This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍നായര്‍, സി.പി. (1922 - 2014) (ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍നായര്‍, സി.പി. (1922 - 2014)(ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍)

ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍

ഇന്ത്യന്‍ വ്യവസായിയും സ്വാതന്ത്ര്യസമരസേനാനിയും. ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്ണന്‍ എന്നാണ് പൂര്‍ണനാമം. 1922 ഫെ. 9-ന് കണ്ണൂരിലെ ഒരു സാധാരണ വാണിയ കുടുംബത്തില്‍ ഒരു ബില്‍കളക്ടറുടെ മകനായി ജനിച്ചു. വടക്കന്‍ മലബാറിലെ വാണിയ സമുദായക്കാര്‍ക്ക് ചിറയ്ക്കല്‍ രാജാവ് നല്കിപ്പോന്ന സ്ഥാനപ്പേരായിരുന്നു നായര്‍ എന്ന വിശേഷണം. ജന്മനാട്ടിലെ സാധാരണ സ്കൂളില്‍ അടിസ്ഥാനവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കൃഷ്ണന്‍നായര്‍ 12-ാം വയസ്സില്‍ സ്കൂളിലെ വിദ്യാര്‍ഥി യൂണിയന്റെ സെക്രട്ടറിയായി. ഇക്കാലത്ത് സ്കൂള്‍ സന്ദര്‍ശിച്ച എ.കെ. ഗോപാലനാണ് കൃഷ്ണന്‍നായരെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിച്ചത്. തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി(ഐ.എന്‍.എ.)യില്‍ അംഗമായി. 1942-ല്‍ സിവിലിയന്‍ വയര്‍ലെസ് ഓപ്പറേറ്ററായി ജോലിയില്‍ പ്രവേശിച്ചത് ഇദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഇക്കാലത്ത് രാജ്യത്തെ വടക്കു പടിഞ്ഞാറന്‍ മേഖലയിലും (നിലവില്‍ പാകിസ്താന്‍) ഡല്‍ഹിയിലും സേവനമനുഷ്ഠിച്ചു. വി.പി.മേനോനുമായുള്ള പരിചയം ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ ഇദ്ദേഹത്തിന് പ്രേരണയേകുകയും തുടര്‍ന്ന് സഹകരണ സ്ഥാപനങ്ങളും റേഷന്‍കടകളും തുറന്ന് ഗ്രാമീണ മേഖലയുടെ വികസനത്തില്‍ പങ്കാളിയാവുകയും ചെയ്തു.

1950-ല്‍ കണ്ണൂരിലെ ഒരു കൈത്തറി വസ്ത്രവ്യാപാരിയുടെ മകളായ ലീലയെ വിവാഹം ചെയ്യുകയും തുടര്‍ന്ന് ഭാര്യാപിതാവിന്റെ കൈത്തറി കയറ്റുമതിയില്‍ സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1951-ല്‍ ഓഫീസര്‍ പദവി രാജിവച്ച് ആള്‍ ഇന്ത്യാ ഹാന്‍ഡ്ലൂം ബോര്‍ഡിന് തുടക്കമേകി. ക്രമേണ ഭാര്യാപിതാവിന്റെ വ്യാപാരസംരംഭം ഏറ്റെടുത്ത കൃഷ്ണന്‍നായര്‍ ഇതു വിപുലപ്പെടുത്തുകയും 1960-കളോടെ വസ്ത്രവ്യാപാരമേഖലയിലെ പ്രമുഖ വ്യവസായസംരംഭകരായ ബ്ലീഡിങ് മദ്രാസ് ഫാബ്രിക്കിന്റെ അമേരിക്കയിലുള്ള കയറ്റുമതിയുടെ ഉടമസ്ഥത സ്വന്തമാക്കുകയും ചെയ്തു. 1980-കളില്‍ ലീലാ ലെയ്സ് എന്ന പേരിലുള്ള കൃഷ്ണന്‍നായരുടെ സ്ഥാപനം മികച്ചനിലയിലേക്കു വളര്‍ന്നു. തുടര്‍ന്ന് വടക്കന്‍ മുംബൈയില്‍ ഒരു വസ്ത്രനിര്‍മാണ ശാലയ്ക്കും ഇദ്ദേഹം തുടക്കമിട്ടു.

യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഇദ്ദേഹം നടത്തിയ വ്യാപാരസന്ദര്‍ശനങ്ങളും അവിടെ തനിക്ക് ആതിഥേയത്വമരുളിയ ഹോട്ടലുകളുടെ ആകര്‍ഷണീയതയും അത്തരം ഒരു സംരംഭം ഇന്ത്യയിലും ആരംഭിക്കുവാന്‍ ഇദ്ദേഹത്തിന് പ്രചോദനമേകി. തുടര്‍ന്ന് 65-ാം വയസ്സില്‍ മൂന്ന് ലീലാ ഗ്രൂപ്പ് ഒഫ് ഹോട്ടല്‍സ് എന്ന ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ ശൃംഖല ഇദ്ദേഹം സാക്ഷാത്കരിച്ചു. 1986-ല്‍ മുംബൈയിലാണ് ആദ്യത്തെ ലീലാ ഹോട്ടലിന് തുടക്കമിടുന്നത്. പിന്നീട് ന്യൂഡല്‍ഹി, മുംബൈ, ബംഗ്ളൂരു, ഗുര്‍ഗോണ്‍, ഉദയ്പൂര്‍, ഗോവ, കേരളം എന്നിവിടങ്ങളിലായി പാലസുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയും നിലവില്‍ വന്നു.

പരിസ്ഥിതി സൗഹൃദ വ്യവസായത്തിനുള്ള യു.എന്‍.ഇ.പി. (യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം)യുടെ 1999-ലെ ഗ്ലോബല്‍ ദി ലോറൈറ്റ് റോള്‍ ബഹുമതി ഇദ്ദേഹത്തിനു ലഭിച്ചു. കൂടാതെ വ്യവസായരംഗത്തെ മികവിന് അമേരിക്കന്‍ അക്കാദമി ഒഫ് ഹോസ്പിറ്റാലിറ്റി സയന്‍സസിന്റെ ആജീവനാന്ത പുരസ്കാരമായ ഫൈവ്സ്റ്റാര്‍ ഡയമണ്ട് (2009), ജനീവയിലെ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റിന്റെ ഗ്രീന്‍ ഹോട്ടലീയര്‍ അവാര്‍ഡ്, മഹാറാണ മേവര്‍ ഫൗണ്ടേഷന്റെ ജയ്സിങ് അവാര്‍ഡ് (2002), ഐ.എസ്.ആന്‍ഡ് ആര്‍.എ.യുടെ ഹോട്ടലിയര്‍ ഒഫ് ദി സെഞ്ച്വറി അവാര്‍ഡ് (2010)., ദി ഹാള്‍ ഒഫ് ഫെയിം അവാര്‍ഡ് (2010) എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിദ്ധീകരണമായ ബിസിനസ്സ് വീക്ക് ലോകത്തെ ഏറ്റവും മികച്ച 50 വ്യവസായപ്രമുഖരില്‍ ഒരാളായി 2008-ല്‍ കൃഷ്ണന്‍നായരെ തിരഞ്ഞെടുത്തിരുന്നു.

2010-ല്‍ ഭാരതസര്‍ക്കാര്‍ പദ്മഭൂഷണ്‍ നല്കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 2014 മേയ് 17-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍