This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, എം.കെ. (1924 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, എം.കെ. (1924 - 95)

എം.കെ.കൃഷ്ണന്‍

മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവും. 1924 ജനു. 15-ന് എറണാകുളം ജില്ലയിലെ എടവനക്കാട് മുല്ലവാതുക്കത്തറ വീട്ടില്‍ കണ്ണന്റെയും അഴകിയുടെയും മകനായി ജനിച്ചു. ദാരിദ്ര്യത്തെയും ജാതീയ അവഗണനകളെയും മറികടന്ന് ബിരുദതലംവരെ പഠിച്ചു. എടവനക്കാട് പ്രൈമറി സ്കൂള്‍, ചെറായി രാമവര്‍മ യൂണിയന്‍ ഹൈസ്കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. സാമൂഹിക അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ വിദ്യാര്‍ഥിജീവിതകാലം മുതല്ക്കേ ശബ്ദമുയര്‍ത്തിയ ഇദ്ദേഹം 1941-ല്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായി. ഇക്കാലത്തുതന്നെ പുലയര്‍ മഹാസഭയുടെ പ്രവര്‍ത്തകനുമായി. 1947-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ എം.കെ. കൃഷ്ണന്‍, ജന്മിത്വത്തിനെതിരെ 1948-ല്‍ നടന്ന പാലിയം സത്യഗ്രഹത്തില്‍ പങ്കെടുത്തു. കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ചെത്തു തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിച്ച ഇദ്ദേഹം 1948-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചപ്പോള്‍ രണ്ടുകൊല്ലക്കാലം ഒളിവില്‍ക്കഴിഞ്ഞു. ഒളിവുജീവിതകാലത്ത് കുടകിലും പിന്നീട് ബംഗളൂരുവിലും എത്തി. ബംഗളൂരുവില്‍ മാര്‍ജറിന്‍ റിഫൈന്‍സ് ഓയില്‍ മില്‍സില്‍ കെമിസ്റ്റായി ജോലി നോക്കി.

ഒളിവുജീവിതത്തിനുശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഇദ്ദേഹം പുലയര്‍ മഹാസഭയുടെ സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഇദ്ദേഹം പാര്‍ട്ടി നിര്‍ദേശപ്രകാരം വൈപ്പിന്‍ ചെത്തു തൊഴിലാളി യൂണിയന്‍, എറണാകുളം ജില്ലാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ മുതലായ പോഷകസംഘടനകളില്‍ നേതൃപരമായ ചുമതലകള്‍ വഹിച്ചു. 1953-ല്‍ എടവനക്കാട് പഞ്ചായത്ത് അംഗവും പിന്നീട് ഏറെക്കാലം പഞ്ചായത്ത് പ്രസിഡന്‍ഡുമായി. ദലിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ പഞ്ചായത്ത് പ്രസിഡന്‍ഡാവുന്നത് അക്കാലത്ത് അപൂര്‍വമായിരുന്നു. 1960-കളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ഉണ്ടായ അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് ഇദ്ദേഹം റിവിഷനിസത്തിനെതിരായ നിലപാട് സ്വീകരിക്കുകയും പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.(എം.)-ല്‍ നിലയുറപ്പിക്കുകയും ചെയ്തു. 1964-ല്‍ കേരള നിയമസഭയിലേക്ക് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തില്‍ സി.പി.ഐ.(എം).ന്റെ സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ട ഇദ്ദേഹത്തെ പൊലീസ് അറസ്റ്റുചെയ്യുകയും രണ്ടുകൊല്ലം ജയിലിലടയ്ക്കുകയും ചെയ്തു. 1967-ല്‍ കുന്നത്തുനാട് നിന്നും വീണ്ടും മത്സരിക്കുകയും ഇ.എം.എസ്. നേതൃത്വം നല്‍കിയ സപ്തകക്ഷി മന്ത്രിസഭയില്‍ വനംവകുപ്പുമന്ത്രിയാവുകയും ചെയ്തു.

1952-ല്‍ ഇദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാകമ്മിറ്റി അംഗവും 1957-ല്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും 1967-ല്‍ സി.പി.ഐ.(എം). സംസ്ഥാനകമ്മിറ്റിയില്‍ ക്ഷണിതാവും 1968-ല്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി. പത്തുവര്‍ഷക്കാലം സി.പി.ഐ.(എം)ന്റെ പാലക്കാട് ജില്ലാസെക്രട്ടറിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം കര്‍ഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന - അഖിലേന്ത്യാ ജനറല്‍സെക്രട്ടറിയായിരുന്നിട്ടുണ്ട്. 1995 ന. 14-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍