This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമേനോന്‍, ടി.കെ. (1869 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമേനോന്‍, ടി.കെ. (1869 - 1949)

സാഹിത്യകാരനും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകനും. ചാത്തുപ്പണിക്കരുടെയും കുട്ടിപ്പാറുവമ്മയുടെയും മകനായി 1869 ഡി. 9-ന് എറണാകുളത്തു ജനിച്ചു. എറണാകുളം മഹാരാജാസ് കോളജിലും മദ്രാസ് പ്രസിഡന്‍സി കോളജിലുമായിരുന്നു വിദ്യാഭ്യാസം. മദ്രാസ് ലാ കോളജില്‍ നിന്നും എഫ്.എല്‍. പാസായ ഇദ്ദേഹം എറണാകുളം ജില്ലാക്കോടതിയില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു.

കൊച്ചി നായര്‍ മഹാസഭയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹം അവിടെ നായര്‍ കരയോഗങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്കി. പുലയന്‍, വാലന്‍ തുടങ്ങിയവരുടെ സമുദായ സംഘടനകളെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. കൊച്ചി ഭാഷാപരിഷ്കരണ കമ്മിറ്റിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഇദ്ദേഹം കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രാചീനഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിന് മുന്‍കൈയെടുത്തു.

ചരിത്രം, മതം, ശാസ്ത്രം, ജീവചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് ഇദ്ദേഹത്തിന്റെ നേട്ടം. സ്വതന്ത്രങ്ങളും തര്‍ജുമകളുമായി അനേകം കൃതികളും കൃഷ്ണമേനോന്‍ രചിച്ചിട്ടുണ്ട്.

പ്രാചീനാര്യാവര്‍ത്തം, ഇന്ത്യയിലെ മഹാന്മാര്‍, ഹിന്ദുമതം, കേരള സംസ്കാരം, ഭാരതീയ വനിതാദര്‍ശം, ലേഖനമാല, ഭാഷാ കാവ്യപ്രവേശിക തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ക്ക് ഇദ്ദേഹം രചന നിര്‍വഹിച്ചു. എ പ്രൈമര്‍ ഒഫ് മലയാളം ലിറ്ററെച്ചര്‍ (A Primer of Malayalam Literature), ദ ഡേയ്സ് ദാറ്റ് വേര്‍ (The Days that were), ദ ദ്രവീഡിയന്‍ കള്‍ച്ചര്‍ ആന്‍ഡ് ഡിഫ്യൂഷന്‍ (The Dravidian Culture and Diffussion) എന്നിവയാണ് കൃഷ്ണമേനോന്റെ ഇംഗ്ലീഷ് കൃതികള്‍. കെ.പി. പദ്മനാഭമേനോന്റെ കേരളചരിത്രം നാലു ഭാഗങ്ങളിലായി (ഇംഗ്ലീഷില്‍) പ്രസാധനം ചെയ്തതും ഇദ്ദേഹമാണ്. സാഹിത്യപരിഷത്ത്, സന്മാര്‍ഗപോഷിണി സഭ, കൊച്ചി സാഹിത്യസമാജം തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ നേതൃത്വം ദീര്‍ഘകാലം ഇദ്ദേഹത്തിനുണ്ടായിരുന്നു. വിദ്യാവിനോദിനി, മംഗളോദയം എന്നീ മാസികകള്‍ക്കും ഇദ്ദേഹത്തിന്റെ സേവനം ലഭിച്ചു. കുറേക്കാലം കൊച്ചി നിയമസഭയുടെ സെക്രട്ടറിയായിരുന്നു. കൊച്ചി രാജാവ് 1918-ല്‍ സാഹിത്യകുശലന്‍ എന്ന ബഹുമതി ബിരുദം നല്‍കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1949 മേയ് 9-ന് കൂനൂരില്‍ വച്ച് കൃഷ്ണമേനോന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍