This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപ്പിഷാരൊടി, ആറ്റൂര്‍ (1875 - 64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണപ്പിഷാരൊടി, ആറ്റൂര്‍ (1875 - 64)

ആറ്റൂര്‍ കൃഷ്ണപ്പിഷാരൊടി

ഗവേഷകനും സംഗീതജ്ഞനുമായ മലയാളസാഹിത്യകാരന്‍. 1875 സെപ്തംബറില്‍ വെള്ളാറ്റഞ്ഞൂര് വടക്കേടത്തു നാരായണന്‍ നമ്പൂതിരിയുടെയും പാപ്പിക്കുട്ടിപ്പിഷാരസ്യാരുടെയും മകനായി ജനിച്ചു. സ്വഗൃഹത്തില്‍ വച്ചു പഴയ രീതിയില്‍ എഴുത്തും വായനയും കണക്കും പഠിച്ചു. കിള്ളിക്കുറിശ്ശിമംഗലത്തെ ആറ്റൂര്‍ പിഷാരത്തു താമസിച്ച് മേലേടത്തു രാമുണ്ണിനമ്പ്യാരില്‍ നിന്ന് സംസ്കൃത കാവ്യങ്ങളും വേങ്ങേരി വാസുദേവന്‍നമ്പൂതിരിയില്‍ നിന്ന് മുക്താവലിയെന്ന തര്‍ക്കശാസ്ത്രഗ്രന്ഥവും വ്യാകരണവും പഠിച്ച ഇദ്ദേഹം പതിനാലാം വയസ്സില്‍ അമ്മാവനായ കൃഷ്ണപ്പിഷാരൊടിയോടൊപ്പം നാട്ടുകാര്യസ്ഥതയില്‍ പ്രവേശിച്ച് ആധാരമെഴുത്തും മറ്റും ശീലിച്ചിരുന്നു. 18-ാം വയസ്സില്‍ കൊടുങ്ങല്ലൂര്‍ ഭട്ടന്‍ തമ്പുരാന്റെ കീഴില്‍ നാലു കൊല്ലം ന്യായശാസ്ത്രത്തിലും ഇതര ശാസ്ത്രങ്ങളിലും അറിവു നേടി.

22-ാം വയസ്സുമുതല്‍ വിവിധ സ്ഥലങ്ങളില്‍ ന്യായശാസ്ത്രം പഠിപ്പിച്ചു. ആലത്തൂര്‍ ഹൈസ്കൂള്‍, തൃശൂര്‍ ഭാരതവിലാസം പ്രസ്സ്, തൃശൂര്‍ സര്‍ക്കാര്‍ ഹൈസ്കൂള്‍, മംഗളോദയം മാസിക, തിരുവനന്തപുരം രാജകീയ കലാലയം എന്നിവിടങ്ങളില്‍ അധ്യാപകനായും പ്രസാധകനായും സേവനമനുഷ്ഠിച്ചിട്ടുള്ള ആറ്റൂര്‍ കൃഷ്ണപ്പിഷാരൊടി, ചിത്തിരതിരുനാള്‍ രാജാവിന്റെ ട്യൂട്ടര്‍ കൂടിയായിരുന്നു.

ലീലാതിലകം, ശാകുന്തളം എന്നിവയുടെ തര്‍ജുമ, ഉണ്ണുനീലിസന്ദേശം, അംബരീഷചരിതം ആട്ടക്കഥ എന്നിവയുടെ വ്യാഖ്യാനം, ധീരവ്രതമെന്ന ഗദ്യനാടകം, ഭാഷാദര്‍പ്പണമെന്ന അലങ്കാര ഗ്രന്ഥം, കേരളകഥ എന്ന ചരിത്ര കഥാ സമാഹാരം (രണ്ടു ഭാഗം), കേരളചരിത്രകഥകളെ അവലംബിച്ചു നിര്‍മിച്ചിട്ടുള്ള മൂന്നു സംസ്കൃത നാടകങ്ങള്‍ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

സംസ്കൃതത്തില്‍ സൂത്രങ്ങളും മലയാളത്തില്‍ വിസ്തൃത വിവരണവും ഉള്‍ക്കൊള്ളുന്ന സംഗീത ചന്ദ്രിക രചിക്കുകയും അതിലെ അവസാനത്തില്‍ 443 രാഗങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുള്ള ഇദ്ദേഹത്തിന് വിദ്വത്സദസ്സുകളില്‍ വച്ച് ധാരാളം പ്രശംസാപത്രങ്ങളും കീര്‍ത്തിമുദ്രകളും ലഭിച്ചിട്ടുണ്ട്. 1956-ല്‍ തൃപ്പൂണിത്തുറ പണ്ഡിത സദസ്സില്‍വച്ച് ദര്‍ശന കലാനിധി കൊച്ചി രാജാവ് പരീക്ഷിത്തു തമ്പുരാന്‍, സംഗീതചന്ദ്രികയെ അഭിനന്ദിച്ചുകൊണ്ട് ആറ്റൂരിന് ഒരു 'വീരശൃംഖല' സമ്മാനിക്കുകയുണ്ടായി.

1964 ജൂണ്‍ 5-നു (1139 ഇടവം. 23) തൃശൂരില്‍ വച്ച് ആറ്റൂര്‍ കൃഷ്ണപ്പിഷാരൊടി അന്തരിച്ചു.

ആറ്റൂര്‍ ശേഖരിച്ചിരുന്ന താളിയോലഗ്രന്ഥങ്ങളും സംസ്കൃതത്തിലും മലയാളത്തിലുമുള്ള വിലപ്പെട്ട പുസ്തകങ്ങളും കേരളസാഹിത്യ അക്കാദമിയുടെ അയ്യന്തോളിലുള്ള അപ്പന്‍തമ്പുരാന്‍ സ്മാരക മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

(പ്രൊഫ. കെ.പി. നാരായണപ്പിഷാരൊടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍