This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃപലാനി, ആചാര്യ ജെ.ബി. (1888 - 1982)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃപലാനി, ആചാര്യ ജെ.ബി. (1888 - 1982)

ആചാര്യ ജെ.ബി. കൃപലാനി

സ്വാതന്ത്ര്യസമര നേതാവും പ്രമുഖ ഗാന്ധിയനും. ആചാര്യ കൃപലാനി എന്ന പേരിലാണ്‌ പരക്കെ അറിയപ്പെടുന്നത്‌. ജീവത്‌ റാം ഭഗവന്‍ ദാസ്‌ കൃപലാനി എന്നാണ്‌ മുഴുവന്‍ പേര്‌. സിന്‍ഡ്‌ പ്രവിശ്യയിലെ തലസ്ഥാനമായിരുന്ന ഹൈദരാബാദിലെ ഉപരിമധ്യവര്‍ഗത്തില്‍ പ്പെട്ട ക്ഷത്രിയകുടുംബത്തില്‍ ജനിച്ചു. പിതാവായ ക.ക. ഭഗവന്‍ ദാസ്‌ ഒരു തഹസില്‍ ദാര്‍ ആയിരുന്നു. കൃപലാനിക്ക്‌ ആറ്‌ സഹോദരന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നു. സിന്‍ഡില്‍ നിന്ന്‌ മെട്രിക്കുലേഷന്‍ പാസായ കൃപലാനി ബോംബെയിലെ വില്‍ സണ്‍ കോളജില്‍ ചേര്‍ന്നു. ബംഗാള്‍വിഭജനത്തിന്റെ കാലമായിരുന്നു അത്‌. വിദ്യാര്‍ഥികളുടെ ഇടയിലെ അസ്വസ്ഥത കൃപലാനിയെയും ബാധിച്ചു. ഇദ്ദേഹത്തിനു കറാച്ചിയിലെ ഡി.ജെ. സിന്‍ഡ്‌ കോളജിലേക്കു വിടുതല്‍ വാങ്ങി പോകേണ്ടിവന്നു. അവിടെ നിന്നും പുറത്തായ കൃപലാനി പൂണെയില്‍ ദേശീയവാദികളുടെ നേതൃത്വത്തിലുള്ള ഫെര്‍ഗൂസന്‍ കോളജില്‍ ചേര്‍ന്നു. 1908-ല്‍ ബിരുദം നേടി. പില്‌ക്കാലത്ത്‌ ചരിത്രത്തിലും സാമ്പത്തിക ശാസ്‌ത്രത്തിലും മാസ്റ്റര്‍ ബിരുദം സമ്പാദിച്ചു. 1912 മുതല്‍ 17 വരെ ബിഹാറിലെ മുസാഫര്‍പൂര്‍ കോളജില്‍ ഇംഗ്ലീഷിന്റെയും ചരിത്രത്തിന്റെയും പ്രൊഫസറായും 1919-20-ല്‍ ബനാറസ്‌ സര്‍വകലാശാലയില്‍ പൊളിറ്റിക്‌സ്‌ പ്രൊഫസറായും ജോലിനോക്കി. 1920 മുതല്‍ 27 വരെ ഗാന്ധിജി സ്ഥാപിച്ച ഗുജറാത്ത്‌ വിദ്യാപീഠത്തിന്റെ പ്രിന്‍സിപ്പലായിരുന്നു. 1927 മുതല്‍ ഇദ്ദേഹം ആശ്രമവൃത്തിയിലും കോണ്‍ഗ്രസ്‌ രാഷ്‌ട്രീയപ്രസ്ഥാനത്തിലും പൂര്‍ണമായും മുഴുകി. ഗുജറാത്ത്‌ വിദ്യാപീഠത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്‌ ആചാര്യ എന്ന പദവി ലഭിച്ചത്‌. സഹരാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ഇടയില്‍ ഇദ്ദേഹം "ദാദാ' എന്ന്‌ അറിയപ്പെട്ടു.

1917-ലെ ചംപാരന്‍ സത്യഗ്രഹകാലത്താണ്‌ ഇദ്ദേഹം ഗാന്ധിജിയുമായി ആദ്യമായി അടുത്തുബന്ധപ്പെട്ടതും തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ഒരു വിശ്വസ്‌താനുയായിയും ഗാന്ധിയന്‍ തത്ത്വശാസ്‌ത്രത്തിന്റെ പ്രചാരകനുമായിത്തീര്‍ന്നതും. 1936-ല്‍ ഇദ്ദേഹം ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വനിതാകോളജില്‍ അധ്യാപികയായ സുചേതയെ (നോ. സുചേതാകൃപലാനി) വിവാഹം കഴിച്ചു. സ്വാതന്ത്യ്രാനന്തരകാലത്ത്‌ ഇരുവരും വ്യത്യസ്‌ത രാഷ്‌ട്രീയാദര്‍ശങ്ങളും കക്ഷിബന്ധങ്ങളും പുലര്‍ത്തിയെങ്കിലും നാലുദശകക്കാലത്തെ ദാമ്പത്യജീവിതത്തില്‍ ഇവര്‍ തമ്മില്‍ അടുത്ത ഐക്യവും പരസ്‌പര ധാരണയും പുലര്‍ത്തിപ്പോന്നു. 1934 മുതല്‍ 45 വരെ കൃപലാനി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ദേശീയപ്രസ്ഥാനം പല വെല്ലുവിളികളെയും നേരിട്ടിരുന്ന ഈ നിര്‍ണായകഘട്ടത്തില്‍ കോണ്‍ഗ്രസ്സില്‍ ഐക്യവും കെട്ടുറപ്പും വളര്‍ത്തിയെടുക്കാന്‍ ഇദ്ദേഹം അര്‍പ്പണബുദ്ധിയോടുകൂടി പരിശ്രമിച്ചു. 1938-ല്‍ സുഭാഷ്‌ ചന്ദ്രബോസ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള ഭിന്നിപ്പില്‍ കൃപലാനി ഗാന്ധിജിയുടെ പക്ഷത്തായിരുന്നു. നിരവധി തവണ ജയില്‍ ജീവിതമനുഭവിച്ച കൃപലാനി 1942-ലെ ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭണകാലത്ത്‌ വീണ്ടും അറസ്റ്റ്‌ ചെയ്യപ്പെടുകയും മറ്റുനേതാക്കളോടൊപ്പം 1945 വരെ ജയില്‍ വാസമനുഭവിക്കുകയും ചെയ്‌തു. 1946-ല്‍ കോണ്‍ഗ്രസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അധികാരക്കൈമാറ്റക്കാലത്ത്‌ സംഘടനയെ നയിച്ചത്‌ ഇദ്ദേഹമാണ്‌. 1947 നവംബറിലെ എ.ഐ.സി.സി. സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന കൃപലാനി സംഘടനാ വിഭാഗത്തിന്‌ പാര്‍ലമെന്ററി വിഭാഗത്തിന്മേല്‍ പരമാധികാരമുണ്ടായിരിക്കണമെന്നു വാദിച്ചു. ജവാഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ , ഗോവിന്ദവല്ലഭ്‌ പന്ത്‌ മുതലായവര്‍ ഇതിനെ എതിര്‍ത്തു. അസ്വാരസ്യമൊഴിവാക്കുന്നതിന്‌ കൃപലാനി പ്രസിഡന്റുപദം രാജിവച്ചു. 1951-ല്‍ ഇദ്ദേഹം കോണ്‍ഗ്രസ്സില്‍ നിന്ന്‌ എന്നെന്നേക്കുമായി പിരിഞ്ഞു. ഇദ്ദേഹം വിജില്‍ എന്ന പേരില്‍ ഒരു പ്രതിവാരപത്രം ആരംഭിച്ചു. 1951 ജൂണ്‍ മാസത്തില്‍ ഇദ്ദേഹം പി.സി.ഘോഷ്‌, ടി.പ്രകാശം മുതലായ മുന്‍ കോണ്‍ഗ്രസ്‌ നേതാക്കളുമായിച്ചേര്‍ന്ന്‌ കിസാന്‍ മസ്‌ദൂര്‍ പ്രജാപാര്‍ട്ടി (കെ.എം.പി.പി.) രൂപവത്‌കരിച്ചു. കെ.എം.പി.പി.യും കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയും ചേര്‍ന്ന്‌ പ്രജാസോഷ്യലിസ്റ്റ്‌ പാര്‍ട്ടി (പി.എസ്‌.പി.) രൂപവത്‌കരിച്ചതും കൃപലാനിയുടെ നേതൃത്വത്തിലായിരുന്നു. 1954-ല്‍ ഇദ്ദേഹം പി.എസ്‌.പി.യില്‍ നിന്നും രാജിവച്ചു. 1971 വരെ ഇദ്ദേഹം ലോക്‌സഭയില്‍ പ്രതിപക്ഷത്തിലെ ഒന്നാംകിട നേതാവായി ശോഭിച്ചു. കുറേനാള്‍ രാഷ്‌ട്രീയത്തില്‍ നിന്ന്‌ വിട്ടുനിന്ന കൃപലാനി 1977-ല്‍ ജനതാപാര്‍ട്ടി രൂപവത്‌കരണത്തിലും അതിന്റെ പാര്‍ലമെന്ററി നേതാവ്‌ തെരഞ്ഞെടുപ്പിലും സജീവമായി പങ്കെടുത്തു. കുശാഗ്രബുദ്ധിയും കര്‍മനിരതനും തികച്ചും സ്വതന്ത്രചിന്തകനുമായ കൃപലാനി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. നോണ്‍ വയലന്റ്‌ റവലൂഷന്‍, ദ്‌ ഗാന്ധിയന്‍ വേ, ദി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌, ദ്‌ ഫേറ്റ്‌ ഫുള്‍ ഇയേഴ്‌സ്‌, ദ്‌ പൊളിറ്റിക്‌സ്‌ ഒഫ്‌ ചര്‍ക്ക, ദ്‌ ഫ്യൂച്ചര്‍ ഒഫ്‌ ദ്‌ കോണ്‍ഗ്രസ്‌, ദ്‌ ഗാന്ധിയന്‍ ക്രിട്ടിക്‌ എന്നിവയാണ്‌ അവയില്‍ പ്രധാനം.

1982 മാ. 19-നു അഹമ്മദാബാദില്‍ വച്ച്‌ ആചാര്യ കൃപലാനി അന്തരിച്ചു.

(ഡോ. ഡി. ജയദേവദാസ്‌; പ്രൊഫ. ലോറന്‍സ്‌ ലോപ്പസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍