This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമൂര്‍ത്തി, ജന (1928 - 2007)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമൂര്‍ത്തി, ജന (1928 - 2007)

ജന.കൃഷ്ണമൂര്‍ത്തി

ബി.ജെ.പി. നേതാവും കേന്ദ്രമന്ത്രിയും. 1928 മേയ് 24-ന് തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ചു. മധുരയില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ചെന്നൈ ലാ കോളജില്‍നിന്നും നിയമബിരുദം നേടുകയും 1965-ല്‍ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു. 1940 മുതല്‍ ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് പ്രതിസന്ധികളെ നേരിട്ട് ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം 1977-ല്‍ ബി.ജെ.പി. ജനതാപാര്‍ട്ടിയുമായി ലയിച്ചപ്പോള്‍ തമിഴ്നാട് യൂണിറ്റിന്റെ ജനറല്‍ സെക്രട്ടറിയായി. 1980-കളില്‍ അടല്‍ബിഹാരി വാജ്പേയി, എല്‍.കെ. അദ്വാനി, എസ്.എസ്. ബണ്ടാരി, കുശാബാവു താക്കറേ, ജഗന്നാഥ റാവു എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ഇദ്ദേഹം ബി.ജെ.പി.യുടെ സ്ഥാപക ദേശീയ സെക്രട്ടറിയായി. 1983-ല്‍ ജനറല്‍സെക്രട്ടറിമാരില്‍ ഒരാളും 1985-ല്‍ ദേശീയ വൈസ് പ്രസിഡന്റുമായി. 1980 മുതല്‍ 90 വരെ കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം 1993-ല്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തി. ഇക്കാലത്ത് ബി.ജെ.പി.യുടെ സാമ്പത്തിക പ്രതിരോധ-വിദേശകാര്യ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ഇദ്ദേഹം മുഖ്യപങ്കുവഹിച്ചു. 1995 മുതല്‍ പാര്‍ട്ടി ആസ്ഥാനചുമതലയും പാര്‍ട്ടി വക്താവും ജന. കൃഷ്ണമൂര്‍ത്തിയായിരുന്നു.

1998-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ സൗത്ത് ചെന്നൈയില്‍നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 2001 മാര്‍ച്ച് 14-ന് ബി.ജെ.പി. ദേശീയ പ്രസിഡന്റായ ഇദ്ദേഹം 2002 ജൂണ്‍ വരെ തത്സ്ഥാനത്തു തുടര്‍ന്നു. അടല്‍ബിഹാരി വാജ്പേയി മന്ത്രിസഭയില്‍ കേന്ദ്ര നിയമമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അനാരോഗ്യംനിമിത്തം ഒരു വര്‍ഷത്തിനകം പിന്‍വാങ്ങേണ്ടിവന്നു. ഇക്കാലയളവില്‍ ഇദ്ദേഹം ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗവും പാര്‍ലമെന്റില്‍ വിദേശകാര്യം, പ്രതിരോധം എന്നിവ സംബന്ധിച്ച സ്റ്റാന്റിങ് കമ്മിറ്റി അംഗവും പെറ്റിഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായിരുന്നു.

2007 സെപ്. 25-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍