This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപിള്ള, കെ.ആര്‍. (1867 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണപിള്ള, കെ.ആര്‍. (1867 - 1953)

ശാസ്ത്രസാഹിത്യകാരന്‍. 1867 ജനുവരിയില്‍ കായംകുളത്തിനടുത്തുള്ള കീരിക്കാട് തെക്കേടത്ത് കുടുംബത്തില്‍ ജനിച്ചു. താഴവന ആശാന്‍ എന്ന പണ്ഡിതന്റെ കീഴില്‍ കുറേക്കാലം സംസ്കൃതം അഭ്യസിച്ചതിനുശേഷം ഇംഗ്ലീഷ് സ്കൂളില്‍ ചേര്‍ന്നു. അതിനാല്‍ 24-ാമത്തെ വയസ്സിലേ മെട്രിക്കുലേഷന്‍ ജയിക്കാന്‍ സാധിച്ചുള്ളൂ. 28-ാമത്തെ വയസ്സില്‍ രസതന്ത്രം ഐച്ഛികമായെടുത്ത് തിരുവനന്തപുരം മഹാരാജാസ് കോളജില്‍നിന്ന് ബി.എ. പാസായി (1896). തുടര്‍ന്ന് പ്രസിദ്ധമായ 'മുന്‍ഷി രാമക്കുറുപ്പ് കോളജി'ലെ മലയാളപണ്ഡിതര്‍സ്ഥാനത്തു നിയമിതനായി. ഒരു രസതന്ത്രം ബിരുദധാരി അതിനുമുമ്പ് മലയാളപണ്ഡിതനായിട്ടില്ല. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ഏ.ആര്‍. രാജരാജവര്‍മയ്ക്കുവേണ്ടി സ്ഥാനമൊഴിയേണ്ടി വന്നു. പിന്നീട് ചാല മലയാളം ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററായി. അവിടെ നിന്ന് രജിസ്ട്രേഷന്‍ ഡയറക്ടറാഫീസ് മാനേജരായും സെക്രട്ടേറിയറ്റ് സൂപ്രണ്ടായും മറ്റും ജോലി നോക്കിയതിനുശേഷം 1918-ല്‍ ഹെഡ്ട്രാന്‍സ്ലേറ്റര്‍ എന്ന ഉദ്യോഗത്തില്‍ നിയമിക്കപ്പെട്ടു. അതോടുകൂടി കെ.ആറിന്റെ ഭാഷാപാണ്ഡിത്യം ദിവാന്‍ വരെയുള്ള ഉന്നതാധികാരികളുടെ പ്രശംസ നേടുകയുണ്ടായി.

എഴുത്തച്ഛന്‍, നമ്പ്യാര്‍, രാമപുരത്തുവാര്യര്‍, ചെറുശ്ശേരി എന്നീ പ്രാചീന കവികളെ സമതുലിതമായി മൂല്യനിര്‍ണയം ചെയ്യുന്ന പ്രബന്ധങ്ങള്‍ ആദ്യമായി എഴുതിയത് കെ.ആര്‍. ആണ്. ഇതിന്റെ ആനുഷംഗിക ഫലമാണ് ഇദ്ദേഹത്തിന്റെ വകയായി കുചേലവൃത്തത്തിനുണ്ടായ പുതിയ പ്രസാധനം. ഈ പുസ്തകത്തിന് അനേകം പതിപ്പുകള്‍ ഉണ്ടായി. ഉപന്യാസമാല, സൃഷ്ടി ചരിതം, പരിശ്രമശീലം, വിജ്ഞാനശകലങ്ങള്‍, പാശ്ചാത്യ ശാസ്ത്രവൃത്താന്തം (സ്വതന്ത്രപരിഭാഷ), നേതാജിപാല്‍ക്കര്‍ (നോവല്‍ പരിഭാഷ) എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. പ്രബന്ധങ്ങള്‍ (നാലുഭാഗം) ഉപന്യാസങ്ങളുടെ പുനഃപ്രകാശനമാണ്. സ്വച്ഛവും സമതുലിതവുമായ ശൈലി, പ്രൗഢമായ പ്രതിപാദനം എന്നിവ ഇദ്ദേഹത്തിന്റെ ഏതു രചനയിലും തെളിഞ്ഞു കാണാം. ശിഷ്യനായിരുന്ന സാഹിത്യപഞ്ചാനനന്‍, ഈ ശൈലിയെ 'മന്ദമാരുതപ്രസ്ഥാനം' എന്നു വിളിച്ചത് അന്വര്‍ഥമാണ്. ഇദ്ദേഹം സി.വി. രാമന്‍പിള്ളയുടെ അടുത്ത സുഹൃത്തായിരുന്നു. തന്റെ കൃതികള്‍, കെ.ആര്‍. കൃഷ്ണപിള്ളയെക്കൊണ്ടുകൂടി പരിശോധിപ്പിച്ചാല്‍ മാത്രമേ സി.വി.രാമന്‍പിള്ളയ്ക്ക് തികച്ചും തൃപ്തി വന്നിരുന്നുള്ളത്രെ. സി.വി. മറ്റാര്‍ക്കും ഇത്രയും സ്വാതന്ത്യ്രം അനുവദിച്ചിരുന്നില്ല. 1953 ജൂണ്‍ 17-ന് ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ .എസ്. ഗുപ്തന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍