This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, പി.വി. (1911 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ നായര്‍, പി.വി. (1911 - 73)

മലയാളസാഹിത്യകാരനും ഭാഷാഗവേഷകനും സാഹിത്യസംഘാടകനും. കാലടിക്കുസമീപം കാട്ടൂര്‍ ശങ്കരന്‍നായരുടെയും കുറവരിക്കല്‍ ലക്ഷ്മിഅമ്മയുടെയും മകനായി 1911 ജനു. 10-ന് ജനിച്ചു. ആലുവാ അദ്വൈതാശ്രമം സ്കൂള്‍, തിരുവനന്തപുരം സംസ്കൃതകോളജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിദ്വാന്‍, ബി.ഒ.എല്‍., എം.എ. എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിലും ശ്രീരാമവര്‍മ ഹൈസ്കൂളിലും കുറേക്കാലം ജോലിനോക്കിയതിനുശേഷം എറണാകുളം മഹാരാജാസ് കോളജില്‍ ലക്ചററായി ചേര്‍ന്നു; ക്രമേണ പ്രൊഫസറായി ഉയര്‍ന്നു. റിട്ടയര്‍ ചെയ്തതിനുശേഷം ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളജില്‍ യു.ജി.സി. പ്രൊഫസറായി ജോലിനോക്കുകയുണ്ടായി. പ്രാചീനകൃതികളെ വ്യാഖ്യാനിക്കുന്നതിലൂടെയാണ് കൃഷ്ണന്‍നായര്‍ ഏറെ ശ്രദ്ധേയനായത്.

രാമചരിതം-ഒരു പഠനം, ഉണ്ണിച്ചിരുതേവീചരിത വ്യാഖ്യാനം, ഉണ്ണിയാടീചരിതവ്യാഖ്യാനം, കിളിപ്പാട്ടു സാഹിത്യം (പ്രബന്ധം), സമാഗമം (ഏകാങ്കനാടകങ്ങള്‍), മദിരോത്സവം (റുബായിയാത്തിന്റെ സംസ്കൃത പരിഭാഷ) തുടങ്ങി നിരവധി കൃതികള്‍ കൃഷ്ണന്‍ നായര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനേകം അവതാരികകളും ടിപ്പണികളും ഇദ്ദേഹത്തിന്റേതായുണ്ട് (ഉദാ. മലയാളശാകുന്തളം, സ്വപ്നവാസവദത്ത, ജി. യുടെ മേഘച്ഛായ).

സമസ്ത കേരളസാഹിത്യ പരിഷത്തിന്റെ സെക്രട്ടറി, സംസ്കൃത സാഹിത്യപരിഷത്തിന്റെ സെക്രട്ടറി, ആര്യകൈരളിയുടെ പത്രാധിപര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കൃഷ്ണന്‍നായര്‍, 1973 ആഗ. 20-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍