This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപിള്ള, ചങ്ങമ്പുഴ (1911 - 48)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണപിള്ള, ചങ്ങമ്പുഴ (1911 - 48)

ചങ്ങമ്പുഴ കൃഷ്ണപിള്ള

കാല്പനികപ്രസ്ഥാനത്തിലെ പ്രമുഖനായ ആധുനിക മലയാള കവി. എറണാകുളത്തിനടുത്ത്, മട്ടാഞ്ചേരിയില്‍ തെക്കേടത്തു വീട്ടില്‍ നാരായണമേനോന്റെയും ഇടപ്പള്ളിയില്‍ ചങ്ങമ്പുഴവീട്ടില്‍ പാറുക്കുട്ടി അമ്മയുടെയും മകനായി 1911 ഒ. 11-ന് ജനിച്ചു. (ജനനത്തീയതിയെ സംബന്ധിച്ച് 1913 ഒ. 10, 1912 ഒ.10 എന്നിങ്ങനെ വിഭിന്നാഭിപ്രായമുണ്ട്). ദാരിദ്ര്യം നിമിത്തം ചങ്ങമ്പുഴയുടെ ബാല്യകാല വിദ്യാഭ്യാസം പോലും ക്ലേശകരമായിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസം ആലുവയിലും എറണാകുളത്തുമായി പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ് കോളജില്‍നിന്നും ഇന്റര്‍മീഡിയറ്റു പരീക്ഷ പാസായി. പിന്നീട് തിരുവനന്തപുരം ആര്‍ട്സ് കോളജില്‍നിന്നു മലയാളഭാഷയും സാഹിത്യവും ഐച്ഛികമായെടുത്തു ബി.എ. ഓണേഴ്സ് ബിരുദം നേടി. ഇദ്ദേഹത്തിനു ലഭിച്ച മൂന്നാംക്ലാസ് ബിരുദം ഉദ്യോഗമൊന്നും നേടിക്കൊടുക്കാന്‍ സഹായകമായില്ല. കടുത്ത സാമ്പത്തിക പരാധീനതയില്‍ നിന്നും മോചനം നേടാന്‍ വേണ്ടി മിലിട്ടറി അക്കൗണ്ട്സ് ഡിപ്പാര്‍ട്ടുമെന്റില്‍ പൂണെയിലും കൊച്ചിയിലും രണ്ടു കൊല്ലക്കാലം ജോലിനോക്കി. തുടര്‍ന്ന് ജോലി രാജിവച്ചു മദിരാശി ലാ കോളജില്‍ ചേര്‍ന്നുവെങ്കിലും പഠിത്തം മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ ചങ്ങമ്പുഴ എസ്.കെ. ശ്രീദേവി അമ്മയെ വിവാഹം ചെയ്തു.

കൗമാരകാലം മുതല്ക്കേ ഇദ്ദേഹത്തിന്റെ കാവ്യജീവിതവും ആരംഭിച്ചു. ജീവിതാനുഭവങ്ങളുടെ ഊഷ്മളതയും ഗ്രാമീണ സൗന്ദര്യത്തിന്റെ സ്വാധീനതയുമാണു ചങ്ങമ്പുഴയുടെ നൈസര്‍ഗികവാസനയെ ഉദ്ദീപിപ്പിച്ചത്. 'ഞാന്‍ പലപ്പോഴും കവിത എഴുതിയിട്ടുണ്ട്; ചിലപ്പോള്‍ കവിത എഴുതിപ്പോയിട്ടുണ്ട്. ഇവയില്‍ രണ്ടാമത്തേതു സംഭവിച്ചിട്ടുള്ള അവസരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ മറന്നിരുന്നു' എന്ന് സുധാംഗദയുടെ മുഖവുരയില്‍ സ്വയം രേഖപ്പെടുത്തിയ അഭിപ്രായം ഇദ്ദേഹത്തിന്റെ കാവ്യരചനാസമ്പ്രദായത്തിന്റെ സ്വഭാവം സൂചിപ്പിക്കുന്നു.

ഇരുപതു കവിതകളുടെ സമാഹാരമായ ലീലാങ്കണം എന്ന പ്രഥമ കൃതി അപ്രകാശിതമാണ്. 1931-നു മുമ്പ് എഴുതപ്പെട്ടവയാണ് അതിലെ കവിതകള്‍. ബാഷ്പാഞ്ജലിയാണ് പ്രസിദ്ധീകൃതമായ ആദ്യകൃതി. 17 വയസ്സു മുതല്‍ 21 വയസ്സുവരെയുള്ള കാലത്തിനിടയില്‍ രചിക്കപ്പെട്ടവയാണ് ഇതിലെ കവിതകള്‍. തുടര്‍ന്നു രമണന്‍ രചിക്കുന്നതുവരെയുള്ള കാലം ചങ്ങമ്പുഴയുടെ കാവ്യജീവിതത്തിന്റെ ആദ്യഭാഗമാണ്.

ചങ്ങമ്പുഴയുടെ പ്രസിദ്ധി അത്യുച്ചകോടിയിലെത്തിയതു രമണന്റെ രചനയോടുകൂടിയാണ്. 25-ാമത്തെ വയസ്സിലാണു ചങ്ങമ്പുഴ ഈ കൃതി രചിച്ചത്. 35 വയസ്സുവരെയുള്ള ജീവിതകാലത്തിനിടയില്‍ ഇദ്ദേഹം 45-ലധികം പദ്യസമാഹാരങ്ങളും ഒട്ടേറെ ചെറുകവിതകളും ഉള്‍ക്കൊള്ളുന്ന വൈവിധ്യപൂര്‍ണമായ സാഹിത്യ സംഭാവന മലയാളികള്‍ക്കു സമര്‍പ്പിച്ചു. ഗ്രാമീണകാവ്യം, ആഖ്യാനകാവ്യങ്ങള്‍, ഭാവഗീതങ്ങള്‍, പരിഭാഷകള്‍, വിപ്ലവഗീതങ്ങള്‍, കലാസംബന്ധിയായ കവിതകള്‍, ഗദ്യകൃതികള്‍ എന്നിങ്ങനെ ഈ സംഭാവനകളെ തരംതിരിക്കാം.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൈയെഴുത്ത്

പ്രസിദ്ധ കൃതിയായ രമണന്‍ ഗ്രാമീണകാവ്യങ്ങളുടെ വിഭാഗത്തില്‍പ്പെടുന്നു. പാശ്ചാത്യസാഹിത്യത്തില്‍ സുപ്രതിഷ്ഠിതമായ ഗ്രാമീണകാവ്യ (pastoral poems) ങ്ങളുടെ രീതിയിലാണ് ഇതിന്റെ രചന. ഇംഗ്ലീഷ് കവിയായ സ്പെന്‍സറുടെ ഷെപ്പേര്‍ഡ്സ് കലണ്ടര്‍ (Shepherd's Calendar) എന്ന കൃതി ഈ രചനാരീതിക്കു മാതൃകയായിത്തീര്‍ന്നിട്ടുണ്ട്. ജീവിതത്തിലും സാഹിത്യത്തിലും കളിത്തോഴനായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആകസ്മികമായ മരണം സൃഷ്ടിച്ച ആഘാതമാണ് രമണന്‍ രചിക്കുന്നതിനു പ്രചോദനമേകിയത്. മലയാളത്തില്‍ ഏറ്റവുമധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടിട്ടുള്ള കൃതിയും രമണന്‍ തന്നെ. നോ. രമണന്‍

ആഖ്യാന കാവ്യങ്ങള്‍ എന്ന വിഭാഗത്തില്‍ വാഴക്കുല, യവനിക, വത്സല, ദേവത, മോഹിനി, മാനസേശ്വരി, മഗ്ദലനമോഹിനി, ആരാധകന്‍ എന്നീ കൃതികളെ ഉള്‍പ്പെടുത്താം. രമണന്‍ കഴിഞ്ഞാല്‍ ജനപ്രീതിയാര്‍ജിച്ച മറ്റൊരു കവിത വാഴക്കുല ആണ്. സാധാരണക്കാരന്റെ ഭഗ്നമോഹങ്ങളുടെ സങ്കീര്‍ത്തനമാണ് ഈ കവിത. വ്യക്തി ദുഃഖങ്ങളുടെ ഗായകനായിരുന്ന ചങ്ങമ്പുഴ വാഴക്കുലയിലൂടെ സാമൂഹിക ദുഃഖത്തിന്റെ ശ്രദ്ധേയനായ പ്രചാരകനായി മാറി.

ഭാവഗീതങ്ങളുടെ വിഭാഗത്തില്‍പ്പെടുന്ന 350-ഓളം കവിതകള്‍ ചങ്ങമ്പുഴയുടേതായിട്ടുണ്ട്. സങ്കല്പകാന്തി എന്ന കവിതാസമാഹാരത്തിന്റെ അവതാരികയില്‍ ഈ പ്രസ്ഥാനത്തെപ്പറ്റി സവിസ്തരം, പണ്ഡിതോചിതമായി ചങ്ങമ്പുഴതന്നെ വിവരിച്ചിട്ടുണ്ട്. പാശ്ചാത്യകവിതകളുമായുള്ള നിരന്തരസമ്പര്‍ക്കവും പാശ്ചാത്യസാഹിത്യത്തിലുള്ള ആഴമേറിയ പരിജ്ഞാനവും ചങ്ങമ്പുഴയെ, ഈ മണ്ഡലത്തില്‍ വിശ്രുതനാക്കിത്തീര്‍ത്തു. വികാരങ്ങള്‍ ശ്വാസംമുട്ടി ബഹിര്‍ഗമിക്കുമ്പോള്‍ വിഭിന്നരീതിയിലുള്ള ഭാവഗീതങ്ങളായിത്തീര്‍ന്നവയാണു ചങ്ങമ്പുഴയുടെ ഈ കവിതാഖണ്ഡങ്ങള്‍. അവ കര്‍ത്തൃനിഷ്ഠങ്ങളായ സ്വച്ഛന്ദഗീതങ്ങളാണ്.

ഇതരസാഹിത്യത്തില്‍ ശാശ്വതപ്രതിഷ്ഠയാര്‍ജിച്ച കൃതികളെയും കാവ്യസമ്പ്രദായങ്ങളെയും മലയാളത്തിലാവിഷ്കരിക്കാന്‍ ചങ്ങമ്പുഴ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഉദാത്തങ്ങളായ ചില കൃതികള്‍ മലയാളത്തിനു ലഭിച്ചു. സോളമന്റെ 'സോങ് ഒഫ് സോങ്സ്' (songs of songs) ദിവ്യഗീത എന്ന പേരിലും, ആല്‍ഫ്രഡ് ടെന്നിസന്റെ ഈനോണ്‍ (Enone) എന്ന കവിത സുധാംഗദ എന്ന പേരിലും, സംസ്കൃതത്തിലെ മഹോന്നത കൃതിയായ ജയദേവന്റെ ഗീതഗോവിന്ദം, ദേവഗീത എന്ന പേരിലും ഇദ്ദേഹം പരിഭാഷപ്പെടുത്തി. തര്‍ജുമക്കാരന്റെ സ്വാതന്ത്ര്യത്തോടുകൂടി മറ്റുചില ആംഗല കഥകളും കവിതകളും നാടകങ്ങളും ചങ്ങമ്പുഴ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്.

രക്തപുഷ്പങ്ങള്‍ എന്ന കാവ്യസമാഹാരത്തിലെ പല കവിതകളും സാമൂഹികാനീതികളുടെ നേര്‍ക്കുള്ള രൂക്ഷമായ കടന്നാക്രമണമാണ്. ഇതിലെ വാഴക്കുല, ആ കൊടുങ്കാറ്റ്, കൊടുങ്കാറ്റു കഴിഞ്ഞ്, ചുട്ടെരിക്കിന്‍, നവവര്‍ഷനാന്ദി എന്നീ കവിതകളില്‍ ഈ കടന്നാക്രമണം ദൃശ്യമാണ്. രമണന്റെ ഒടുവിലത്തെ ഭാഗങ്ങളിലും ധര്‍മരോഷത്തിന്റെ അലയൊലി കേള്‍ക്കാം.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പ്രതിമ-ഇടപ്പള്ളി

കലാകാരനെന്ന നിലയില്‍ തനിക്കുള്ള ആശയാഭിലാഷങ്ങളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടും സാഹിത്യ ധര്‍മത്തെ വിശകലനം ചെയ്തുകൊണ്ടും ചങ്ങമ്പുഴ രചിച്ചിട്ടുള്ള കവിതകളാണ് കാളിദാസന്‍, ടാഗോര്‍, കുമാരനാശാന്‍, എന്റെ കവിത, ഇന്നത്തെ കവിത എന്നിവ. യവനികയിലെ ശേഖരനും ആരാധകനിലെ സോമനും കലാസപര്യയുടെ ഭാവഗരിമയില്‍ നിലനില്‍ക്കുന്നവരാണ്.

കളിത്തോഴി എന്ന ഒരു നോവല്‍ ഉള്‍പ്പെടെ 15-ഓളം ഗദ്യ കൃതികള്‍ ചങ്ങമ്പുഴ രചിച്ചിട്ടുണ്ട്. കളിത്തോഴി നോവല്‍പ്രസ്ഥാനത്തിലെ മികച്ച ഒരു നേട്ടമല്ലെങ്കില്‍പ്പോലും കവിയുടെ മുഖമുദ്രയായ വികാരപരത ഈ കൃതിയെ ആദ്യന്തം ഹൃദയസ്പൃക്കാക്കിയിട്ടുണ്ട്. തുടിക്കുന്ന താളുകള്‍ എന്ന കൃതിയെ ആത്മകഥാപരമെന്നു വിശേഷിപ്പിക്കാം. സങ്കല്പകാന്തി, രക്തപുഷ്പങ്ങള്‍ എന്നീ കാവ്യസമാഹരങ്ങളുടെ പ്രസ്താവനക്കുറിപ്പുകള്‍ ചങ്ങമ്പുഴയിലെ പണ്ഡിതനായ നിരൂപകനെ കാണിച്ചു തരുന്നു.

നര്‍മരസം പൊഴിച്ച് അനുവാചകനെ ചിരിപ്പിക്കാന്‍പ്പോരുന്ന ഒരു മനോഭാവം ചങ്ങമ്പുഴയ്ക്കു പൊതുവേ ഉണ്ടായിരുന്നില്ല. കരയുകയും കരയിക്കുകയുമായിരുന്നു അദ്ദേഹത്തിനു പഥ്യം. എങ്കിലും കല്യാണബോംബ്','വാളും കത്തിയും', 'എങ്ങനെയോ അങ്ങിനെ എന്നീ കവിതകള്‍ ഹാസ്യാത്മകങ്ങളാണ്. ക്രൂരപരിഹാസത്തിന്റെ ആവരണമണിഞ്ഞ ഒരു കവിതയാണ് പാടുന്ന പിശാച്'. ഇതില്‍ സാഹിത്യകാരന്മാര്‍, രാഷ്ട്രീയക്കാര്‍ എന്നിവരെയൊക്കെ കണക്കിനു പരിഹസിക്കുന്നുണ്ട്.

ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മൃതിമണ്ഡപം

'പ്രേമഗായകന്‍ എന്ന വിശേഷണം ശരിയായ അര്‍ഥത്തില്‍ യോജിക്കുന്നതു ചങ്ങമ്പുഴയ്ക്കാണ്. പ്രേമത്തോടു ബന്ധപ്പെടാത്ത ഒരു വികാരവും ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നില്ല. എഴുതിയതില്‍ ഏറിയ പങ്കും പ്രേമത്തെപ്പറ്റിത്തന്നെ. അതില്‍ ലൗകികവും അലൗകികവും ഉള്‍പ്പെടും. 'ചങ്ങമ്പുഴക്കവിതകളില്‍ അവിടവിടെക്കാണുന്ന പ്രേമഗാനങ്ങള്‍ സമാഹരിച്ചാല്‍ മലയാളത്തിലെ ഏറ്റവും നല്ല പ്രേമകവിതയായിരിക്കും ഫലം' എന്ന് എ. ബാലകൃഷ്ണപിള്ള പ്രസ്താവിച്ചിട്ടുണ്ട്. ലോലമോഹനവും സ്നിഗ്ധമധുരവുമായ പ്രേമഭാവനകളാല്‍ സമൃദ്ധമാണ് ഇദ്ദേഹത്തിന്റെ എല്ലാ കൃതികളും. ഒരു പക്ഷേ നിയന്ത്രണമില്ലാത്ത ഈ പ്രേമാഭിമുഖ്യമാകാം ചങ്ങമ്പുഴയെ നിരാശയിലേക്കും മരണത്തിലേക്കും നയിച്ചത്. തന്നെ ഒഴിയാബാധപോലെ പിടികൂടിയിട്ടുള്ള പ്രേമത്തിന്റെ മടുപ്പ് പലപ്പോഴും ഇദ്ദേഹം പ്രകടിപ്പിച്ചിട്ടുമുണ്ട്.

പക്ഷേ ഒരിക്കല്‍പ്പോലും ഇദ്ദേഹം പ്രേമസങ്കല്പത്തില്‍ നിന്നും മുക്തനായിരുന്നില്ല. യവനിക, വത്സല, മോഹിനി, ദേവത, രമണന്‍, മാനസേശ്വരി, ആരാധകന്‍ ഇവയെല്ലാം പ്രേമാവിഷ്കാരപ്രധാനങ്ങളായ കവിതകളാണ്. ഇദ്ദേഹം പരിഭാഷപ്പെടുത്തിയ നാലു പ്രധാന കൃതികളും പ്രേമസംബന്ധിയായിരുന്നു. ഇതില്‍ നിന്നും ചങ്ങമ്പുഴയ്ക്ക് പ്രേമത്തോടുള്ള അദമ്യവും തീക്ഷ്ണവുമായ ആഭിമുഖ്യം വ്യക്തമാകുന്നു.

സ്ത്രീയെ അവളുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തോടെ വാചാലമായി അവതരിപ്പിക്കാന്‍ പ്രത്യേക ചാതുര്യമുണ്ടായിരുന്നു ചങ്ങമ്പുഴയ്ക്ക്. ദേവതയെപ്പോലെ ആരാധിക്കാനും പിശാചിനെപ്പോലെ നിന്ദിക്കാനും ക്ഷണനേരമേ വേണ്ടു:

"വെള്ളത്താമരപോല്‍ വിശുദ്ധിവഴിയും

സ്ത്രീചിത്തമേ, ജീവിതം -

പൊള്ളുമ്പോഴമൃതം തളിച്ചു തടവും

സല്‍സാന്ത്വനസ്വപ്നമേ,

മുള്ളേറ്റേറ്റു മുറിഞ്ഞു രക്തമൊഴുകു-

മ്പോഴും പുമാനുന്മദ -

ത്തള്ളിച്ചയ്ക്കു ചിരിച്ചിടും, സഹനതാ-

സങ്കേതമേ, വെല്‍വു നീ.

(ദേവയാനി)

എന്നു വാഴ്ത്തിയ സ്ത്രീയെക്കുറിച്ചുതന്നെയാണ്,

"വിശ്വസിച്ചീടാം വൃകത്തിനെ, പ്പാടില്ല

വിഭ്രമമേകുമി സ്ത്രീയാം മൃഗത്തിനെ

സര്‍പ്പത്തിനെക്കാള്‍ വിഷമയം ഭീകരം

ദര്‍പ്പസമ്പൂര്‍ണം - അടുക്കായ്ക നാരിയെ

(വേതാളകേളി - അപരാധികള്‍)

എന്ന് അട്ടഹസിച്ചതും.

ചങ്ങമ്പുഴക്കൃതികളുടെ മുഖമുദ്ര വിഷാദമാണ്. ജീവിതത്തില്‍ എമ്പാടും ഇദ്ദേഹത്തിനു ലഭിച്ചതു നിരാശയാണ്. ജനസമ്മതി ഉച്ചകോടിയിലെത്തിനിന്നപ്പോഴും സഞ്ജയനെപ്പോലുള്ളവരുടെ വിമര്‍ശനം ഇദ്ദേഹത്തെ തളര്‍ത്തിയിരുന്നു. സാമ്പത്തികപരാധീനത, അടിക്കടിയുണ്ടായ പ്രേമഭംഗം-ഇതെല്ലാം വിഷാദത്തിനു വേലിയേറ്റം സൃഷ്ടിച്ച ഘടകങ്ങളാണ്.

"ഹതഭാഗ്യന്‍ ഞാന്‍ പക്ഷേ കണ്ടതെല്ലാം

പരിതാപാച്ഛാദിതമായിരുന്നു,

സതതമെന്‍ കാതില്‍ പതിച്ചതെല്ലാം

കരുണതന്‍ രോദനമായിരുന്നു.

എരിയുമെന്നാത്മാവിലേറ്റതെല്ലാം

ചുടുനെടുവീര്‍പ്പുകളായിരുന്നു

(ബാഷ്പാഞ്ജലി)

എന്ന് ഇദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്. സ്ത്രൈണമായ മാനസികഭാവമായിരുന്നു ഇദ്ദേഹത്തിന്റേത്. വികാരപരത മുന്നിട്ടുനില്ക്കുന്ന ഇത്തരക്കാരില്‍ സ്വാഭാവികമായുണ്ടാകാവുന്ന വിഷാദാത്മകത ചങ്ങമ്പുഴയ്ക്കുമുണ്ടായിരുന്നു. വ്യര്‍ഥമോഹങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ പൊന്‍തിരി ഇദ്ദേഹം സൂക്ഷിച്ചിരുന്നു.

ചങ്ങമ്പുഴക്കവിതളുടെ പ്രചാരത്തിന് സജീവ സഹായമായി നിന്നത് സംഗീതാംശമാണ്. ദ്രാവിഡവൃത്തങ്ങളെ തേച്ചുമിനുക്കി നാടന്‍പാട്ടിന്റെ ശബ്ദസൗകുമാര്യത്തോടെ അവതരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഇദ്ദേഹം നടത്തിട്ടുണ്ട്. സ്വന്തമായൊരു കാവ്യശൈലി തന്നെ ചങ്ങമ്പുഴ സ്വരൂപിച്ചെടുത്തു. കേരളത്തിന്റെ ഗ്രാമഭംഗിയും പ്രകൃതിമനോഹാരിതയും ചങ്ങമ്പുഴക്കവിതകളില്‍ തത്തിക്കളിക്കുന്നു. മലയാളനാടും മലയാളഭാഷയും 'കാവ്യനര്‍ത്തകി' എന്ന കവിതയില്‍ ചിലങ്കകെട്ടിയാടുന്ന കാഴ്ച രോമാഞ്ചജനകമാണ്.

ഏകീകൃതമായ ഒരു ജീവിതാവബോധത്തിന്റെ ഫലമായുണ്ടാവുന്ന ദര്‍ശനം ചങ്ങമ്പുഴക്കവിതകളില്‍ കണ്ടെത്തുക പ്രയാസമാണ്; കണ്ടെത്തിയാല്‍ത്തന്നെ വൈരുധ്യാത്മകമെന്നു തോന്നുകയും ചെയ്യും. ചിട്ടപ്പെടുത്തല്‍ കൂടാതെ ഹൃദയാനുഭൂതികളെ ആത്മാര്‍ഥതയോടെ അവതരിപ്പിക്കുകയായിരുന്നു പതിവ്. യുവത്വത്തിന്റെ ലഹരിക്കപ്പുറം പോകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പക്വമായ ഒരു ജീവിതദര്‍ശനം ഉണ്ടാകുമായിരുന്നു. ഉത്കൃഷ്ടകവിതകളിലൊന്നായ മനസ്വിനിയില്‍പ്പോലും 'ചിന്തിപ്പിക്കുന്നതിനെക്കാളേറെ ചിരിപ്പിക്കുകയും കരയിക്കുകയും പുളകം കൊള്ളിക്കുകയും ചെയ്ത ചില നിമിഷങ്ങള്‍' ആവിഷ്കരിക്കാനാണ് ചങ്ങമ്പുഴ ശ്രമിച്ചത്.

പ്രഭാഷകനെന്ന നിലയിലും ചങ്ങമ്പുഴ ശോഭിച്ചിരുന്നു. കോട്ടയത്തുവച്ചു നടന്ന പുരോഗമനസാഹിത്യസമ്മേളനത്തില്‍ ഇദ്ദേഹം ചെയ്ത അധ്യക്ഷപ്രസംഗം ശ്രദ്ധേയമാണ്. യുവകവികളെപ്രോത്സാഹിപ്പിക്കുന്നതില്‍ ഇദ്ദേഹം പ്രത്യേക താത്പര്യം കാണിച്ചിരുന്നു. ഈ താത്പര്യം ഇടപ്പള്ളിയിലെ വളരുന്ന കവികളുടെ സെന്‍സസ് എടുക്കുവാന്‍പോലും ഇദ്ദേഹത്തെ പ്രേരിപ്പിച്ചു. 1948 ജൂണ്‍ 17-നു 37-ാമത്തെ വയസ്സില്‍ തൃശ്ശിവപ്പേരൂര്‍ മംഗളോദയം നഴ്സിങ്ഹോമില്‍വച്ച് ചങ്ങമ്പുഴ അന്തരിച്ചു.

(കെ.സി. ചന്ദ്രമോഹനന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍