This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമൂര്‍ത്തി, ജിദു (1895 - 1986)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമൂര്‍ത്തി, ജിദു (1895 - 1986)

ഭാരതീയ ദാര്‍ശനികന്‍. തമിഴ്നാട്ടിലെ ചിറ്റൂര്‍ ജില്ലയില്‍ മദനപ്പള്ളിയില്‍ ഒരു സാധാരണ കുടുംബത്തില്‍ 1895 മേയ് 11-ന് ജനിച്ചു. കുട്ടിക്കാലത്തുതന്നെ മാതാവു മരിച്ചു. പിതാവായ നാരായണയ്യര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സര്‍വീസില്‍ ഉദ്യോഗസ്ഥനായിരുന്നു. എന്നാല്‍ ഏറെ താമസിയാതെ അതില്‍നിന്നും ഇദ്ദേഹത്തിനു പിരിയേണ്ടിവന്നു. കടുത്ത ദാരിദ്ര്യത്തിലും കഷ്ടതയിലുമാണ് ബാല്യകാലവും വിദ്യാഭ്യാസവും കഴിഞ്ഞത്. 1905-ല്‍ കുടുംബം മദ്രാസിനടുത്തുള്ള അഡയാറിലേക്ക് താമസം മാറ്റി.

ജിദു കൃഷ്ണമൂര്‍ത്തി

അഡയാറില്‍ താമസിക്കുമ്പോള്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആചാര്യനായ ലെഡ്ബീറ്റര്‍, 14 വയസ്സുകാരനായ കൃഷ്ണമൂര്‍ത്തിയെ കണ്ടുമുട്ടി. ഇദ്ദേഹത്തിന്റെ ആത്മീയ ചൈതന്യത്തില്‍ ആകൃഷ്ടനായ ലെഡ്ബീറ്റര്‍ ഇദ്ദേഹത്തിന്റെയും അനുജനായ നിത്യാനന്ദന്റെയും സംരക്ഷണച്ചുമതല ഏറ്റെടുത്തു.

തിയോസഫിക്കല്‍ സൊസൈറ്റിയുടെ അധ്യക്ഷ ആനിബസന്റ് 1911-ല്‍ രൂപം നല്കിയ 'ഓര്‍ഡര്‍ ഒഫ് സ്റ്റാര്‍ ഇന്‍ ഈസ്റ്റ്' എന്ന പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി മൂര്‍ത്തിയെ നിയമിച്ചു. ഇദ്ദേഹത്തെ ഒരു ലോക ഗുരുവാക്കുക എന്നതായിരുന്നു തിയോസഫിക്കല്‍ സൊസൈറ്റിയുടെ ലക്ഷ്യം. ഇതിനായി സമ്പൂര്‍ണമായ വിദ്യാഭ്യാസം കൃഷ്ണമൂര്‍ത്തിക്കു നല്കി. ഇംഗ്ലണ്ടിലും ഫ്രാന്‍സിലും അയച്ച് ഇദ്ദേഹത്തെ പഠിപ്പിച്ചു. അമേരിക്കയിലും ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. തന്റെ മൗലികമായ ദാര്‍ശനിക ചിന്തകൊണ്ടും പ്രഭാഷണം കൊണ്ടും തത്ത്വചിന്താരംഗത്ത് സാമാന്യമായ ഒരു പദവി ഇദ്ദേഹം നേടി. 1929-ല്‍ ഇദ്ദേഹം സൊസൈറ്റിയുമായി പൊരുത്തപ്പെടാനാവാതെ അതുമായുള്ള ബന്ധം വിച്ഛേദിച്ചു.

കൃഷ്ണമൂര്‍ത്തി ഒരു പ്രത്യേക ദര്‍ശനത്തിന്റെ വക്താവല്ല. വാക്കുകളുടെയും വിശ്വാസത്തിന്റെയും മറയില്ലാത്ത ജീവിതത്തെ നേരിട്ടറിയുക എന്ന സന്ദേശത്തിന്റെ വക്താവായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങളിലൂടെയും ആത്മീയ ദര്‍ശനങ്ങളിലൂടെയും രൂപംകൊണ്ടതാണ് ഇദ്ദേഹത്തിന്റെ ദര്‍ശനം. ദുഃഖം, ഭയം, സ്നേഹം, മരണം, കര്‍മം, ധര്‍മം മുതലായ കാര്യങ്ങളെക്കുറിച്ചു കൃഷ്ണമൂര്‍ത്തിക്കു സ്വകീയമായ, വ്യക്തമായ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു.

കൃഷ്ണമൂര്‍ത്തിയുടെ ദാര്‍ശനിക ചിന്തകളും പ്രഭാഷണങ്ങളും പുസ്തക രൂപത്തില്‍ സമാഹൃതമായിട്ടുണ്ട്. എഡ്യൂക്കേഷന്‍ ആന്‍ഡ് ദ് സിഗ്നിഫിക്കന്‍സ് ഒഫ് ലൈഫ് (1953), ദ് ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് ഫ്രീഡം (1954), കമന്ററീസ് ആന്‍ഡ് ലിവിങ് (1956 - 60), ദ് ലഗസി ഒഫ് ചേന്‍ജ് (1970) എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികളില്‍ പ്രധാനപ്പെട്ടവ. ശതാഭിഷിക്തനായ ഇദ്ദേഹത്തെക്കുറിച്ച് അസിത് ചന്ദ്മാന്‍ വണ്‍ തൗസന്‍ഡ് മൂണ്‍സ്-കൃഷ്ണമൂര്‍ത്തി അറ്റ് എയിറ്റിഫൈവ് (1985) എന്ന പേരില്‍ ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1986 ഫെ. 17-നു നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍