This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപിള്ള, നാലാങ്കല്‍ (1910 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:31, 30 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൃഷ്ണപിള്ള, നാലാങ്കല്‍ (1910 - 91)

നാലാങ്കല്‍ കൃഷ്ണപിള്ള

മലയാള സാഹിത്യകാരന്‍. കോട്ടയത്തിനടുത്ത് ഒളശ്ശയില്‍ നാലാങ്കല്‍ തറവാട്ടില്‍ 1910 സെപ്. 15-ന് ജനിച്ചു. കാരാപ്പുഴ അറയ്ക്കല്‍ കേശവപിള്ളയാണ് പിതാവ്; അമ്മ ജാനകിക്കുട്ടിഅമ്മ. കോട്ടയം സി.എം.എസ്. ഹൈസ്കൂള്‍, സി,എം.എസ്. കോളജ്, തിരുവനന്തപുരം ആര്‍ട്സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1933-ല്‍ ഒന്നാം റാങ്കോടെ എം.എ. (ചരിത്രം) പാസ്സായി. തുടര്‍ന്ന് തിരുവനന്തപുരം ട്രെയിനിങ് കോളജില്‍ നിന്ന് എല്‍.റ്റി. പരീക്ഷയും ഒന്നാം ക്ലാസ്സില്‍ ജയിച്ചു സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. വിവിധ സ്ഥലങ്ങളില്‍ സ്കൂള്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുള്ള കൃഷ്ണപിള്ള കുറേക്കാലം ഗവ. കോളജില്‍ ലക്ചറര്‍ ആയി ജോലി ചെയ്തിരുന്നു. ഡി.ഇ.ഒ., റീജിണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം 1965 സെപ്. 1-ന് ഔദ്യോഗികസേവനത്തില്‍ നിന്നും വിരമിച്ചു. ആത്മനിയോഗത്തിന്റെ ഭാഷ്യകാരന്‍ എന്നു വിശേഷിപ്പിക്കാവുന്ന കൃഷ്ണപിള്ള ലക്ഷണമൊത്ത അസംഖ്യം ഭാവഗീതങ്ങള്‍ രചിച്ചിട്ടുണ്ട്. ഒരു കവി എന്നനിലയിലാണ് ഏറെ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളതതെങ്കിലും ജീവചരിത്രക്കാരന്‍, പ്രബന്ധകാരന്‍ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. കവിത, ജീവചരിത്രം, പ്രബന്ധങ്ങള്‍ എന്നീ ഇനങ്ങളിലായി 25-ലധികം കൃതികളുടെ കര്‍ത്താവാണ് ഇദ്ദേഹം. രാഗതരംഗം, ശോകമുദ്ര, വസന്തകാന്തി, രത്നകങ്കണം, കൃഷ്ണതുളസി, ആമ്പല്‍പ്പൊയ്ക, പൂക്കൂട, പ്രിയദര്‍ശിനി, സൗഗന്ധികം, ഡിസംബറിലെ മഞ്ഞുതുള്ളികള്‍ തുടങ്ങി 12-ലധികം കവിതാസമാഹാരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രപംക്തി, ലോകചരിത്ര സംഗ്രഹം (മൂന്നുഭാഗങ്ങള്‍), ഇന്ത്യാ ചരിത്രം, പണ്ഡിറ്റ് നെഹ്റു, സ്റ്റാലിന്‍, ശ്രീകൃഷ്ണന്‍, ഗള്ളിവറുടെ സഞ്ചാരകഥകള്‍ തുടങ്ങിയവയാണു പ്രധാന ഗ്രന്ഥങ്ങള്‍.

ഭാരതത്തിലെ മഹാക്ഷേത്രങ്ങളെ ഒരു ഭക്തന്റെ പാരവശ്യത്തോടുകൂടി കാവ്യാത്മകമായ ഗദ്യശൈലിയില്‍ പരിചയപ്പെടുത്തുന്നതാണ് നാലാങ്കലിന്റെ മഹാക്ഷേത്രങ്ങള്‍ക്കു മുമ്പില്‍ എന്ന ഗ്രന്ഥം. 1972-ല്‍ ഇതിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അവാര്‍ഡ് ലഭിക്കുകയുണ്ടായി. കൃഷ്ണതുളസി ഓടക്കുഴല്‍ അവാര്‍ഡും, ഡിസംബറിലെ മഞ്ഞുതുള്ളികള്‍ സാഹിത്യ അക്കാദമി അവാര്‍ഡും നേടിയ കവിതസമാഹരാങ്ങളാണ്. 1991 ജൂലെ 2- ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍