This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപിള്ള, ഈ.വി. (1894 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണപിള്ള, ഈ.വി. (1894 - 1938)

ഈ.വി.കൃഷ്ണപിള്ള

മലയാള ഫലിതസാഹിത്യകാരന്‍. എഴുത്തുകാരന്‍, നടന്‍, പത്രപ്രവര്‍ത്തകന്‍, അഭിഭാഷകന്‍, രാഷ്ട്രീയനേതാവ് എന്നീ നിലകളില്‍ വൈവിധ്യമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഈ.വി. എന്ന പേരില്‍ പ്രസിദ്ധനായിരുന്ന ഇദ്ദേഹം.

കുന്നത്തൂര്‍ താലൂക്കില്‍ ഇഞ്ചക്കാട്ടു പുത്തന്‍വീട്ടില്‍ കല്യാണി അമ്മയുടെയും കുന്നത്തൂര്‍ വക്കീല്‍ പപ്പുപിള്ളയുടെയും മകനായി 1894 സെപ്. 14-ന് ജനിച്ചു. 1918-ല്‍ തിരുവനന്തപുരം മഹാരാജാസ് കോളജില്‍നിന്ന് മലയാളം ബി.എ. ഒന്നാമനായി ജയിച്ച് കേരളവര്‍മ മെഡലിനര്‍ഹനായി. കുറേക്കാലം ഹജൂര്‍കച്ചേരിയില്‍ ഗുമസ്തനായും കല്ക്കുളം അസിസ്റ്റന്റ് തഹശീല്‍ദാരായും മറ്റും ജോലി നോക്കിയ ഈ.വി. തിരുവനന്തപുരത്തെ ജീവിതത്തിനിടയില്‍ സാഹിത്യനായകനായ സി.വി. രാമന്‍പിള്ളയുമായി പരിചയപ്പെടുകയും അദ്ദേഹത്തിന്റെ അന്തേവാസിയായിത്തീരുകയും ചെയ്തു. ഈ.വി. യുടെ സാഹിത്യ പരിചയത്തെയും ഭാവനാകുശലതയെയും പരിപോഷിപ്പിക്കുവാന്‍ ഈ സഹവര്‍ത്തിത്വം അത്യന്തം സഹായകമായിത്തീര്‍ന്നു. 1919-ല്‍ സി.വി. രാമന്‍പിള്ളയുടെ മകള്‍ മഹേശ്വരിഅമ്മയെ വിവാഹം കഴിച്ചു. 1924-ല്‍ ബി.എല്‍. പരീക്ഷ ജയിച്ച ഈ.വി., തിരുവനന്തപുരത്തു വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. സര്‍ക്കാരുദ്യോഗത്തിലെന്നപോലെ അഭിഭാഷകവൃത്തിയിലും ഇദ്ദേഹം സമര്‍ഥനായിരുന്നു. മലയാളി പത്രത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട ഈ.വി. മലയാളരാജ്യം പത്രവാരികയില്‍ 'ത്രിലോകസഞ്ചാരി' എന്ന തൂലികാനാമത്തില്‍ എഴുതിയ ഫലിതലേഖനങ്ങള്‍ ശ്രദ്ധേയമായി. തുടര്‍ന്ന് മലയാളമനോരമയില്‍ 'നേത്രരോഗി' എന്ന പേരില്‍ എഴുതിയ ഫലിതവാങ്മയങ്ങള്‍ ഇദ്ദേഹത്തെ കൂടുതല്‍ പ്രസിദ്ധനാക്കി. കൊ.വ. 1101-ല്‍ ഇദ്ദേഹത്തിന്റെയും കെ. ദാമോദരന്റെയും പ്രസാധകത്വത്തില്‍ സേവിനി എന്ന മാസിക പ്രസിദ്ധീകരണമാരംഭിച്ചു.

പണ്ഡിതന്മാരെയും പാമരന്മാരെയും ഒരുപോലെ രസിപ്പിക്കാന്‍ പോന്ന ഒരു അവതരണശൈലിയിലാണ് ഈ.വി. തന്റെ വാങ്മയങ്ങള്‍ കാഴ്ചവച്ചത്. സാമൂഹിക ജീവിതത്തില്‍ നിലനിന്നിരുന്ന വൈകൃതങ്ങളെ എടുത്തു കാട്ടി പരിഹസിച്ച് മനുഷ്യജീവിതം കൂടുതല്‍ സംശുദ്ധവും ശ്രേഷ്ഠവുമാക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. കണിയാന്മാര്‍, വിവാഹ ദല്ലാളന്മാര്‍, കൊച്ചമ്മമാര്‍, പത്രാധിപന്മാര്‍, വിരുന്നുകാര്‍ തുടങ്ങിയവരെയെല്ലാം ഇദ്ദേഹം അതീവ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. മാമൂലുകളെ അനാദരിക്കുവാനുള്ള ഭഞ്ജകമനോവൃത്തിയും തീക്ഷ്ണവും ഹാസ്യജനകവും അതിശയോക്തിപൂര്‍ണവുമായ രീതിയില്‍ പൊടിപ്പും തൊങ്ങലും വച്ച് കണ്ടതെല്ലാം ആവിഷ്കരിക്കുവാനുള്ള അനിതരസാധാരണമായ ചാതുര്യവും ഈ.വി.യുടെ ലേഖനങ്ങളില്‍ സര്‍വത്ര ദൃശ്യമാണ്.

നോവലുകള്‍, ചെറുകഥകള്‍, പ്രഹസനങ്ങള്‍, ഉപന്യാസങ്ങള്‍ തുടങ്ങിയ വിവിധ സാഹിത്യശാഖകളില്‍ ഇദ്ദേഹം നിറസാന്നിധ്യമായിരുന്നു. സീതാലക്ഷ്മി, രാജാകേശവദാസന്‍, രാമരാജ്യപട്ടാഭിഷേകം, പ്രണയകമ്മിഷന്‍, വിസ്മൃതി, ബാലകൃഷ്ണന്‍, ബാഷ്പവര്‍ഷം, കേളീസൌധം, കള്ളപ്രമാണം, ബി.എ. മായാവി, ഇരവിക്കുട്ടിപ്പിള്ള, വിവാഹക്കമ്മട്ടം, മായാമാനുഷന്‍, പെണ്ണരശുനാട്, വീരമഹത്ത്വം, ഗുരുസമക്ഷം, ബാലലീല, ഭാസ്കരന്‍, സുഖജീവിതം, കോണ്‍ഗ്രസ് ചിത്രങ്ങള്‍, എം.എല്‍.സി. കഥകള്‍, ഈ.വി. കഥകള്‍, കവിതക്കേസ്, പോലീസ് രാമായണം, ചിരിയും ചിന്തയും (രണ്ടുഭാഗങ്ങള്‍), ജീവിതസ്മരണകള്‍ എന്നിവയാണ് ഈ.വി.യുടെ പ്രധാന കൃതികള്‍. രാമരാജ്യപട്ടാഭിഷേകം ചിത്തിരതിരുനാള്‍ രാജാവിന്റെ കിരീടധാരണ മഹോത്സവത്തോടനുബന്ധിച്ച് എഴുതിയ നാടകമാകയതിനാല്‍ അതിലെ രാമായണോപാഖ്യാനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. രാജാകേശവദാസന്‍ മുതലായ ചരിത്രനാടകങ്ങളില്‍ സി.വി. യുടെ പ്രധാന കഥാപാത്രങ്ങളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാലകൃഷ്ണനും ബാഷ്പവര്‍ഷവും നോവലും, കേളീസൗധം ചെറുകഥാസമാഹാരവുമാണ്. വീരാരാധന കാര്‍ലൈലിന്റെ ഹീറോസ് ആന്‍ഡ് ഹീറോവര്‍ഷിപ്പ് എന്ന ഗ്രന്ഥത്തെയും ഗുരുസമക്ഷം മേരികോറലിയുടെ ട്രഷര്‍ ഒഫ് ഹെവന്‍ എന്ന കൃതിയെയും ആസ്പദമാക്കി രചിച്ചവയാണ്. ചിരിയും ചിന്തയും എന്ന പുസ്തകത്തിലെ ഉപന്യാസങ്ങളില്‍ കാണുന്ന സാരസ്യധോരണി നിറഞ്ഞ വിനോദഭാവനകള്‍ ഇദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ രചനാരീതിയാണെന്നു പറയാം.

1931-ല്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടുകൂടി ഈ.വി. കൃഷ്ണപിള്ള രാഷ്ട്രീയരംഗത്തും ശ്രദ്ധേയനായി. സര്‍. സി.പി. ക്കെതിരായി തിരുവിതാംകൂറില്‍ നടന്ന പ്രക്ഷോഭണത്തില്‍ ഈ.വി. മുന്നണിയില്‍ത്തന്നെ നിലയുറപ്പിച്ചിരുന്നു.

നൈസര്‍ഗികമായ വാസനാസമ്പത്തുകൊണ്ട് അനുഗൃഹീതനായിരുന്ന ഈ.വി. കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം മലയാളത്തിലുണ്ടായിട്ടുള്ള ഫലിതസാഹിത്യകാരന്മാരില്‍ പ്രമുഖനാണ്. ജീവിതത്തിലും എഴുത്തിലും ഇദ്ദേഹം തികഞ്ഞ ഫലിതക്കാരനായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ തന്നെത്തന്നെയും പരിഹാസപാത്രമാക്കുവാന്‍ ഇദ്ദേഹം മടിച്ചിരുന്നില്ല. ഈ.വി. യുടെ ജീവിതസ്മരണകള്‍ മലയാളത്തിലെ ആദ്യകാല ആത്മകഥകളില്‍ മികച്ചതാണ്.

1938 മാര്‍ച്ച് അവസാനവാരത്തില്‍ സ്റ്റേറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ രോഗബാധിതനായ ഇദ്ദേഹം മാര്‍ച്ച് 30-ന് അന്തരിച്ചു. ചലച്ചിത്രനടന്‍ അടൂര്‍ഭാസി ഇദ്ദേഹത്തിന്റെ മകനാണ്. ഈ.വി. രചനകളുടെ സമാഹരണം ഈ.വി. കൃതികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍