This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമാചാരി, വി.ടി. (1881 - 1964)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമാചാരി, വി.ടി. (1881 - 1964)

സാമ്പത്തിക-ആസൂത്രണ വിദഗ്ധനും നയതന്ത്രജ്ഞനും. 1881 ഫെ. 8-നു തിരുച്ചിറപ്പള്ളിയിലെ വാറംഗലില്‍ തിരുവെങ്കിടാചാരിയുടെയും രംഗമ്മാളിന്റെയും മകനായി ജനിച്ചു. മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്നും ബി.എ. യും ലാ കോളജില്‍ നിന്നു നിയമബിരുദവും സമ്പാദിച്ചു. 1903-ല്‍ മദ്രാസ് സിവില്‍ സര്‍വിസില്‍ ഡെപ്യൂട്ടി കളക്ടറായി ഉദ്യോഗത്തില്‍ പ്രവേശിച്ച ഇദ്ദേഹം 1908-11 കാലത്ത് കൊച്ചി രാജ്യത്തെ ചീഫ് റവന്യു ഓഫീസറായിരുന്നു. 1916 മുതല്‍ 19 വരെ മദ്രാസ് സര്‍വീസില്‍ അണ്ടര്‍ സെക്രട്ടറിയും 1919 മുതല്‍ 22 വരെ വിസിയ നഗരം രാജാവിന്റെ ട്രസ്റ്റിയായും 1924 മുതല്‍ 27 വരെ മദ്രാസ് സര്‍ക്കാരില്‍ നിയമവകുപ്പു സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. സ്വാതന്ത്ര്യസമര കാലത്ത് ലണ്ടനില്‍ വച്ചു നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ജോയിന്റ് പാര്‍ലമെന്ററി സെലക്റ്റ് കമ്മിറ്റി, റിസര്‍വ് ബാങ്ക് കമ്മിറ്റി, കേന്ദ്ര വിദ്യാഭ്യാസ-ഉപദേശക ബോര്‍ഡ് തുടങ്ങിയ പല സമിതികളിലും അംഗമായിരുന്നിട്ടുണ്ട്. 1933-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇദ്ദേഹത്തെ 'സര്‍' സ്ഥാനം നല്‍കി ആദരിച്ചു. കെ.സി.എസ്.ഐ., കെ.സി.ഐ.ഇ. എന്നീ ബഹുമതി ബിരുദങ്ങളും ഇദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. 1934 മുതല്‍ 36 വരെ ലീഗ് ഒഫ് നേഷന്‍സില്‍ ഇന്ത്യയെപ്രതിനിധാനം ചെയ്തിട്ടുള്ള കൃഷ്ണമാചാരി 1937-ല്‍ നടന്ന ഇമ്പീരിയല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഡെലിഗേഷന്റെ അഡ്വൈസര്‍ ആയിരുന്നു.

ബറോഡ ദിവാന്‍ (1927-44), സാന്‍ ഫ്രാന്‍സിസ്കോ സമ്മേളനത്തിലും യു.എന്‍.ഒ.യുടെ പ്രിപ്പാരറ്ററി കമ്മിഷനിലും അംഗം (1945), ജയ്പ്പൂര്‍ പ്രധാനമന്ത്രി (1946-49), നാട്ടുരാജാക്കന്മാരുടെ സംഘടനയായ നരേന്ദ്ര മണ്ഡലത്തിന്റെ സചിവ സമിതിയുടെ അധ്യക്ഷന്‍ (1941-44), ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ വൈസ് പ്രസിഡന്റ് (1947), ഇംഗ്ലണ്ടിലേക്കു പോയ സ്റ്റെര്‍ലിങ് ബാലന്‍സ് ഡെലിഗേഷനിലെ അംഗം (1948), ഇന്ത്യന്‍ സ്റ്റേറ്റ്സിന്റെ ഫൈനാന്‍സ് എന്‍ക്വയറി കമ്മിഷന്‍ അംഗം (1949), പ്ലാനിങ് കമ്മിഷന്‍ അംഗം (1950), പ്ലാനിങ് കമ്മിഷന്റെ വൈസ്ചെയര്‍മാന്‍ (1953) എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഗീതം, സാഹിത്യം, പുരാവസ്തു ഗവേഷണം മുതലായവയില്‍ തത്പരനായിരുന്ന ഇദ്ദേഹം 1964 ഫെ. 13-ന് മദ്രാസില്‍ അന്തരിച്ചു

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍