This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ നായര്‍, കലാനിലയം (1917 - 80)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ നായര്‍, കലാനിലയം (1917 - 80)

കലാനിലയം കൃഷ്ണന്‍ നായര്‍

പത്രപ്രവര്‍ത്തകനും 'സ്ഥിരം നാടകവേദി' പ്രസ്ഥാനത്തിന്റെ പ്രയോക്താവും. തിരുവനന്തപുരത്ത് പാങ്ങോട്ടു ഭജനമഠത്തില്‍ 1917 ജൂണ്‍ 26-ന് ജനിച്ചു.

പ്രിപ്പറേറ്ററി ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത്, പത്താം വയസ്സിലാണ് ഇദ്ദേഹം നാടകരംഗത്ത് പ്രവേശിക്കുന്നത്. 'മാര്‍ത്താണ്ഡവര്‍മ'യായിരുന്നു ആദ്യനാടകം. പതിനഞ്ചാമത്തെ വയസ്സില്‍ സംഗീതനാടകത്തില്‍ അഭിനയിച്ച ഇദ്ദേഹം തിരുവനന്തപുരത്തെ 'ഭഗവതിവിലാസം' തിയെറ്ററില്‍ അവതരിപ്പിച്ച 'കോരാകുംഭന്‍' എന്ന നാടകത്തില്‍ പിതാവായ പാച്ചുപിള്ളയോടൊപ്പവും അഭിനയിക്കുകയുണ്ടായി.

പിതാവ് പാച്ചുപിള്ള സ്ഥാപിച്ച 'ആനന്ദോദയസംഗീതനടനസഭ' എന്ന ഒരു നാടകസമിതിയിലൂടെ 'കോവിലന്‍', 'അല്ലിഅര്‍ജുന', 'ഭാമാവിജയം', 'ഹരിശ്ചന്ദ്ര' തുടങ്ങിയ പ്രസിദ്ധനാടകങ്ങളുടെ അണിയറയിലൂടെ നാടകപ്രസ്ഥാനരംഗത്തു പരിചയം സിദ്ധിച്ചു. നിശ്ശബ്ദചിത്രങ്ങള്‍ മാത്രം നിലവിലിരുന്ന അക്കാലത്ത് ചലച്ചിത്രങ്ങളെ അനുകരിച്ചുള്ള വേഷവിധാനങ്ങളും ബാറ്ററി കൊണ്ടുള്ള വൈദ്യുതി ഉപയോഗിച്ച് സീനിക് എഫക്ടുകളും പ്രയോഗിക്കുന്നതില്‍ കൃഷ്ണന്‍ നായര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. അന്നു തുടങ്ങിയ നിരന്തരപരിശ്രമവും പരീക്ഷണവുമാണ് ഇദ്ദേഹത്തെ 'കലാനിലയം സ്ഥിരംനാടകവേദി'യുടെസ്ഥാപകനാക്കിത്തീര്‍ത്തത്.

മലയാള സംഭാഷണങ്ങളോടും ഗാനങ്ങളോടും കൂടിയ 'ലാവണ്യലഹരി' എന്ന നാടകം 1933-ല്‍ കൃഷ്ണന്‍നായര്‍ ആദ്യമായി അവതരിപ്പിച്ചു. 'ലാവണ്യലഹരി'യില്‍ നായകന്‍ കൃഷ്ണന്‍ നായരും നായിക കെ.ജി. ദേവകി അമ്മ(ഇദ്ദേഹത്തിന്റെ ഭാര്യ)യുമായിരുന്നു. 1933-ല്‍ 'ആനന്ദോദയ സംഗീതനടനസഭ' കലാനിലയമാക്കി രജിസ്റ്റര്‍ ചെയ്ത് കൃഷ്ണന്‍ നായര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

1933 മുതല്‍ 49 വരെയുള്ള കാലയളവ് 'കലാനിലയ'ത്തെ സംബന്ധിച്ചിടത്തോളം ഒരു പരീക്ഷണഘട്ടമായിരുന്നു. സാമ്പത്തിക പരാജയംമൂലം മറ്റു മാര്‍ഗമില്ലാതെ കാവിവസ്ത്രധാരിയായിത്തീര്‍ന്ന കൃഷ്ണന്‍നായര്‍ ശാന്തിക്കും സമാധാനത്തിനും വേണ്ടി ഹിമാലയം വരെ തീര്‍ഥയാത്ര നടത്തി. 1951-ല്‍ ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തി നാടകക്കമ്പനി പുനരാരംഭിച്ചു. തുടര്‍ന്ന് 1952-ല്‍ തനിനിറം എന്ന മാസികയ്ക്കു തുടക്കം കുറിച്ചു.

1952 മുതല്‍ കലാനിലയം ഒരു സ്ഥിരം നാടകവേദിയാക്കാന്‍ ഇദ്ദേഹം അക്ഷീണം പരിശ്രമിക്കുകയുണ്ടായി. 1963 ജനു. 16-ന് 'കുരുക്ഷേത്രം ഓപ്പറ' ഉദ്ഘാടനം ചെയ്തുകൊണ്ട് ആ ലക്ഷ്യവും സാക്ഷാത്കരിച്ചു.

1965 ജൂണ്‍ 1-ന് തനിനിറം മാസിക ദിനപത്രമാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അസംബ്ലിയില്‍ വിളിച്ചുവരുത്തി താക്കീതു ചെയ്യപ്പെട്ട പത്രാധിപരും കൃഷ്ണന്‍നായരാണ്.

കലാനിലയം സ്ഥിരം നാടകവേദിയുടെ 'രാഗം താനം പല്ലവി' എന്ന നാടകം പുതുമകളോടെ അവതരിപ്പിക്കാനുള്ള തിരക്കിട്ട ജോലികള്‍ക്കിടയില്‍ 1980 ഏ. 24-ന് എറണാകുളത്ത് വച്ച് ഇദ്ദേഹം അന്തരിച്ചു.

(കല്ലട ഷണ്‍മുഖന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍