This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂപ്പർ, വില്യം (1731 - 1800)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂപ്പര്‍, വില്യം (1731 - 1800)

Cowper, William

ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ റൊമാന്റിക്‌ പ്രസ്ഥാനത്തിലെ അഗ്രഗാമികളില്‍ ഒരാളായ ആംഗലേയ കവി. ആദര്‍ശവാദതീവ്രതയും ലളിതമായ കാവ്യശൈലിയും ഉത്‌കടമായ ആത്മാവിഷ്‌കരണപ്രവണതയും ഇദ്ദേഹത്തിന്റെ കവിതയുടെ സവിശേഷതകളാണ്‌.

വില്യം കൂപ്പര്‍

ഇദ്ദേഹം ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷയറിലെ ഗ്രറ്റ്‌ ബെര്‍ക്കം സ്റ്റെഡില്‍ 1731 നവംബറില്‍ ജനിച്ചു. പിതാവ്‌ ഒരു പുരോഹിതനും മാതാവ്‌ ജോണ്‍ ഡോണി എന്ന കവിയുടെ വംശക്കാരിയായ ആനി ഡോണി കൂപ്പറും ആയിരുന്നു. തന്റെ ആറാമത്തെ വയസ്സില്‍ മാതാവ്‌ മരിച്ചു. ബോര്‍ഡിങ്‌ സ്‌കൂളില്‍ പഠനം ആരംഭിച്ചെങ്കിലും ഇദ്ദേഹത്തിന്‌ അവിടത്തെ ജീവിതം അസഹനീയമായിത്തോന്നി. 1741 മുതല്‍ 48 വരെ വെസ്റ്റ്‌ മിനിസ്റ്റര്‍ സ്‌കൂളില്‍ പഠിച്ചു. അവിടെ വാറണ്‍ ഹേസ്റ്റിങ്‌സും പ്രസിദ്ധ കവിയായ ചാള്‍സ്‌ ചര്‍ച്ചിലും ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. പിതാവിന്റെ ആഗ്രഹപ്രകാരം അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. പക്ഷേ അതില്‍ താത്‌പര്യം കാണിച്ചില്ല. അമ്മാവന്റെ മകളായ തിയോഡോറയില്‍ അനുരക്തനാവുകയും അനേകം പ്രമകവിതകള്‍ എഴുതുകയും ചെയ്‌തു. അമ്മാവന്‍ അവരുടെ വിവാഹബന്ധത്തിന്‌ അനുകൂലിക്കാത്തത്‌ ഒരു കനത്ത പ്രഹരമായിത്തീര്‍ന്നു. 1752 മുതല്‍ കൂപ്പര്‍ മനോരോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു; പല പ്രാവശ്യം ആത്മഹത്യക്ക്‌ ഒരുങ്ങിയിട്ടുമുണ്ട്‌.

1765-ല്‍ മോര്‍ലി ഉണ്‍വിന്‍ എന്നൊരു പുരോഹിതന്റെ കുടുംബവുമായുണ്ടായ അടുപ്പം ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം കുറിച്ചു. അവരുടെ കൂടെ താമസമാക്കിയ കൂപ്പറെ മിസിസ്‌ ഉണ്‍വിന്‍ സ്‌നേഹപൂര്‍വം പരിചരിക്കുകയും സാഹിത്യയത്‌നങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. 1767-ല്‍ മോര്‍ലി ഉണ്‍വിന്‍ കുതിരപ്പുറത്തുനിന്നു വീണു മരണമടഞ്ഞപ്പോള്‍ മറ്റൊരു പുരോഹിതനായ ജോണ്‍ ന്യൂട്ടന്റെ ക്ഷണപ്രകാരം ഉണ്‍വിന്‍ കുടുംബാംഗങ്ങളോടൊപ്പം ബക്കിങ്‌ഹാമിലേക്കു താമസം മാറ്റി. അവിടെവച്ചു ന്യൂട്ടനുമായി ചേര്‍ന്നു "ഓള്‍നി സങ്കീര്‍ത്തനങ്ങള്‍' (Olney Hymns)രചിച്ചു (1779). ബൈബിളിലെ കഥകളെയും കാവ്യബിംബങ്ങളെയും ഉപജീവിച്ചു രചിച്ച കീര്‍ത്തനങ്ങളുടെ സമാഹാരമായ ഓള്‍നി ഹിംസില്‍ സാര്‍വലൗകികമായ മതാനുഭൂതികളുടെ കലാസുഭഗമായ ആവിഷ്‌കാരം കാണാം. "ലൈറ്റ്‌ ഷൈനിങ്‌ ഔട്‌ ഒഫ്‌ ഡാര്‍ക്‌നസ്‌', "വോക്കിങ്‌ വിത്‌ഗോഡ്‌', "ലൈവ്‌ലി ഹോപ്‌ ആന്‍ഡ്‌ ഗ്രയ്‌ഷ്യസ്‌ ഫിയര്‍' തുടങ്ങിയ കവിതകള്‍ ഇക്കൂട്ടത്തില്‍ മികച്ചുനില്‍ ക്കുന്നു.

1779-ഓടുകൂടി കൂപ്പര്‍ താരതമ്യേന പ്രശാന്തമായ ഒരു ജീവിതഘട്ടത്തിലേക്കു പ്രവേശിച്ചു. മേരി അണ്‍വിന്റെ നിര്‍ദേശപ്രകാരം "റ്റെയ്‌ബിള്‍ ഒഫ്‌ ടോക്‌', "ദ്‌ പ്രോഗ്രസ്‌ ഒഫ്‌ എറര്‍' തുടങ്ങിയ എട്ട്‌ ആക്ഷേപഹാസ്യകവിതകള്‍ ഇക്കാലത്തു കൂപ്പര്‍ രചിക്കുകയുണ്ടായി. മറ്റു ചില കവിതകളോടൊപ്പം ഇവ പോയംസ്‌ എന്ന പേരില്‍ 1782-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. "വേഴ്‌സസ്‌ സപ്പോസ്‌ഡ്‌ റ്റു ബി റിട്ടണ്‍ ബൈ അലക്‌സാണ്ടര്‍ സെല്‍ ക്കിര്‍ക്‌' എന്ന പ്രസിദ്ധമായ കവിത ഈ സമാഹാരത്തിലാണ്‌ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. 1785-ല്‍ പ്രസിദ്ധീകരിച്ച ദ്‌ ടാസ്‌ക്‌, ദ്‌ ഹിസ്റ്ററി ഒഫ്‌ ജോണ്‍ ഗില്‍ പിന്‍ എന്നീ കൃതികളില്‍ ഫലിതത്തോടൊപ്പം വിഷാദഭാവവും ആവിഷ്‌കൃതമായിട്ടുണ്ട്‌. ദ്‌ ടാസ്‌കിന്റെ മൂന്നാം ഖണ്ഡത്തില്‍ , കൂട്ടംതെറ്റി പരവശനായ ഒരു മാനെന്നാണ്‌ കവി സ്വയം വിശേഷിപ്പിക്കുന്നത്‌. "ലൈന്‍സ്‌ റിട്ടണ്‍ ഡ്യൂറിങ്‌ എ പിര്യേഡ്‌ ഒഫ്‌ ഇന്‍സാനിറ്റി', മരണത്തിനു തൊട്ടുമുമ്പെഴുതിയ "ദ്‌ കാസ്റ്റെവേ' തുടങ്ങിയ കവിതകളിലും വിഷാദം മുന്നിട്ടുനില്‍ ക്കുന്നു. "ഓണ്‍ ദ്‌ ലോസ്‌ ഒഫ്‌ ദ്‌ റോയല്‍ ജോര്‍ജ്‌' എന്ന വിലാപകവിത തോമസ്‌ ഗ്രയുടെ പ്രസിദ്ധമായ വിലാപകാവ്യത്തോട്‌-"എലിജി റിട്ടണ്‍ ഇന്‍ എ കണ്‍ട്രി ചര്‍ച്ച്‌യാഡ്‌'- കിടപിടിക്കാന്‍ പോന്നതെന്നാണ്‌ നിരൂപകമതം. മേരി അണ്‍വിനുമായുള്ള കൂപ്പറിന്റെ സൗഹൃദം കാവ്യരൂപമാര്‍ജിച്ചതാണ്‌ 1793-ല്‍ രചിച്ച "റ്റു മിസിസ്‌ അണ്‍വിന്‍' എന്ന ഗീതകവും "റ്റു മേരി' എന്ന മറ്റൊരു കവിതയും. ജീവിതത്തിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള കവിയുടെ ചിന്തകള്‍ "യാഡ്‌ലി ഓക്‌' എന്ന കവിതയില്‍ കാണാം.

കൂപ്പര്‍ അവസാനകാലത്തു രചിച്ച ചില കവിതകള്‍ അദ്ദേഹത്തിന്റെ മരണത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി-അഡെല്‍ ഫി (1802), പോസ്‌തുമസ്‌ പോയട്രി (1815), പോയംസ്‌ നൗ ഫസ്റ്റ്‌ പബ്ലിഷ്‌ഡ്‌ (1825), ന്യൂ പോയംസ്‌ (1931) തുടങ്ങിയവ. വിവര്‍ത്തകനെന്ന നിലയിലും കൂപ്പര്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. രണ്ടു വാല്യങ്ങളിലുള്ള ഹോമര്‍ കവിതകളുടെ പരിഭാഷയും മില്‍ റ്റന്റെ ലാറ്റിന്‍, ഇറ്റാലിയന്‍ കവിതകളുടെ വിവര്‍ത്തനവും കൂട്ടത്തില്‍ മികച്ചുനില്‍ ക്കുന്നു. കൂപ്പറുടെ കത്തുകള്‍ അണ്‍പബ്ലിഷ്‌ഡ്‌ ആന്‍ഡ്‌ അണ്‍കളക്‌റ്റഡ്‌ ലെറ്റേഴ്‌സ്‌ എന്ന പേരില്‍ 1925-ല്‍ തോമസ്‌ റൈറ്റ്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. നിരവധി പതിപ്പുകള്‍ വേണ്ടിവന്ന ഈ കത്തുകള്‍ കൂപ്പറുടെ ലളിതവും സൗമ്യവുമായ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്നവയാണ്‌. 1800 ഏ. 25-ന്‌ കൂപ്പര്‍ അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍