This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, കെ.എസ്. (1898 - 1961)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, കെ.എസ്. (1898 - 1961)

കെ.എസ്.കൃഷ്ണന്‍

ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞന്‍. കരിയമാണിക്കം ശ്രീനിവാസകൃഷ്ണന്‍ 1898 ഡി. 4-ന് തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂരിനടുത്ത വാത്രാപ്പ എന്ന ഗ്രാമത്തില്‍ ജനിച്ചു. മധുരയിലെ അമേരിക്കന്‍ കോളജ്, മദ്രാസിലെ ക്രിസ്ത്യന്‍ കോളജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി ഭൗതികശാസ്ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി. 1920-ല്‍ ഉപരിപഠനത്തിനായി കൊല്‍ക്കത്തയിലെത്തിയ ഇദ്ദേഹത്തിന്റെ കഴിവുകളെ തിരിച്ചറിഞ്ഞ പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമന്‍, കൃഷ്ണനെ കൊല്‍ക്കത്തയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഒഫ് സയന്‍സ് എന്ന സ്ഥാപനത്തില്‍ തന്റെ ഗവേഷക വിദ്യാര്‍ഥിയായി സ്വീകരിച്ചു.

1929-ല്‍ ധാക്കാ സര്‍വകലാശാലയില്‍ 'റീഡര്‍' ഉദ്യോഗത്തില്‍ പ്രവേശിച്ച കൃഷ്ണന്‍ 1933 വരെ അവിടെ തുടര്‍ന്നു. ഇക്കാലത്ത് ധാരാളം ശാസ്ത്രപ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. 1933-ല്‍ വീണ്ടും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഒഫ് സയന്‍സില്‍ മഹേന്ദ്രലാല്‍ സര്‍ക്കാര്‍ റിസര്‍ച്ച് പ്രൊഫസറായി ചേര്‍ന്നു. 1933-ല്‍ കേംബ്രിജിലും ലണ്ടനിലും ഭൗതികശാസ്ത്രവിഷയങ്ങളില്‍ ധാരാളം പ്രസംഗങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ച കൃഷ്ണന് ലിജ് സര്‍വകലാശാലയില്‍ നിന്ന് 1937-ല്‍ ഒരു മെഡലും ലഭിക്കുകയുണ്ടായി. 1940-ല്‍ കൃഷ്ണന് ഫെലോ ഒഫ് റോയല്‍ സൊസൈറ്റി (F.R.S) ബഹുമതിയും 1941-ല്‍ കൃഷ്ണ രാജേന്ദ്ര ജൂബിലി സ്വര്‍ണമെഡലും ലഭിച്ചു. 1942-ല്‍ ഇദ്ദേഹം അലഹബാദ് സര്‍വകലാശാലയില്‍ പ്രൊഫസറായി നിയമിതനായി. 1946-ല്‍ ബ്രിട്ടീഷ് ചക്രവര്‍ത്തി ഇദ്ദേഹത്തെ 'സര്‍' പദവി നല്കി ആദരിച്ചു.

'രാമന്‍പ്രഭാവം' എന്നറിയപ്പെടുന്ന പ്രസിദ്ധമായ ഭൗതിക പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിന് സി.വി. രാമനോടൊത്ത് ഗവേഷണം നടത്തിയവരില്‍ മുഖ്യശാസ്ത്രജ്ഞന്‍ കൃഷ്ണനായിരുന്നു. ഇദ്ദേഹത്തിന്റെ ഗവേഷണജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ കൊല്‍ക്കത്തയില്‍ വച്ച് സി.വി. രാമനോടൊപ്പം പ്രകാശത്തിന്റെ തന്മാത്രീയ പ്രകീര്‍ണനത്തെപ്പറ്റി (molecular scattering of light) ചെയ്ത വിപുലവും, സുപ്രധാനവുമായ ഗവേഷണങ്ങളാണ് 'രാമന്‍പ്രഭാവം' എന്ന പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിലേക്കു രാമനെ നയിച്ചത്. തുടര്‍ന്നും രാമന്‍പ്രഭാവത്തെ സംബന്ധിച്ച ഒട്ടനവധി ഗവേഷണങ്ങള്‍ കൃഷ്ണനും സഹപ്രവര്‍ത്തകരും ചേര്‍ന്നു നടത്തി. ഇദ്ദേഹത്തിന്റെ മറ്റൊരു സുപ്രധാന ഗവേഷണം ക്രിസ്റ്റലുകളിലെ കാന്തിക അസമദിശകത (magnetic anisotropy in crystals)യെ സംബന്ധിച്ചായിരുന്നു. ഈ വിഷയത്തില്‍ മുപ്പതോളം ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ഡയറക്ടറായതിനുശേഷം ഇദ്ദേഹത്തിന്റെ കൂടുതല്‍ ശ്രദ്ധപതിഞ്ഞത് തെര്‍മിയോണിക് എമിഷന്‍ (thermionic emission) എന്ന വിഷയത്തില്‍ ആയിരുന്നു. ഈ മേഖലയിലും ഒട്ടേറെ സുപ്രധാനമായ ഗവേഷണങ്ങള്‍ നടത്തുകയും ഇരുപതോളം പ്രബന്ധങ്ങള്‍ രചിക്കുകയും ചെയ്തു.

ഹിന്ദുമതതത്ത്വങ്ങളില്‍ ഇദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. ഡല്‍ഹി തമിഴ്സംഘം, വൈഷ്ണവ സിദ്ധാന്തസഭ, ഡല്‍ഹി ഭജനസമാജ് എന്നിവയുടെ അധ്യക്ഷനായിരുന്ന കൃഷ്ണന്‍, ശാസ്ത്രത്തിലെന്നപോലെ സംഗീതത്തിലും സാഹിത്യത്തിലും അതീവ തത്പരനായിരുന്നു. മാതൃഭാഷയായ തമിഴിലും നിരവധി ശാസ്ത്രലേഖനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. അറ്റോമിക് എനര്‍ജി കമ്മിഷന്‍ അംഗം (1947-61), 'ബോര്‍ഡ് ഒഫ് റിസര്‍ച്ച് ഇന്‍ ന്യൂക്ലിയര്‍ സയന്‍സി'ന്റെ ചെയര്‍മാന്‍, 'ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ ഇന്റര്‍നാഷണല്‍ ജിയോഫിസിക്കല്‍ ഇയറി'ന്റെ ചെയര്‍മാന്‍, 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഒഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈഡ് ഫിസിക്സി'ന്റെ വൈസ് പ്രസിഡന്റ്, 'ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഒഫ് സയന്റിഫിക് യൂണിയ'ന്റെ വൈസ് പ്രസിഡന്റ് (1955-57) എന്നീ നിലകളിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് അധ്യക്ഷന്‍ (1949), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.

ഇന്ത്യാ ഗവണ്‍മെന്റ് 1954-ല്‍ 'പദ്മഭൂഷണ്‍' ബഹുമതി നല്‍കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. 1955-ല്‍ യു.എസ്. നാഷണല്‍ അക്കാദമി ഒഫ് സയന്‍സ് ഇദ്ദേഹത്തെ വാര്‍ഷികാഘോഷങ്ങളിലെ മുഖ്യാതിഥിയായി സ്വീകരിച്ച് ആദരിക്കുകയും 1956-ല്‍ അംഗമായി അംഗീകരിക്കുകയും ചെയ്തു. 1956-ല്‍ അഖിലേന്ത്യാ റേഡിയോ സംഘടിപ്പിച്ച 'സര്‍ദാര്‍ പട്ടേല്‍' പ്രസംഗം ചെയ്തത് ഇദ്ദേഹമായിരുന്നു. 1961-ല്‍ ഇദ്ദേഹത്തിന് ഭട്നാഗര്‍ അവാര്‍ഡ് നല്കപ്പെട്ടു. ഈ അവാര്‍ഡ് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ കൃഷ്ണനാണ്.

ഊര്‍ജതന്ത്രത്തിലെ വിവിധ മേഖലകളിലായി നൂറ്റിമുപ്പതിലേറെ ഗവേഷണപ്രബന്ധങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രകാശശാസ്ത്രം (optics), കാന്തത ( magnetism), ഖരാവസ്ഥാഭൗതികം (solid state physics), താപായണവിജ്ഞാനം (thermionics) എന്നീ മേഖലകളിലായിരുന്നു ഇദ്ദേഹം കൂടുതല്‍ താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്നത്.

സ്വതന്ത്രഭാരതത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി(ഡല്‍ഹി)യുടെ ഡയറക്ടറായി മരിക്കുന്നതുവരെ കൃഷ്ണന്‍ സേവനമനുഷ്ഠിച്ചു. 1961 ജൂണ്‍ 14-ന് ഡല്‍ഹിയില്‍ വച്ച് ഇദ്ദേഹം അന്തരിച്ചു.

(ഡോ. ആര്‍.എസ്. കൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍