This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, കെ.എസ്. (1916 - 93) (കഴിമ്പ്രം കെ.എസ്.കെ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, കെ.എസ്. (1916 - 93) (കഴിമ്പ്രം കെ.എസ്.കെ.)

കെ.എസ്.കൃഷ്ണന്‍

പ്രവാസി മലയാളസാഹിത്യകാരന്‍. 'കഴിമ്പ്രം കെ.എസ്.കെ.' എന്ന പേരിലാണ് അറിയപ്പെട്ടത്. പൊന്നാനി താലൂക്ക് പള്ളിപ്രം അംശം കഴിമ്പ്രം ദേശത്ത് കളത്തില്‍ ശങ്കരന്റെയും വല്ലേപ്പറമ്പില്‍ ലക്ഷ്മിയുടെയും പുത്രനായി 1916 ഡി. 25-ന് ജനിച്ചു.

1937-ല്‍ തട്ടപ്പാറ തൂത്തുക്കുടിവഴി, കഴിമ്പ്രം കൊളമ്പില്‍ എത്തി ഒരു റസ്റ്റോറന്റില്‍ കുറേക്കാലം ജോലിചെയ്തു. അക്കാലത്ത് സ്കിന്നേര്‍ഡ് റോഡ് സൌത്തില്‍ നൈറ്റ് സ്കൂളില്‍ ചേര്‍ന്നു പഠിത്തം തുടര്‍ന്നു. അവിടെ വച്ച് മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകള്‍ വശമാക്കി.

1939-ല്‍ സിലോണിലെ 'മാത്തല' എന്ന സ്ഥലത്തെ 'പാക്കിയ വിദ്യാലയ'ത്തില്‍ പ്യൂണ്‍ ജോലി കിട്ടി. അവിടത്തെ അധ്യാപികമാരില്‍ തൃപ്പൂണിത്തുറ കമലാക്ഷി അമ്മയും സംഗീതവിദുഷി സുഭദ്രാമ്മയും ഉള്‍പ്പെട്ടിരുന്നു. ജോലിക്കുശേഷം വൈകിട്ട് അഞ്ച് മണി മുതല്‍ എട്ട് വരെ കഴിമ്പ്രത്തിനെ അവര്‍ മലയാളവും ഇംഗ്ലീഷും പഠിപ്പിച്ചു.

അക്കാലത്തെ കൊളമ്പിലെ മലയാളപത്രങ്ങളായ സമത്വവാദി, ധര്‍മഭടന്‍, നവശക്തി, വിരുതന്‍, വിനോദകാഹളം എന്നിവയില്‍ കഴിമ്പ്രത്തിന്റെ ലേഖനങ്ങളും കവിതകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിരുന്നു.

1940 ജനു. 17-ന് കഴിമ്പ്രം സിലോണ്‍ ലൈറ്റിങ് ഇന്‍ഫന്ററി (സി.എല്‍.ഐ.)യില്‍ ചേര്‍ന്നു. 1941-ല്‍ സിലോണ്‍ ആര്‍മി കോറിലേക്കു മാറി. 1946-ല്‍ യുദ്ധാവസാനത്തോടെ പട്ടാളത്തില്‍ നിന്നു വിരമിച്ചു നാട്ടിലേക്കു മടങ്ങി. പട്ടാളജീവിതത്തിനിടയിലും സാഹിത്യസപര്യ തുടര്‍ന്നുപോന്നു.

1941-നും 44-നും ഇടയ്ക്ക് ശ്രീലങ്കയില്‍ സഖാവിന്റെ ഡയറി, ചോരത്തുള്ളികള്‍, ചെങ്കൊടി എന്നീ പേരുകളില്‍ മൂന്നു കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ നിന്ന് അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന യുദ്ധസഞ്ചികയില്‍ കഴിമ്പ്രം ധാരാളം കഥകള്‍ എഴുതിയിരുന്നു.

ഇദ്ദേഹം 1947-49 കാലഘട്ടത്തില്‍ സിംഗപ്പൂരില്‍ പട്ടാളസേവനം തുടര്‍ന്നു. പിന്നീട് 1950 ജനുവരിയില്‍ സിംഗപ്പൂരില്‍ത്തന്നെ താമസമാക്കി. 1951-ല്‍ കെ.പി. കേശവമേനോന്റെ അവതാരികയോടെ ഭിക്ഷക്കാരി എന്ന പ്രഥമ ചെറുകഥാസമാഹാരം പുറത്തിറക്കി. 1952-ല്‍ മഹാത്മാ എന്ന പേരില്‍ സിംഗപ്പൂരില്‍ ഒരു മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. ഇതിന്റെ പ്രസിദ്ധീകരണം 1957-ല്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ നിരോധിക്കുകയുണ്ടായി. 1952-ല്‍ മാതൃഭൂമിയുടെ സിംഗപ്പൂര്‍ ലേഖകനായി കഴിമ്പ്രം നിയമിതനായി. 1953-ല്‍ സമരപ്രഖ്യാപനം എന്ന പേരിലുള്ള ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചു. മലേഷ്യയിലെ ചില പ്രമുഖ മലയാളികള്‍ (1954) കഴിമ്പ്രത്തിന്റെ മറ്റൊരു കൃതിയാണ്. 1964-ല്‍ പ്രസിദ്ധീകരിച്ച തലവേട്ടക്കാരുടെ നാട്ടില്‍ എന്ന കഴിമ്പ്രത്തിന്റെ സഞ്ചാരസാഹിത്യകൃതി, മലേഷ്യന്‍ പ്രധാനമന്ത്രിയായിരുന്ന തുങ്ക അബ്ദുള്‍ റഹിമാന്റെ പേരിലുള്ള സമ്മാനം നേടുകയുണ്ടായി. ഒരു സിംഗപ്പൂര്‍ മലയാളിയുടെ മരണം (1966, കഥാസമാഹാരം), മാധവി (1971, തമിഴ്കൃതി) എന്നിവയാണ് കഴിമ്പ്രത്തിന്റെ ഇതര കൃതികള്‍.

റേഡിയോ സിംഗപ്പൂര്‍, റേഡിയോ മലേഷ്യ എന്നിവയിലെ ഒരു സ്ഥിരം ആര്‍ട്ടിസ്റ്റായിരുന്നു കഴിമ്പ്രം. റേഡിയോ പ്രക്ഷേപണത്തിനുവേണ്ടി നിരവധി കഥകളും നാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1993 ഒ. 30-ന് ഇദ്ദേഹം അന്തരിച്ചു.

(സി. കൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍