This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ എഴുത്തച്ഛന്‍, വി.ആര്‍. (1909 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ എഴുത്തച്ഛന്‍, വി.ആര്‍. (1909 - 2004)

വി.ആര്‍.കൃഷ്ണന്‍ എഴുത്തച്ഛന്‍

പഴയ കൊച്ചിയിലെ ദേശീയ പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖ നേതാവ്. തൃശൂര്‍ ജില്ലയിലെ അവണിശ്ശേരിയില്‍ വടക്കൂട്ടു രാമനെഴുത്തച്ഛന്‍-ലക്ഷ്മിയമ്മ ദമ്പതികളുടെ മകനായി 1909 ഏ. 25-ന് ജനിച്ചു. ഒല്ലൂര്‍ ഹൈസ്കൂളില്‍ നിന്നു സ്കൂള്‍ഫൈനലും തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്നു ബി.എ., തിരുവനന്തപുരം ലാ കോളജില്‍ നിന്നു ബി.എല്‍. എന്നിവ പാസായ വി.ആര്‍. കൃഷ്ണന്‍ എഴുത്തച്ഛന്‍, എഴുത്തച്ഛന്‍സമുദായത്തിലെ ആദ്യത്തെ നിയമബിരുദധാരിയാണ്.

വിദ്യാര്‍ഥിയായിരിക്കെത്തന്നെ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവരുമായി സഹകരിച്ച് ഒരു വിദ്യാര്‍ഥി സംഘടന രൂപീകരിച്ചു. നിയമബിരുദം എടുത്തശേഷം കൊച്ചിയിലെ സര്‍ക്കാര്‍ സര്‍വീസില്‍ കുറച്ചുകാലം ജോലി ചെയ്തുവെങ്കിലും അതു രാജിവച്ചു പൊതുരംഗത്തേക്കിറങ്ങി, കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകനായി. ദീര്‍ഘകാലം കൊച്ചി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു.

1938-ലെ ഹരിപുര കോണ്‍ഗ്രസ്സിന്റെ തീരുമാനമനുസരിച്ചു നാട്ടുരാജ്യങ്ങളിലെ ഉത്തരവാദഭരണപ്രക്ഷോഭണത്തിനു പ്രത്യേക സംഘടനകള്‍ വേണമെന്നു വന്നപ്പോള്‍ എഴുത്തച്ഛന്‍ മുന്‍കൈ എടുത്തു കൊച്ചി രാജ്യപ്രജാമണ്ഡലത്തിന് രൂപം നല്കി. കൊച്ചി പ്രജാ മണ്ഡലത്തിന്റെ ആദ്യത്തെ സെക്രട്ടറിയും ഇദ്ദേഹമായിരുന്നു. 1941-ല്‍ പ്രജാമണ്ഡലത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടികളെ ദിവാന്‍ ഭരണം നിരോധിക്കുകയും എഴുത്തച്ഛനെയും മറ്റും അറസ്റ്റു ചെയ്യുകയും ചെയ്തു. 1942-ലെ ക്വിറ്റിന്ത്യാ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിനും ഇദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

1945-ല്‍ പ്രജാമണ്ഡലം സ്ഥാനാര്‍ഥിയായി കൊച്ചിനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കൃഷ്ണന്‍ എഴുത്തച്ഛന്‍, 1954-ല്‍ നെന്മാറയില്‍ നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു തിരു-കൊച്ചി നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1940-ല്‍ രൂപംകൊണ്ട കൊച്ചികര്‍ഷകസംഘത്തിന്റെ പ്രസിഡന്റ് ഇദ്ദേഹമായിരുന്നു. സഹകരണരംഗം, ഖാദിപ്രചാരണം, അയിത്തോച്ചാടനം എന്നീ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന കൃഷ്ണന്‍ എഴുത്തച്ഛന്‍ ഇന്ത്യന്‍ പ്രതിനിധിയായി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടണ്ട്.

നവദീപം, ഗ്രാമക്ഷേമം (മാസികകള്‍); ദിനബന്ധു (ദിനപത്രം); കര്‍ഷകന്‍ (വാരിക) എന്നിവയുടെ പത്രാധിപനായിരുന്ന ഇദ്ദേഹത്തിന്റെ ഗ്രാമോദ്ധാരണം എന്ന ഗ്രന്ഥം മദ്രാസ് സര്‍ക്കാരിന്റെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്. കൊച്ചി രാജ്യചരിത്രമാണ് ശ്രദ്ധേയമായ മറ്റൊരു കൃതി. 2004 മേയ് 13-ന് ഇദ്ദേഹം അന്തരിച്ചു.

(വി. കരുണാകരന്‍ നമ്പ്യാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍