This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂണ്‍ട്‌, ഔഗുസ്‌ത്‌ അഡോള്‍ഫ്‌(1839 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂണ്‍ട്‌, ഔഗുസ്‌ത്‌ അഡോള്‍ഫ്‌(1839 - 94)

Kundt, August Adolf

ഔഗുസ്‌ത്‌ അഡോള്‍ഫ്‌ കൂണ്‍ട്‌

ജര്‍മന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. 1839 ന. 18-ന്‌ മെക്‌ലെന്‍ബര്‍ഗിലെ ഷ്‌വെറീനില്‍ ജനിച്ചു. ലൈപ്‌സിഗിലും ബെര്‍ലിനിലും ആയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1867-ല്‍ ബെര്‍ലിന്‍ സര്‍വകലാശാലയിലും അടുത്ത വര്‍ഷം സൂറിച്ച്‌ പോളിടെക്‌നിക്കിലും തുടര്‍ന്ന്‌ വേര്‍സ്‌ബര്‍ഗിലും ഭൗതികശാസ്‌ത്രവിഭാഗത്തില്‍ ഇദ്ദേഹം സേവനമനുഷ്‌ഠിച്ചു. 1872-ല്‍ സ്റ്റ്രാസ്‌ബര്‍ഗിലെത്തിയ കൂണ്‍ട്‌ അവിടത്തെ ഫിസിക്‌സ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനത്തില്‍ മുഖ്യപങ്കാണ്‌ വഹിച്ചത്‌. 1888-ല്‍ ബെര്‍ലിന്‍ ഫിസിക്‌സ്‌ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്‌ടറായി കൂണ്‍ട്‌ നിയമിതനായി. 1894 മേയ്‌ 21-ന്‌ ല്യൂബെക്കിനടുത്തുള്ള ഇസ്രല്‍ സ്‌ഡോര്‍ഫില്‍ വച്ച്‌ ഇദ്ദേഹം അന്തരിച്ചു.

ശബ്‌ദശാസ്‌ത്രത്തില്‍ , ഒരു കുഴലിനകത്തെ അപ്രഗാമിതരംഗങ്ങളെക്കുറിച്ച്‌ പഠിക്കുന്നതിനുള്ള വളരെ വിലപ്പെട്ട രീതി ആവിഷ്‌കരിച്ചതാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവന. ലൈകോപോഡിയം പോലുള്ള വളരെ സൂക്ഷ്‌മവിഭജിതമായ ധൂളി (finely divided powder)കുഴലിനകത്തു വിതറി, വിസ്‌പന്ദങ്ങളുടെ(nodes) സ്ഥാനം ഇദ്ദേഹം നിര്‍ണയിച്ചു. വാതകത്തിലും പദാര്‍ഥങ്ങളിലും ശബ്‌ദത്തിന്റെ പ്രവേഗം നിര്‍ണയിക്കുവാന്‍ ഈ രീതി പ്രയോജനപ്പെടുന്നു.

കൂടാതെ വാതകത്തിലൂടെയും ദ്രവത്തിലൂടെയും പ്രകാശരശ്‌മികള്‍ കടന്നുപോകുമ്പോള്‍ അതിനുണ്ടാകുന്ന അസംഗത വര്‍ണവിക്ഷേപത്തെ (anomalous dispersion)കുറിച്ച്‌ ഇദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി. ലോഹങ്ങളിലും ഇപ്രകാരം സംഭവിക്കുന്നതായി ഇദ്ദേഹം കണ്ടെത്തിയിരുന്നു. കാന്തിക പ്രാകാശിക((Magnetic optics)ത്തിലും നിരവധി സംഭാവനകള്‍ നല്‌കുവാന്‍ കൂണ്‍ടിനു സാധിച്ചു. കാന്തികമണ്ഡലത്തിന്റെ പ്രരണമൂലം ചില വാതകങ്ങളുടെയും ബാഷ്‌പങ്ങളുടെയും ധ്രുവണനപ്രതലം ഘൂര്‍ണനം ചെയ്യുന്നതായി ഇദ്ദേഹം ചൂണ്ടിക്കാട്ടി. നോ. കൂണ്‍ട്‌സ്‌ ട്യൂബ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍