This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപിള്ള, എന്‍. (1916 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണപിള്ള, എന്‍. (1916 - 88)

എന്‍. കൃഷ്ണപിള്ള

നാടകകൃത്ത്, അധ്യാപകന്‍, പ്രഭാഷകന്‍, വിമര്‍ശകന്‍, സാഹിത്യചരിത്രകാരന്‍. ആറ്റിങ്ങല്‍ കക്കാട്ടുമഠത്തില്‍ കേശവരുടെയും വര്‍ക്കല ചെമ്മരുതി വില്ലേജില്‍ ചെക്കാലവിളാകത്തു പാര്‍വതിഅമ്മയുടെയും മകനായി 1916 സെപ്. 22-ന് ജനിച്ചു. 1933-ല്‍ ആറ്റിങ്ങലില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം ആര്‍ട്സ് കോളജില്‍ നിന്നും 1935-ല്‍ ഇന്റര്‍മീഡിയറ്റു പാസായി. തുടര്‍ന്ന് 1938-ല്‍ മലയാളം ഓണേഴ്സ് ബിരുദം നേടി. ബിരുദാനന്തരം ശിവഗിരി മലയാളം ഹൈസ്കൂളില്‍ രണ്ടു കൊല്ലം അധ്യാപകനായി ജോലിനോക്കിയ ഇദ്ദേഹം പിന്നീട് തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ കേരളസംസ്കാരസംബന്ധമായ ഗവേഷണത്തില്‍ ഏര്‍പ്പെട്ടു (1940-43). പ്രബന്ധം സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ തിരുനെല്‍വേലി ഹിന്ദുകോളജില്‍ ലക്ചററായി ചേര്‍ന്നു (1943-44). 1944-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ അധ്യാപകനായി നിയമനം നേടി. തലശ്ശേരി ബ്രണ്ണന്‍ കോളജിലും അല്പകാലം പ്രൊഫസറായിരുന്നിട്ടുണ്ട്. പിന്നീട് (1958-63) പ്രിന്‍സിപ്പലായി തിരുവനന്തപുരം ഇന്റര്‍മീഡിയറ്റു കോളജിലും ജോലി നോക്കി. 1963 മുതല്‍ 72 വരെ യൂണിവേഴ്സിറ്റി കോളജിലെ മലയാളവകുപ്പിന്റെ അധ്യക്ഷനായിരിക്കെ ഉദ്യോഗത്തില്‍ നിന്ന് വിരമിക്കുകയും തുടര്‍ന്ന് അഞ്ചുകൊല്ലം ഇതേ കോളജില്‍ യു.ജി.സി. പ്രൊഫസറായും ഒരു കൊല്ലം (1978-79) കേരള സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായും ജോലി നോക്കി. ഈ ഉദ്യോഗങ്ങള്‍ക്കിടയില്‍ ഫാക്കല്‍റ്റി, പരീക്ഷാബോര്‍ഡ്, സിലബസ് കമ്മിറ്റി എന്നിങ്ങനെയുള്ള പല സമിതികളിലും അംഗമായും അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഗവണ്‍മെന്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെയും ഏതാനും വര്‍ഷം സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെയും അധ്യക്ഷനായും പ്രവര്‍ത്തിച്ചു.

ഭഗ്നഭവനം (1942) എന്ന നാടകത്തോടുകൂടിയാണ് കൃഷ്ണപിള്ള സാഹിത്യലോകത്തു പ്രശസ്തി നേടിയത്. ഒരു കുടുംബത്തിന്റെ ദുര്‍ന്നിവാരവും ഹൃദയഭേദകവുമായ തകര്‍ച്ചയാണ് ഈ നാടകത്തിലെ പ്രമേയം. കന്യക (1943), ബലാബലം (1945), അനുരഞ്ജനം (1950), മുടക്കുമുതല്‍ (1953), അഴിമുഖത്തേക്ക് (1955), മരുപ്പച്ച (1972), കുടത്തിലെ വിളക്ക് (1972) എന്നിവ ഉള്‍പ്പെടെ പത്തു നാടകങ്ങളും ഏതാനും ലഘുനാടകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

1956-ല്‍ കേരളസാഹിത്യ അക്കാദമിയുടെയും 1973-ല്‍ കേരളസംഗീതനാടക അക്കാദമിയുടെയും 1978-ല്‍ കേന്ദ്രസംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങള്‍ നേടിയ ഇദ്ദേഹത്തെ കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 1982-ല്‍ കേരളസാഹിത്യ അക്കാദമിയുടെ സില്‍വര്‍ ജൂബിലി അവാര്‍ഡ് കൈരളിയുടെ കഥ (സാഹിത്യവിമര്‍ശനം) നേടി. 'തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ക്കും കുടത്തിലെ വിളക്കിനും സാഹിത്യപ്രവര്‍ത്തക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ 1972-ലെ ഓടക്കുഴല്‍ സമ്മാനത്തിന് അര്‍ഹമായി.

1988 ആഗ. 10-ന് ഇദ്ദേഹം അന്തരിച്ചു.

(പ്രൊഫ. എസ്. ഗുപ്തന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍