This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃതയുഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:07, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കൃതയുഗം

ഹൈന്ദവവിശ്വാസപ്രകാരം ചതുർയുഗങ്ങളിലാദ്യത്തേത്‌. ഈ യുഗത്തിൽ ജനിക്കുന്നവർ കൃതകൃത്യരാകയാലാണ്‌ ഇതിന്‌ കൃതയുഗമെന്നു പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. ഇതിനു സത്യയുഗമെന്നും പേരുണ്ട്‌. ഈ യുഗത്തിൽ ജനങ്ങള്‍ സമ്പൂർണ ധർമിഷ്‌ഠരും സർവശാസ്‌ത്രപാരംഗതരും ശോകവ്യാധിരഹിതരുമായിരുന്നെന്നും അസൂയ, പക, ക്രൗര്യം മുതലായ ദുഷ്‌ടവാസനകള്‍ അന്നുണ്ടായിരുന്നില്ലെന്നും ആണ്‌ വിശ്വാസം. നാലായിരം വർഷം മനുഷ്യായുസ്‌ ഉണ്ടായിരുന്ന ഈ യുഗത്തിൽ ഒരു വേദമേ ഉണ്ടായിരുന്നുള്ളൂ. സൂര്യന്‍, ചന്ദ്രന്‍, ബൃഹസ്‌പതി (വ്യാഴം) ഈ മൂന്നു ഗ്രഹങ്ങളും പൂയം നക്ഷത്രത്തിൽ ചേർന്നു നില്‌ക്കുമ്പോള്‍ കൃതയുഗം ആരംഭിക്കുന്നുവെന്നു പറയപ്പെടുന്നു.

മനുഷ്യന്റെ ഒരു വർഷമാണ്‌ ദേവന്മാരുടെ ഒരു അഹോരാത്രം. ദേവന്മാരുടെ മുന്നൂറു അഹോരാത്രമത്ര ഒരു ദിവ്യവത്സരം. നാലായിരത്തി എണ്ണൂറു ദിവ്യവത്സരമാണ്‌ ഒരു കൃതയുഗം. ചതുർയുഗാവസാനത്തിൽ നഷ്‌ടപ്പെടുന്ന വേദങ്ങളെ വീണ്ടും കൃതയുഗാരംഭത്തിൽ സപ്‌തർഷികള്‍ സ്വർഗത്തിൽ നിന്നിറങ്ങിവന്നു പ്രചരിപ്പിക്കുന്നുവെന്നും ധർമശാസ്‌ത്രങ്ങളുടെ രചയിതാവായ മനു കൃതയുഗന്തോറും ജനിക്കുന്നുവെന്നുമാണ്‌ വിശ്വാസം. ഈ യുഗത്തിൽ മഹാവിഷ്‌ണു കപിലാദികളുടെ രൂപമെടുത്തു പരമജ്ഞാനം ഉപദേശിക്കുന്നു. വിഷ്‌ണു കൃതയുഗത്തിൽ ശംഖക്ഷീര വപുസ്സായിരിക്കും.

"ശംഖക്ഷീര വപുഃപുരാകൃതയുഗേ നാമ്‌നാതു നാരായണഃ-' പണ്ടു കൃതയുഗത്തിൽ വിഷ്‌ണു, നാരായണനെന്ന പേരോടെ ശംഖ്‌, പാല്‌ ഇവ പോലെ വെളുത്ത ശരീരമുള്ളവനായിരുന്നു (ബാലചരിതം-ഭാസന്‍). ഈ യുഗത്തിൽ ധർമം നാലുകാലിലും (സത്യം, ദയ, തപസ്‌, ശൗചം) ഊന്നി നില്‌ക്കുന്നുവെന്നു ഭാഗവതത്തിൽ പ്രസ്‌താവിച്ചു കാണുന്നു. ഓരോ യുഗം കഴിയുന്തോറും ധർമത്തിന്റെ പാദം ഓരോന്നായി നഷ്‌ടപ്പെടുമെന്നും കലിയുഗാവസാനമാകുമ്പോഴേക്കും അധർമം മാത്രമേ കാണുകയുള്ളൂവെന്നും പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നു.

(മുതുകുളം ശ്രീധർ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%83%E0%B4%A4%E0%B4%AF%E0%B5%81%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍