This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണഭാഗവതര്‍, തഞ്ചാവൂര്‍ (1847 - 1903)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണഭാഗവതര്‍, തഞ്ചാവൂര്‍ (1847 - 1903)

'ആധുനിക കഥാകാലക്ഷേപത്തിന്റെ പിതാവ്' എന്ന് അറിയപ്പെടുന്ന സംഗീതവിദ്വാന്‍. 1847-ല്‍ തഞ്ചാവൂരില്‍ ജനിച്ച ഇദ്ദേഹം കൌമാരകാലത്തുതന്നെ സംഗീതത്തില്‍ അഭിനിവേശം പ്രകടിപ്പിച്ചിരുന്നു. പ്രശസ്തരും പ്രതിഭാശാലികളുമായ സംഗീതജ്ഞരുമായി ബന്ധം സ്ഥാപിക്കുകയും അവരുടെ സഹായത്തോടെ സംഗീതം അഭ്യസിക്കുകയും ചെയ്ത കൃഷ്ണഭാഗവതര്‍, വയലിന്‍, മൃദംഗം എന്നിവയിലും തന്റെ പാടവം തെളിയിച്ചിരുന്നു. ത്യാഗരാജസ്വാമികളുടെ പ്രധാന ശിഷ്യന്മാരില്‍ ഒരാളായ തില്ലസ്ഥാനം രാമയ്യങ്കാരില്‍ നിന്നും ശുദ്ധമായ സമ്പ്രദായത്തില്‍ ത്യാഗരാജകൃതികള്‍ പഠിച്ച ഇദ്ദേഹം ഭരതമുനിയുടെ നാട്യശാസ്ത്രത്തിലും അഗാധമായ അറിവുനേടിയിരുന്നു. തമിഴ്, സംസ്കൃതം, മറാഠി, തെലുഗു, ഹിന്ദുസ്ഥാനി എന്നീ ഭാഷകളില്‍ പണ്ഡിതനായിരുന്ന കൃഷ്ണഭാഗവതര്‍, കഥാകാലക്ഷേപരംഗത്ത് അതിവേഗം പ്രശസ്തനായിത്തീര്‍ന്നു. കഥാകാലക്ഷേപത്തിന്റെ തെക്കന്‍ശൈലിയും വടക്കന്‍ശൈലിയും തന്റെ കലാപ്രകടനങ്ങളില്‍ മനോരഞ്ജകമായി സമന്വയിപ്പിക്കുവാന്‍ ഭാഗവതര്‍ക്കു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ സംഗീതം ശ്രുതിശുദ്ധവും കഥാകാലക്ഷേപവും പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും ഒരുപോലെ ആസ്വാദ്യവുമായിരുന്നു. ഗോപാലകൃഷ്ണ ഭാരതിയുടെ വിഖ്യാതമായ നന്തനാര്‍ ചരിത്രം ഇദ്ദേഹം കഥാകാലക്ഷേപമായി അവതരിപ്പിച്ചിട്ടുണ്ട്. 1903-ല്‍ ഇദ്ദേഹം അന്തരിച്ചു.

(പി. രവികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍