This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂളൂം, ചാള്‍സ്‌ അഗസ്റ്റിന്‍ (1736 - 1806)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂളൂം, ചാള്‍സ്‌ അഗസ്റ്റിന്‍ (1736 - 1806)

Coulomb, Charles Augstin

ചാള്‍സ്‌ അഗസ്റ്റിന്‍ കൂളൂം

ഫ്രഞ്ച്‌ ഭൗതികശാസ്‌ത്രജ്ഞന്‍. 1736 ജൂണ്‍ 14-ന്‌ ആന്‍ഗുലേമില്‍ ജനിച്ചു. ഒരു മിലിട്ടറി എന്‍ജിനീയറായി ഫ്രാന്‍സിനുവേണ്ടി വെസ്റ്റ്‌ ഇന്‍ഡീസില്‍ സേവനമനുഷ്‌ഠിച്ചിരുന്ന കൂളൂം, 1789-ല്‍ ഫ്രഞ്ച്‌ വിപ്ലവം ആരംഭിച്ചതോടെ സൈനികരംഗത്തുനിന്ന്‌ വിരമിച്ച്‌ പൂര്‍ണമായും ശാസ്‌ത്രഗവേഷണങ്ങളില്‍ മുഴുകി. 1781-ല്‍ പാരിസ്‌ അക്കാദമി ഒഫ്‌ സയന്‍സസ്‌ അംഗമായും 1802-ല്‍ ഇന്‍സ്‌പെക്‌റ്റര്‍ ഒഫ്‌ പബ്ലിക്‌ ഇന്‍സ്‌റ്റ്രക്ഷന്‍ ആയും ഇദ്ദേഹം നിയമിതനായിരുന്നു.

1777-ല്‍ കൂളൂം ടോര്‍ഷന്‍ ബാലന്‍സ്‌ എന്ന ഉപകരണം രൂപകല്‌പന ചെയ്‌തു. 1779-ല്‍ ഘര്‍ഷണത്തെക്കുറിച്ചും 1781-ല്‍ കാറ്റാടി യന്ത്രത്തെ സംബന്ധിച്ചും 1784-ല്‍ ലോഹങ്ങള്‍, സില്‍ ക്കുനാരുകള്‍ എന്നിവയുടെ ടോര്‍ഷണല്‍ ഇലാസ്‌തികതയെക്കുറിച്ചും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. വൈദ്യുതിയെ സംബന്ധിച്ചുള്ള കൂളൂമിന്റെ പ്രബന്ധങ്ങള്‍ 1785-89 കാലയളവില്‍ മെമോയേര്‍സ്‌ ദെലെ അക്കാദമി റോയല്‍ ദെ സയന്‍സസ്‌ (Memoirs de l' Academice royale des sciences) എന്ന ഗ്രന്ഥത്തിലാണ്‌ പ്രസിദ്ധീകൃതമായത്‌. ഇതില്‍ ആദ്യത്തെ മൂന്നെണ്ണം 1785-ലും ബാക്കിയുള്ളവ പിന്നീടുള്ള നാലു വര്‍ഷങ്ങളിലായും പ്രസിദ്ധീകരിക്കപ്പെട്ടു. വൈദ്യുത വികര്‍ഷണത്തെക്കുറിച്ചുള്ള പ്രീസ്റ്റ്‌ലിയുടെ നിയമം ടോര്‍ഷന്‍ ബാലന്‍സ്‌ ഉപയോഗിച്ച്‌ കൂളൂം ഈ പ്രബന്ധത്തില്‍ സ്ഥിരീകരിച്ചു. കൂടാതെ വൈദ്യുതചാര്‍ജ്‌ വഹിക്കുന്ന രണ്ടു വസ്‌തുക്കള്‍ തമ്മിലുള്ള ആകര്‍ഷണമോ വികര്‍ഷണമോ ആയ ബലം ചാര്‍ജുകളുടെ ഗുണനഫലത്തിന്‌ ആനുപാതികവും അവ തമ്മിലുള്ള ദൂരത്തിന്റെ വര്‍ഗത്തിനു വിപരീതാനുപാതിക (inversely proportional)വും ആയിരിക്കുമെന്ന്‌ ഇദ്ദേഹം അനുമാനിക്കുകയുണ്ടായി. ഇത്‌ "കൂളൂമിന്റെ പ്രതിലോമവര്‍ഗനിയമം' എന്ന്‌ അറിയപ്പെടുന്നു.

1806 ആഗ. 23-ന്‌ പാരിസില്‍ വച്ച്‌ കൂളൂം, നിര്യാതനായി. ഇദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി വൈദ്യുതിയിലെ ഒരു ഏകകത്തിന്‌ കൂളൂം എന്ന്‌ നാമകരണം ചെയ്‌തിട്ടുണ്ട്‌. നോ. കൂളൂം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍