This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, സി. (1867 - 1938)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, സി. (1867 - 1938)

സി.കൃഷ്ണന്‍

സാമൂഹികപരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനും. 1867 ജൂണ്‍ 11-ന് പഴയ കൊച്ചിരാജ്യത്ത് ചങ്ങരംകുമരത്തു പാറന്റെയും ഉമ്പൂലിയുടെയും മകനായി ജനിച്ചു. ചാവക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായശേഷം മദ്രാസില്‍ നിന്ന് ബി.എ., ബി.എല്‍. എന്നീ ബിരുദങ്ങള്‍ നേടി. കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിച്ചിരുന്ന കേരളസഞ്ചാരിയുടെ പത്രാധിപത്യം ഏറ്റെടുത്തുകൊണ്ടാണ് പത്രപ്രവര്‍ത്തനരംഗത്തേക്ക് പ്രവേശിച്ചത്.

1903-ല്‍ അഭിഭാഷകവൃത്തിയിലേക്കു തിരിഞ്ഞ ഇദ്ദേഹം ഇതോടൊപ്പം പൊതുകാര്യങ്ങളിലും സമുദായ കാര്യങ്ങളിലും താത്പര്യം പ്രകടിപ്പിച്ചു. 1907-ല്‍ ബ്രഹ്മസമാജത്തില്‍ അംഗമായി. 'കാലിക്കറ്റ് ബാങ്ക്' എന്ന പേരില്‍ ഒരു ബാങ്കിന് തുടക്കം കുറിച്ച സി. കൃഷ്ണന്‍ ഈഴവരുടെ സാമൂഹികമായ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഡോ. പല്‍പ്പുവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിപ്പോന്നിരുന്നു. കോഴിക്കോട്ടു തളിയില്‍ ക്ഷേത്രത്തിലേക്കുള്ള റോഡില്‍ അവര്‍ണര്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്കിനെ അവഗണിച്ച്, മഞ്ചേരി രാമയ്യരുമൊത്ത് ഇദ്ദേഹം അതിലെ വഴിനടന്നു.

മലബാര്‍ ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഡയറക്ടര്‍, മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗം, മലബാര്‍ എഡ്യൂക്കേഷണല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1913-ല്‍ ടി. ശിവശങ്കരന്‍ എന്ന വ്യക്തിയില്‍ നിന്നും മിതവാദി വാരികയുടെ അവകാശം വിലയ്ക്കു വാങ്ങിയ സി. കൃഷ്ണന്‍, അത് ഒരു മാസികയായി കോഴിക്കോട്ടു നിന്ന് പ്രസിദ്ധീകരിച്ചു. അവര്‍ണസമുദായതാത്പര്യങ്ങള്‍ക്കു പൊതുവെയും ഈഴവ (തീയ) താത്പര്യങ്ങള്‍ക്കു പ്രത്യേകമായും ഊന്നല്‍ നല്കിക്കൊണ്ടുള്ള മിതവാദിയിലെ ലേഖനങ്ങളും മുഖപ്രസംഗങ്ങളും അക്കാലത്ത് ഏറെ സാമൂഹ്യ ശ്രദ്ധനേടി.

മദിരാശിയിലെ അബ്രാഹ്മണപ്രസ്ഥാനത്തിന്റെയും ജസ്റ്റിസ് പാര്‍ട്ടിയുടെയും പ്രമുഖനേതാവായ ഡോ. ടി.എം. നായരുമായി ഉറ്റ സമ്പര്‍ക്കമുണ്ടായിരുന്ന കൃഷ്ണന്‍ പിന്നീട് ജസ്റ്റിസ് പാര്‍ട്ടിയിലെ സജീവാംഗമായിത്തീര്‍ന്നു. 'സൗത്ത് ഇന്ത്യന്‍ ലിബറല്‍ ഫെഡറേഷന്‍' എന്ന അബ്രാഹ്മണസംഘത്തിന്റെ ഒരു ശാഖ കോഴിക്കോട്ടു സ്ഥാപിതമാകുകയും കൃഷ്ണന്‍ അതിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനത്തെയും നിയമലംഘനപ്രസ്ഥാനത്തെയും മിതവാദിയിലൂടെ ഇദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. 1921-ലെ മാപ്പിളലഹളക്കാലത്ത് രൂപീകരിച്ച ദുരിതാശ്വാസക്കമ്മിറ്റിയില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. ജന്മി-കുടിയാന്‍ പ്രശ്നങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം, തിരുവിതാംകൂറിലെപ്പോലെ മലബാറിലും കാണക്കുടിയാന്മാര്‍ക്ക് ഭൂസ്വത്തില്‍ സ്ഥിരാവകാശം നല്കേണ്ടതാണെന്ന് ആവശ്യപ്പെട്ടു. മലബാര്‍ കുടിയാന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം, 1930-ലെ മലബാര്‍ കുടിയാന്‍ നിയമം പാസാക്കിയെടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു.

ബുദ്ധമത തത്ത്വങ്ങളില്‍ ആകൃഷ്ടനായിരുന്ന കൃഷ്ണന്‍, ഹിന്ദുമതത്തിലെ അസമത്വത്തിന്റെ തിക്തഫലങ്ങളനുഭവിച്ചിരുന്ന ഈഴവ (തീയ) സമുദായത്തെ ബുദ്ധമതത്തിലേക്കാകര്‍ഷിക്കാന്‍ ശ്രമിക്കുകയും ഈ ലക്ഷ്യത്തോടെ മിതവാദിയില്‍ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിക്കുകയും ചെയ്തു. 1925-ല്‍ കോഴിക്കോട് ഒരു വമ്പിച്ച ബുദ്ധമതസമ്മേളനം വിളിച്ചുകൂട്ടുകയും തന്റെ വീടിനടുത്ത് ഒരു ബുദ്ധക്ഷേത്രം നിര്‍മിക്കുകയും ചെയ്തു.

പത്രപ്രവര്‍ത്തനത്തിലും സമുദായപ്രവര്‍ത്തനത്തിലും മുഴുകിയിരുന്ന ഇദ്ദേഹം 1938 ന. 29-ന് അന്തരിച്ചു.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍