This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, ടി.എന്‍. (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, ടി.എന്‍. (1928 - )

ടി.എന്‍.കൃഷ്ണന്‍

വയലിന്‍ വാദകന്‍. തൃപ്പൂണിത്തറ നാരായണന്‍ കൃഷ്ണന്‍ എന്നാണ് പൂര്‍ണനാമം. എ. നാരായണയ്യരുടെ പുത്രനായി 1928 ഒ. 6-ന് പറവൂരില്‍ ജനിച്ചു. സംഗീതജ്ഞന്മാരുടെ കുടുംബത്തില്‍ ജനിച്ച കൃഷ്ണന് ബാല്യത്തില്‍ത്തന്നെ സംഗീതത്തോട് ആഭിമുഖ്യമുണ്ടായിരുന്നു. പ്രമുഖ സംഗീതജ്ഞനായിരുന്ന പിതാവിന്റെ ശീക്ഷണത്തില്‍ 4-ാമത്തെ വയസ്സില്‍ കൃഷ്ണന്‍ വയലിന്‍ അഭ്യസിച്ചുതുടങ്ങി. പ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാനായിരുന്ന പല്ലടം സഞ്ജീവറാവുവിന് പക്കമേളം വായിച്ചുകൊണ്ടാണ് 12-ാമത്തെ വയസ്സില്‍ കൃഷ്ണന്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. ഇദ്ദേഹത്തിന്റെ വയലിന്‍ വായനയില്‍ ആകൃഷ്ടനായ ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, കൃഷ്ണനെ തന്റെ കച്ചേരികള്‍ക്ക് പക്കമേളം വായിക്കാന്‍ ക്ഷണിച്ചു. തുടര്‍ന്ന് ശെമ്മാങ്കുടിയില്‍ നിന്നു സംഗീതത്തിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ച് അവഗാഹം നേടി. പ്രശസ്ത കര്‍ണാടകസംഗീതജ്ഞരായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, മഹാരാജപുരം വിശ്വനാഥ അയ്യര്‍, മധുര മണിഅയ്യര്‍, ജി.എന്‍. ബാലസുബ്രഹ്മണ്യം, മുസിരി സുബ്രഹ്മണ്യയ്യര്‍, ആലത്തൂര്‍ സഹോദരന്മാര്‍ എന്നിവരുടെ പ്രിയപ്പെട്ട വയലിനിസ്റ്റായിരുന്നു ടി.എന്‍. കൃഷ്ണന്‍. സ്വരശുദ്ധിയും ശബ്ദമാധുരിയും സ്ഫുടതയും കൃഷ്ണന്റെ വയലിന്‍ വായനയുടെ സവിശേഷതകളാണ്. പക്കമേളത്തിനു പുറമേ 'സോളോ' (തനി) വയലിന്‍ കച്ചേരികളും ഇദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

1980-ല്‍ മദ്രാസ് സംഗീത അക്കാദമി 'സംഗീതകലാനിധി' ബഹുമതി നല്കി ഇദ്ദേഹത്തെ ആദരിച്ചു. പദ്മശ്രീ (1973), പദ്മഭൂഷണ്‍ (1992), സംഗീത നാടക അക്കാദമി ഫെല്ലോ (2006), തമിഴ് ഇശയ് സംഘത്തിന്റെ ഇശയ് പേരറിഞ്ചര്‍ (2010) തുടങ്ങിയ പുരസ്കാരങ്ങളും കൃഷ്ണന് ലഭിച്ചിട്ടുണ്ട്.

തമിഴ്നാട് സംഗീതകോളജില്‍ വയലിന്‍ വിഭാഗത്തിന്റെ പ്രൊഫസര്‍, ഡല്‍ഹി സര്‍വകലാശാലയിലെ സ്കൂള്‍ ഒഫ് മ്യൂസിക്കിന്റെ ഡീന്‍, വെസ്ളിയന്‍ സര്‍വകലാശാല(യു.എസ്.) വിസിറ്റിങ് പ്രൊഫസര്‍ എന്നീ പദവികളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍