This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണനാശാന്‍, കരുവാ എം. (1868 - 1935)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണനാശാന്‍, കരുവാ എം. (1868 - 1935)

ഹിന്ദുമതപണ്ഡിതനും ഗ്രന്ഥകാരനും. കൊല്ലത്ത് ഏറത്തുവീട്ടില്‍ മാധവനാശാന്റെ മകനായി 1868 ഫെ. (1043 കുംഭം 9-ന്)യില്‍ ജനിച്ചു. വെളുത്തേരി കേശവന്‍ വൈദ്യന്‍ മുതലായ ഗുരുക്കന്മാരില്‍നിന്നും സംസ്കൃതം അഭ്യസിച്ചശേഷം വെങ്കിടഗിരിശാസ്ത്രികള്‍, ചട്ടമ്പിസ്വാമികള്‍, നാരായണഗുരുസ്വാമികള്‍ എന്നിവരുടെ ശിഷ്യനായി ഹിന്ദുമതസംബന്ധമായ പ്രമാണഗ്രന്ഥങ്ങള്‍ പഠിച്ചു. വൈദ്യശാസ്ത്രത്തിലും പാണ്ഡിത്യം നേടി. ഒരു ഹിന്ദുമതപ്രഭാഷകന്‍ എന്ന നിലയിലാണ് പരക്കെ അറിയപ്പെട്ടിരുന്നത്. ഏറത്തു കൃഷ്ണനാശാന്‍ എന്ന പേരില്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്ന ഇദ്ദേഹം തൃക്കടവൂര്‍ കരുവാ എന്ന സ്ഥലത്തേക്കു താമസം മാറ്റിയതോടുകൂടി കരുവാ കൃഷ്ണനാശാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇദ്ദേഹം വിദ്യാവിലാസിനി എന്ന മാസിക നടത്തിവന്നിരുന്നു. ശ്രീമൂലം പ്രജാസഭാസാമാജികനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വിജയധ്വജം മുതലായ പരമതഖണ്ഡനഗ്രന്ഥങ്ങളും അര്‍ക്കപ്രകാശം, ചികിത്സാക്രമകല്പവല്ലി, വൈദ്യമനോരമ തുടങ്ങിയ വൈദ്യശാസ്ത്രഗ്രന്ഥങ്ങളും (വിവര്‍ത്തനങ്ങള്‍) ശാകുന്തളം നാടകതര്‍ജുമയും ഇദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു. വിഗ്രഹാരാധനയിലും ഭസ്മധാരണത്തിലും ഉറച്ച വിശ്വാസവും നിഷ്ഠയും ഇദ്ദേഹത്തിനുണ്ടായിരുന്നു. 'കേരളവര്‍മവിദ്യാമന്ദിരം' എന്ന സംസ്കൃതവിദ്യാലയവും 'രാജരാജവിലാസം' എന്നൊരു അച്ചുക്കൂടവും കരുവാ കൃഷ്ണനാശാന്‍ സ്ഥാപിച്ചിട്ടുണ്ട്. 1935 ഡി. 3-നു ഇദ്ദേഹം അന്തരിച്ചു.

(എം.പി. അപ്പന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍