This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, സി. (1902 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ നായര്‍, സി. (1902 - 86)

സ്വാതന്ത്ര്യസമരസേനാനി. 1902 ആഗ. 15-ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. തിരുവനന്തപുരം, അലിഗഡ്, ഡല്‍ഹി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരുവനന്തപുരം മഹാരാജാസ് സ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഫീസ് വര്‍ധനവിനെതിരായി സമരം നയിച്ചതിന് പൊലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്നുള്ള ജീവിതം സമരങ്ങള്‍ക്കും സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവച്ച ഇദ്ദേഹം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മാറി. സ്വാതന്ത്ര്യസമരരംഗത്തേക്ക് ആകൃഷ്ടനായതിനെത്തുടര്‍ന്ന് 1921-ല്‍ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്കു മാറ്റി. അവിടെവച്ചു ഗാന്ധിജിയുടെ ശിഷ്യനായി മാറിയ ഇദ്ദേഹം 1928 മേയ് 1 മുതല്‍ 30 മാ. 12 വരെ സബര്‍മതി ആശ്രമത്തിലെ അന്തേവാസിയായിരുന്നു. 1930 മാ. 22-ാം തീയതിയിലെ ദണ്ഡിയാത്രയില്‍ ഗാന്ധിജിയെ അനുഗമിച്ച ഇദ്ദേഹം തുടര്‍ന്ന് ഉപ്പുസത്യഗ്രഹത്തിനു അറസ്റ്റു ചെയ്യപ്പെടുകയും രണ്ടുവര്‍ഷക്കാലം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തു. സത്യഗ്രഹപരിപാടികളില്‍ സമരസേനാനികളെ പരിശീലിപ്പിക്കുന്നതിനുവേണ്ടി രൂപവത്കൃതമായ സത്യഗ്രഹാശ്രമം ഫലപ്രദമായി നടത്തിയ ഇദ്ദേഹം തുടര്‍ന്നു ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള ഗ്രാമങ്ങളില്‍ ഗാന്ധിസന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഗ്രാമീണജനങ്ങളുടെ ഇടയില്‍ 'ഡല്‍ഹി ഗാന്ധി' എന്നറിയപ്പെട്ടിരുന്ന കൃഷ്ണന്‍നായര്‍ 1937-ല്‍ ഡല്‍ഹി പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും തുടര്‍ന്ന് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1942-ലെ 'ക്വിറ്റ് ഇന്ത്യാ' പ്രക്ഷോഭണത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് 14 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടു. ശിക്ഷയുടെ ഭാഗമായി അഞ്ചു വര്‍ഷക്കാലത്തോളം ഉത്തരേന്ത്യയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഘട്ടത്തില്‍ 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചതോടുകൂടി ജയില്‍ മോചിതനായി. ഡല്‍ഹി പ്രവിശ്യയുടെ മുഖ്യമന്ത്രിയാകാന്‍ ജവഹര്‍ലാല്‍ നെഹ്റു ഇദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍ അതു വിനയപൂര്‍വം ഇദ്ദേഹം നിരസിച്ചു. 1952 മുതല്‍ 62 വരെയുള്ള കാലയളവില്‍ ഔട്ടര്‍ ഡല്‍ഹി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് ലോക്സഭാംഗമായിരുന്നിട്ടുള്ള ഇദ്ദേഹം, 1969-ലെ കോണ്‍ഗ്രസ് പിളര്‍പ്പിനെത്തുടര്‍ന്ന് സജീവരാഷ്ട്രീയ രംഗത്തോടു വിടപറഞ്ഞു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്ത കൃഷ്ണന്‍നായരെ രാഷ്ട്രം പദ്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. ഇദ്ദേഹം 1986 ന. 9-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍