This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, പി. (1891 - 1957)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ നായര്‍, പി. (1891 - 1957)

മലയാളസാഹിത്യകാരനും ഭാഷാപണ്ഡിതനും. 1891 ഏ. 25-ന് പാലക്കാട്ട് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസാനന്തരം സാഹിത്യശിരോമണി ബിരുദം നേടി. കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോളജിലും മദ്രാസ് പ്രസിഡന്‍സി കോളജിലും കുറേക്കാലം അധ്യാപകനായിരുന്ന ഇദ്ദേഹം മദ്രാസ് സര്‍വകലാശാലയില്‍ ഗവേഷണവിഭാഗത്തില്‍ ലക്ചററായിരിക്കേ 1947-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.

ക്ലാസ്സിക് സാഹിത്യത്തിലും കലകളിലും അവഗാഹം പുലര്‍ത്തിയിരുന്ന കൃഷ്ണന്‍നായരുടെ കാവ്യജീവിതവൃത്തി എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ 'പുസ്തകം' എന്നാണ് ഖണ്ഡങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഒന്നാം പുസ്തകത്തില്‍ സാഹിത്യ വിമര്‍ശനസിദ്ധാന്തങ്ങളാണ് പ്രതിപാദ്യം. സാഹിത്യത്തിന്റെ സാമാന്യസ്വരൂപവും ശബ്ദാലങ്കാരനിരൂപണവുമാണ് രണ്ടാം പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. അര്‍ഥാലങ്കാരത്തിനുവേണ്ടി മൂന്നാം പുസ്തകം നീക്കിവച്ചിരിക്കുന്നു. ധ്വന്യാലോകത്തിന്റെ വിവര്‍ത്തനവും വ്യാഖ്യാനവുമാണ് കാവ്യാലോകം എന്നകൃതി. ഇതില്‍ അഭിനവഗുപ്തന്റെ ലോചനത്തെയാണ് ഇദ്ദേഹം പിന്‍തുടര്‍ന്നിട്ടുള്ളത്.

ചെറുപൈതല്‍ (ഖണ്ഡകൃതി), പ്രണയവിലാസം (ശൃംഗാരപ്രധാനമായ മുക്തകകാവ്യം), ആട്ടക്കഥ അല്ലെങ്കില്‍ കഥകളി (ഒരു പര്യവേക്ഷണം), ശാക്താദ്വൈതം (തത്ത്വചിന്ത) എന്നിവയാണ് ഇതരകൃതികള്‍. കേദാരമാഹാത്മ്യത്തിന്റെ അവതാരികയും കിര്‍മീരവധം, നിവാതകവചകാലകേയവധം എന്നീ ആട്ടക്കഥകളുടെ വ്യാഖ്യാനവും ഇദ്ദേഹത്തിന്റെ മികച്ച മറ്റു സംഭാവനകളാണ്. 1957 ഒ. 2-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍