This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍കുട്ടി നായര്‍, മാവേലിക്കര (1921 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍കുട്ടി നായര്‍, മാവേലിക്കര (1921 - 88)

മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍

മൃദംഗവിദ്വാന്‍. 1921 ഒ. 2-ന് മാവേലിക്കരയില്‍ ജനിച്ചു. ഏഴാമത്തെ വയസ്സില്‍ മാവേലിക്കര കേശവപ്പണിക്കരില്‍ നിന്നു മൃദംഗ അഭ്യാസത്തിനു തുടക്കമിട്ടു. മാവേലിക്കര കേശവപ്പണിക്കര്‍, ആലപ്പുഴ വെങ്കപ്പന്‍പിള്ള, വെച്ചൂര്‍ കൃഷ്ണയ്യര്‍ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാര്‍. തുടര്‍ന്ന് പ്രശസ്ത മൃദംഗവിദ്വാനായ പളനി സുബ്രഹ്മണ്യപിള്ളയുടെ കീഴില്‍ അഭ്യസനം പൂര്‍ത്തിയാക്കി.

1948-ല്‍ തിരുവിതാംകൂര്‍ റേഡിയോ നിലയത്തില്‍ മൃദംഗവിദ്വാനായി സേവനമാരംഭിച്ചുവെങ്കിലും കര്‍ണാടകസംഗീതജ്ഞയായ എം.എസ്. സുബ്ബലക്ഷ്മിയുടെ കച്ചേരികളിലൂടെയാണ് മൃദംഗവായനരംഗത്ത് ശ്രദ്ധേയനായത്. തുടര്‍ന്ന് അരിയക്കുടി രാമാനുജയ്യങ്കാര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, മധുര മണിഅയ്യര്‍, ജി.എന്‍.ബാലസുബ്രഹ്മണ്യം, ഡോ.എം. മുരളീകൃഷ്ണ എന്നീ പ്രസിദ്ധ വായ്പ്പാട്ടുകാരോടും ടി.എന്‍. രാജരത്നം പിള്ളൈ (നാഗസ്വരം), വിദ്വാന്‍ രാജമാണിക്കംപിള്ളൈ (വയലിന്‍), ടി.ആര്‍. മഹാലിംഗം (ഓടക്കുഴല്‍), എസ്.ബാലചന്ദര്‍ (വീണ) എന്നീ ഉപകരണസംഗീതജ്ഞരോടുമൊപ്പം സംഗീതക്കച്ചേരിയില്‍ ഖ്യാതി നേടി. തിരുവനന്തപുരത്തെ നവരാത്രിമണ്ഡപത്തിലെ സംഗീതസദസ്സുകളില്‍ ഇദ്ദേഹം സ്ഥിരം സാന്നിധ്യമായിരുന്നു. പരേതനായ ചെമ്പൈ വൈദ്യനാഥയ്യരുടെയും യേശുദാസിന്റെയും സംഘത്തോടൊപ്പം പ്രവര്‍ത്തിച്ചുകൊണ്ട് ദേശീയ സമ്പാദ്യപദ്ധതികളുടെ പ്രചാരണത്തിനായും ഒട്ടേറെ വേദികളില്‍ മൃദംഗ വായന നടത്തി.

കോഴിക്കോട് സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഒഫ് ഫൈന്‍ ആര്‍ട്സിലും കേരള സംഗീതനാടക അക്കാദമിയുടെ അഡ്ഹോക്ക് കമ്മിറ്റിയിലും അംഗമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1955-ല്‍ ഭാരതീയ വിദ്യാഭവന്റെ 'നാദലയ' ബഹുമതി, 1970-ലെ സംഗീതനാടകഅക്കാദമി അവാര്‍ഡ്, 1971-ല്‍ തിരുവനന്തപുരം പൗരാവലിയുടെ സ്മരണിക, 1972-ലെ 'കലാരത്നം അവാര്‍ഡ്' (തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്), തിരുവനന്തപുരം ശൈവപ്രകാശസഭ നല്കിയ 'മൃദംഗകലൈ വള്ളല്‍' ബഹുമതിബിരുദം, മന്നം ജയന്തി ആഘോഷത്തോടനുബന്ധിച്ചു നല്കിയ 'കലാഭൂഷണം', ശ്രീ ചട്ടമ്പിസ്മാരകസഭ നല്കിയ 'മൃദംഗവാദ്യചൂഡാമണി' എന്നിവ ഇദ്ദേഹത്തിനു ലഭിച്ച ബഹുമതികളില്‍ ചിലതാണ്. 1980-ല്‍ സംഗീതനാടക അക്കാദമി ഫെലോഷിപ്പ്, 1984-ല്‍ 'പദ്മശ്രീ' എന്നിവയും കൃഷ്ണന്‍കുട്ടി നായര്‍ക്ക് ലഭിച്ചിട്ടുണ്ട്. 1988 ജനു. 13-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍