This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപിള്ള, സി. (1851 - 1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണപിള്ള, സി. (1851 - 1916)

നായര്‍ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമുദായിക പ്രവര്‍ത്തകന്‍. തിരുവനന്തപുരം താലൂക്കില്‍ പട്ടത്ത് ലക്ഷ്മി അമ്മയുടെയും കരമന പദ്മനാഭപിള്ളയുടെയും മകനായി കൊ.വ. 1027-ാമാണ്ടു വൃശ്ചികമാസത്തില്‍ (1851) ജനിച്ചു.

1875-ല്‍ ബി.എ. പാസായ കൃഷ്ണപിള്ള, കോളജ് വിദ്യാഭ്യാസകാലത്തുതന്നെ നായര്‍സമുദായത്തില്‍ അന്നു നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും അധഃപതനത്തിനും എതിരെ പ്രവര്‍ത്തനമാരംഭിച്ചു.

വിവാഹാനന്തരം ഇദ്ദേഹം ചാല മലയാളം സ്കൂള്‍ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും നാലു വര്‍ഷം ആ ഉദ്യോഗത്തില്‍ തുടരുകയും ചെയ്തു. കെട്ടുകല്യാണം മുതലായവ നടത്തരുതെന്ന് വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കന്മാരെ ഉപദേശിക്കുകയും തന്റെ സാമൂഹിക പരിഷ്കരണലക്ഷ്യങ്ങള്‍ ക്രമേണ പ്രായോഗികമാക്കാന്‍ യത്നിച്ചുതുടങ്ങുകയും ചെയ്ത ഇദ്ദേഹം ഔദ്യോഗികജീവിതത്തിലുടനീളം തന്റെ അനാചാരധ്വംസന പരിപാടി നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടിരുന്നു.

1884-ല്‍ മലയാളിസഭയുടെ കാര്യദര്‍ശിപദം ഏറ്റെടുത്തതോടെ കൃഷ്ണപിള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ വിദ്വേഷത്തിന് നിരന്തരം പാത്രമായി. മലയാളി മെമ്മോറിയല്‍ സമര്‍പ്പണത്തിന് ഇദ്ദേഹം അക്ഷീണം യത്നിച്ചു.

നായന്മാര്‍ ശൂദ്രരല്ല എന്ന ബോധം സമുദായാംഗങ്ങള്‍ക്കുണ്ടാക്കാന്‍ കൃഷ്ണപിള്ള ശ്രമിച്ചു. ജാതിനാമം 'നായര്‍' എന്നു രേഖപ്പെടുത്താന്‍ നിര്‍ദേശം നല്കുകയും നായര്‍ സ്ത്രീകള്‍ പേരിനോടൊപ്പം 'അമ്മ' എന്നുകൂടി ചേര്‍ക്കണമെന്നും നിര്‍ദേശിക്കുകയും ചെയ്തു. ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ഉത്സവകാലങ്ങളില്‍ നായര്‍ സ്ത്രീകള്‍ മാറുമറയ്ക്കാതെ വിളക്കെടുത്തുകൊണ്ടു പോകുന്ന അപരിഷ്കൃതമായ ഏര്‍പ്പാടു നിര്‍ത്തല്‍ ചെയ്യിക്കാന്‍ ഇദ്ദേഹം പരിശ്രമിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും സുഭാഷിണി പി.കെ. ഗോവിന്ദപ്പിള്ളയും മറ്റും ഇദ്ദേഹത്തെ ശക്തിയായി പിന്താങ്ങി. അങ്ങനെ ആ ഹീനമായ കീഴ്വഴക്കം അവസാനിച്ചു. എല്ലാ ജാതിക്കാര്‍ക്കും പ്രവേശിക്കത്തക്ക സ്ഥലത്തേക്കു തിരുവനന്തപുരം സംസ്കൃത കോളജ് മാറ്റാന്‍ കഠിനയത്നം ചെയ്തു. ചെട്ടികുളങ്ങരയിലെ കുതിരകെട്ടു നിര്‍ത്താനും നായര്‍ സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ ഇല്ലാതാക്കാനും ഇദ്ദേഹം ശ്രമിച്ചിരുന്നു.

1903-ല്‍ തിരുവനന്തപുരത്ത് കൃഷ്ണപിള്ളയുടെ കാര്യദര്‍ശിത്വത്തില്‍ 'തിരുവിതാംകൂര്‍ നായര്‍ സമാജം' സ്ഥാപിതമായി. പിന്നീട് (1905) ഇതിന്റെ പേര് 'കേരളീയ നായര്‍ സമാജം' എന്നാക്കി മാറ്റുകയുണ്ടായി.

ദിവാന്‍ രാജഗോപാലാചാരിയുടെ കാലത്തു ശ്രീമൂലം പ്രജാസഭയിലേക്കു കേരളീയ നായര്‍ സമാജത്തിന്റെ പ്രതിനിധിയായി കൃഷ്ണപിള്ളയെ സര്‍ക്കാര്‍ നോമിനേറ്റു ചെയ്തു. ഇദ്ദേഹത്തിന്റെ നിവേദനമനുസരിച്ചു കൊ.വ. 1088-ലെ നായര്‍ റെഗുലേഷന് അടിസ്ഥാനമിട്ടു.

1911-ല്‍ 'കേരളീയ നായര്‍ സമാജം' കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അടുത്തവര്‍ഷം കൃഷ്ണപിള്ള സമാജാധ്യക്ഷനും, സി.വി. രാമന്‍പിള്ള കാര്യദര്‍ശിയുമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1916-ല്‍ സംഘടനയ്ക്കുള്ളിലെ അഭിപ്രായഭിന്നതകളെ തുടര്‍ന്ന് ഇദ്ദേഹം സമാജം ഉപേക്ഷിച്ച് പുറത്തുവന്നു. തുടര്‍ന്ന് നായര്‍ സര്‍വീസ് സൊസൈറ്റി അംഗങ്ങളില്‍ ചിലരും കൃഷ്ണപിള്ളയും ചേര്‍ന്നു 'സമസ്ത കേരളീയ നായര്‍ സമാജം' എന്ന പേരില്‍ ഒരു സമാജത്തിനു രൂപംനല്‍കി പ്രവര്‍ത്തനമാരംഭിച്ചു. 1916 ജൂല. 8-ന് ഇദ്ദേഹം അന്തരിച്ചു.

(വി.ആര്‍. പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍