This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമൂര്‍ത്തി, ആര്‍. (കല്ക്കി) (1899 - 1954)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമൂര്‍ത്തി, ആര്‍. (കല്ക്കി) (1899 - 1954)

തമിഴ് സാഹിത്യകാരന്‍. കല്ക്കി എന്ന തൂലികാനാമത്തിലെ ഗ്രന്ഥകാരനും കല്ക്കിയെന്ന തമിഴ് വാരികയുടെ പത്രാധിപരുമായിരുന്നു ഇദ്ദേഹം. തഞ്ചാവൂര്‍ ജില്ലയിലെ മായവരത്തിനടുത്ത് ബുദ്ദമംഗലത്തില്‍ കര്‍ണം രാമസ്വാമി അയ്യരുടെ മകനായി 1899 സെപ്. 9-ന് ജനിച്ചു.

ആര്‍. കൃഷ്ണമൂര്‍ത്തി

തിരുച്ചിറപ്പള്ളി (തൃശ്ശിനാപ്പള്ളി) യിലെ നാഷണല്‍ കോളജ് ഹൈസ്കൂളില്‍ ഒമ്പതാം ക്ലാസ്സുവരെ പഠിച്ചു. 1921-ല്‍ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്ത ഇദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. നവശക്തി, വിമോചനം, ആനന്ദവികടന്‍ മുതലായ വാരികകളുടെ സമ്പാദക സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം കല്ക്കി എന്ന തൂലികാനാമത്തിലാണ് കഥകളും വിമര്‍ശനങ്ങളും എഴുതിയിരുന്നത്. 'തമിള്‍ത്തേനി', 'വ്യവസായി', 'ലാംഗൂലന്‍', 'തമിള്‍ മകന്‍', 'അഗസ്ത്യര്‍' മുതലായ പ്രച്ഛന്ന നാമങ്ങളിലും അനേകം ലേഖനങ്ങള്‍ ഇദ്ദേഹം എഴുതിയിട്ടുണ്ട്. തമിഴ് രാഷ്ട്രീയ- സാഹിത്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു കൃഷ്ണമൂര്‍ത്തി. 1941-ല്‍ രാജാജി, ചിദംബരനാഥ മുതലിയാര്‍ മുതലായവരുടെ സഹായത്തോടുകൂടി കല്ക്കി എന്ന പത്രവും വാരികയും ആരംഭിച്ച ഇദ്ദേഹം, മനിതര്‍ക്കുള്‍ ഒരു ദൈവം എന്ന് ഗാന്ധിജിയെക്കുറിച്ചും നാട്ടുക്കൊരു തലൈവര്‍ എന്ന് രാജാജിയെക്കുറിച്ചും കൃതികള്‍ രചിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ എല്ലാവര്‍ക്കും മനസ്സിലാകത്തക്കവണ്ണം രാഷ്ട്രീയ കാര്യങ്ങള്‍ തമിഴില്‍ വിശദീകരിച്ചിരുന്ന കല്ക്കി, ചലച്ചിത്രങ്ങള്‍, സാഹിത്യ കൃതികള്‍ എന്നിവയുടെ നിഷ്പക്ഷ നിരൂപണവും നടത്തിയിരുന്നു.

സുബ്രഹ്മണ്യഭാരതി ആരംഭിച്ച തമിഴിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം എല്ലാവിധ പ്രോത്സാഹനവും നല്കി. ഭാരതീ മണിമണ്ഡപം, ചിദംബരം പിള്ളയുടെ സ്മരണയ്ക്കായുള്ള തൂത്തുക്കുടിയിലെ കോളജ്, കല്യാണസുന്ദരനാര്‍ മണിമണ്ഡപം, ഗാന്ധി സ്മാരക മണിമണ്ഡപം മുതലായവ സ്ഥാപിക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

'കല്ക്കി'യുടെ മഹത്ത്വപൂര്‍ണമായ സംഭാവന ചരിത്രാഖ്യായികകളാണ്. കള്‍വനില്‍ കാതലി, പാര്‍തിപന്‍ കനവു, പൊന്നിയിന്‍ ശെല്‍വന്‍, ശിവകാമിയിന്‍ ശപതം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ജനപ്രീതി നേടിയ നോവലുകള്‍. മുപ്പതിലധികം നോവലുകള്‍ രചിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ അലൈ ഒശൈ എന്ന നോവലിന് 1956-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1954 ഡി. 5-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍