This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍കുട്ടി, വേളൂര്‍ (1933 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍കുട്ടി, വേളൂര്‍ (1933 - 2003)

വേളൂര്‍ കൃഷ്ണന്‍കുട്ടി

മലയാള ഫലിതസാഹിത്യകാരന്‍. കോട്ടയത്തിനടുത്ത് വേളൂരില്‍ നടുവിലേക്കരവീട്ടില്‍ എന്‍.എന്‍. കുഞ്ഞുണ്ണിയുടെയും പാര്‍വതി അമ്മയുടെയും മകനായി 1933 സെപ്. 19-ന് ജനിച്ചു. ഇന്റര്‍മീഡിയറ്റിനുശേഷം കേരളധ്വനിയില്‍ എട്ടുവര്‍ഷക്കാലം പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ദീപിക ദിനപത്രത്തില്‍ സബ് എഡിറ്ററായി. ദീപിക ആഴ്ചപ്പതിപ്പിന്റെ ആദ്യത്തെ പത്രാധിപര്‍ ഇദ്ദേഹമായിരുന്നു. ഹാസ്യത്തിനു വേണ്ടിയുള്ള ഹാസ്യം എന്നതില്‍ക്കവിഞ്ഞ് സമൂഹത്തിലെ ജീര്‍ണതകളെയോ വൈകൃതങ്ങളെയോ ആക്ഷേപഹാസ്യത്തിലൂടെ സംസ്കരിക്കുക എന്ന ലക്ഷ്യം ഇദ്ദേഹത്തിന്റെ കൃതികളില്‍ കാണാനില്ല എന്ന് ഒരാക്ഷേപമുണ്ട്. കഥ, നീണ്ടകഥ, ലേഖനങ്ങള്‍ തുടങ്ങിയ ഇനങ്ങളിലായി ഏതാണ്ട് നൂറ്റിപ്പതിനഞ്ചോളം കൃതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. കവിതയിലൂടെ രംഗപ്രവേശം ചെയ്ത വേളൂര്‍ കൃഷ്ണന്‍കുട്ടി സിന്ദാബാദ് എന്ന കൃതിയിലൂടെയാണ് ഹാസ്യലേഖകനായിത്തീര്‍ന്നത്. മാസപ്പടി മാതുപിള്ള, അടപ്രഥമന്‍, അഖിലകേരള വയസന്‍സ് ക്ലബ്ബ്, അരിമ്പാറ ദേവസ്യ, ആള്‍ക്കൂട്ടത്തില്‍ ഏലിയാമ്മ, ആനവാല്‍, ആദ്യത്തെ വിഷു, കല്യാണം കഴിഞ്ഞപ്പോള്‍, ഒരു ദൈവം സ്ഥലംവിട്ടു, ഇടവഴീല്‍ കിട്ടുവാശാന്‍, ഉച്ചഭാഷിണി, കല്യാണിക്കു കമ്പിവന്നു, കഥാപ്രസംഗസ്മരണകള്‍, കെട്ട്യോന്റെ കുറ്റം, കുംഭകര്‍ണക്കുറുപ്പ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികള്‍. 'മാസപ്പടി മാതുപിള്ള', 'പഞ്ചവടിപ്പാലം' എന്നീ ചലച്ചിത്രങ്ങളുടെ കഥ ഇദ്ദേഹത്തിന്റെ രചനകളെ അവലംബിച്ചുള്ളവയാണ്. 'പത്രപാരായണ്‍', 'വിനോദ്' എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം എഴുതിയിട്ടുണ്ട്. 1973-ല്‍ വേല മനസ്സിലിരിക്കട്ടെ എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇതുകൂടാതെ ഇ.വി. കൃഷ്ണപിള്ള അവാര്‍ഡിനും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.

2003 ആഗ. 23-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍