This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമൂര്‍ത്തി, ടി.എസ്. (1941 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമൂര്‍ത്തി, ടി.എസ്. (1941 - )

മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍. 1940-ല്‍ ബംഗ്ളൂരുവില്‍ ജനിച്ചു. ബാംഗ്ലൂര്‍ സെന്റ് ജോസഫ് കോളജില്‍ നിന്നും മാനവിക വിഷയങ്ങളില്‍ ബിരുദവും ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയില്‍നിന്നും ധനതത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദവും നേടി. തുടര്‍ന്ന് ഇംഗ്ലണ്ടിലെ ബാത്ത് സര്‍വകലാശാലയില്‍ നിന്ന് പണശാസ്ത്രപഠനത്തില്‍ (Fiscal Studies) എം.എസ്. ബിരുദം പൂര്‍ത്തിയാക്കി.

ടി.എസ്.കൃഷ്ണമൂര്‍ത്തി

1961-ല്‍ ബാങ്ക് ഒഫ് ഇന്ത്യയില്‍ ഒരു പ്രൊബേഷനറി ഓഫീസറായി തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ച കൃഷ്ണമൂര്‍ത്തി, 1963-ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഇന്‍കം ടാക്സില്‍ വിവിധ തസ്തികകളില്‍ ഉദ്യോഗം വഹിച്ച ഇദ്ദേഹം 1986-ല്‍ ചെന്നൈയില്‍ ഇന്‍കം ടാക്സ് കമ്മിഷണറായി ചുമതലയേറ്റു.

1995-ല്‍ കേന്ദ്ര ധനമന്ത്രാലയത്തിനുകീഴിലുള്ള എക്സ്പെന്റിച്ചര്‍ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കവേ ഐ.എം.എഫ്. ഇദ്ദേഹത്തെ എത്യോപ്യന്‍ സര്‍ക്കാരിന്റെ നികുതി ഉപദേഷ്ടാവായി നിയമിച്ചു. പിന്നീട് ഐ.എം.എഫിനുവേണ്ടി ജോര്‍ജിയയുടെ നികുതി പരിഷ്കരണ ഉപദേഷ്ടാവായും പ്രവര്‍ത്തിക്കുകയുണ്ടായി.

1997 ജനുവരിയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ കമ്പനി അഫേഴ്സ് വകുപ്പ് സെക്രട്ടറിയായി നിയമിതനായ ഇദ്ദേഹം ഇന്ത്യന്‍ റവന്യു സര്‍വീസില്‍ നിന്നും ഈ പദവിയിലെത്തിയ ആദ്യത്തെ ഉദ്യോഗസ്ഥനായിരുന്നു. ഈ മേഖലയില്‍ ഒട്ടേറെ നിയമപരിഷ്കരണങ്ങള്‍ക്ക് ഇദ്ദേഹം ചുക്കാന്‍പിടിച്ചു.

2000-ത്തില്‍ ഇന്ത്യയുടെ ഇലക്ഷന്‍ കമ്മിഷണറായി ചുമതലയേറ്റ ഇദ്ദേഹം 2004 ഫെബ്രുവരി മുതല്‍ 2005 മേയ് വരെ ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു. ഇക്കാലയളവില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ക്കും 2004-ലെ പൊതുതിരഞ്ഞെടുപ്പിനും മേല്‍നോട്ടം വഹിക്കാന്‍ ഇദ്ദേഹത്തിനായി. പൊതുതിരഞ്ഞെടുപ്പിനായി ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ ഔദ്യോഗിക കാലഘട്ടത്തിലാണ്.

2003-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്‍ഡ് ഇലക്ടറല്‍ അസിസ്റ്റന്‍സിന്റെ അംഗമെന്ന നിലയില്‍ സ്വീഡന്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പു പരിഷ്കരണവുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുവാനും സിംബാബ്‌വെ, അമേരിക്ക, റഷ്യ, മെക്സിക്കോ, പലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ കോമണ്‍വെല്‍ത്തിന്റെ നിരീക്ഷകനായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 2005-ല്‍ നടന്ന ബി.സി.സി.ഐ. തിരഞ്ഞെടുപ്പുല്‍ സുപ്രീംകോടതി നിരീക്ഷകനായി ചുമതലപ്പെടുത്തിയത് കൃഷ്ണമൂര്‍ത്തിയെയാണ്.

നിലവില്‍ (2012) ഇദ്ദേഹം ഹെല്‍പേജ് ഇന്ത്യയുടെ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, ശ്രീറാം ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍