ഗ്രന്ഥപരമ്പരയുടെ എഡിറ്റര്‍, ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സിന്റെ ഫെലോ, ലോകസമാധാന സംഘടയുടെ ഫെലോ, അഖിലേന്ത്യാ സമാധാന സംഘടനയുടെ അധ്യക്ഷന്‍, ഇന്ത്യന്‍ സൊസൈറ്റി ഒഫ് ഇന്റര്‍നാഷണല്‍ ലാ ആന്‍ഡ് ഡിപ്ലോമസിയുടെ അധ്യക്ഷന്‍, സൊസൈറ്റി ഒഫ് ഇന്ത്യന്‍ ലായേഴ്സ് ഫോര്‍ പീസിന്റെ അധ്യക്ഷന്‍, അക്കാദമി ഒഫ് ഇന്റര്‍നാഷണല്‍ ലാ ആന്‍ഡ് ഡിപ്ലോമസിയുടെ അധ്യക്ഷന്‍, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒഫ് ഡമോക്രാറ്റിക് ലായേഴ്സിന്റെ ഉപാധ്യക്ഷന്‍, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ഓണററി പ്രൊഫസര്‍, സുപ്രീംകോര്‍ട്ടിലെ പ്രമുഖനായ അഭിഭാഷകന്‍ എന്നീ നിലകളിലെല്ലാം കൃഷ്ണമേനോന്‍ തന്റെ അനനുകരണീയമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

ലോകസമാധാനത്തിനുവേണ്ടി യു.എന്‍. മുഖേന ഇദ്ദേഹം നടത്തിയിട്ടുള്ള ശ്രമങ്ങള്‍ അത്യന്തം ശ്രദ്ധേയമാണ്. ചേരിചേരാനയത്തിന്റെ സമര്‍ഥനായ വക്താവും പ്രചാരകനുമായിരുന്നു മേനോന്‍. പ്രഗല്ഭനായ നിയമജ്ഞന്‍ കൂടിയായിരുന്ന ഇദ്ദേഹം ഭരണഘടനാപ്രാധാന്യമുള്ള പല കേസുകളും വാദിച്ചു ബഹുജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഗ്ലാസ്ഗോ, ന്യൂബ്രണ്‍സ്വിക്, സാഗര്‍, ഉസ്മാനിയ, ഉത്കല്‍ എന്നീ സര്‍വകലാശാലകള്‍ ഓണററി എല്‍.എല്‍.ഡി. ബിരുദവും മൈസൂര്‍ സര്‍വകലാശാല ഓണററി ഡി. ലിറ്റ്. ബിരുദവും നല്കി കൃഷ്ണമേനോനെ ബഹുമാനിച്ചപ്പോള്‍ ഭാരത സര്‍ക്കാര്‍ 'പദ്മഭൂഷണ്‍' നല്കി ആദരിച്ചു.

നെഹ്റു സ്മാരകത്തിന്റെ ധനശേഖരണത്തിനു വേണ്ടി അവിരാമമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ 1974 മാ. 11-നു ലണ്ടനില്‍ വച്ച് കൃഷ്ണമേനോന് ഹൃദ്രോഗബാധയുണ്ടായി. പ്രഥമശുശ്രൂഷയ്ക്കുശേഷം ഡല്‍ഹിയിലെത്തി, ജി. ബി. പന്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ 1974 ഒ. 5-ന് ഇദ്ദേഹം അന്തരിച്ചു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍