This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുൽദീപ്‌സിങ്‌ (1934 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുല്‍ദീപ്‌സിങ്‌ (1934 - )

ഭാരതീയനായ വാസ്‌തുവിദ്യാവിദഗ്‌ധന്‍. 1934 ഡി. 1-ന്‌ ജനിച്ചു. ഡല്‍ഹിയിലെ സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ചറില്‍നിന്ന്‌ 1957-ല്‍ വാസ്‌തുവിദ്യയില്‍ ബിരുദം നേടിയശേഷം ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന്‌ നഗര സംവിധാനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ സമ്പാദിച്ചു. നാലുവര്‍ഷത്തോളം ഇംഗ്ലണ്ടില്‍ത്തന്നെ വിവിധ തുറകളില്‍ വാസ്‌തുശില്‌പിയായും നഗരസംവിധായകനായും ജോലി ചെയ്‌തു. 1962 മുതല്‍ 66 വരെ ഡല്‍ഹി സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ചറില്‍ അസിസ്റ്റന്റ്‌ പ്രൊഫസറായി ജോലി നോക്കി.

ഡല്‍ഹി വികസന അതോറിറ്റി, വിശാലകൊച്ചി വികസന അതോറിറ്റി, തിരുവനന്തപുരം വികസന അതോറിറ്റി മുതലായ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കൊച്ചിയിലെ മറൈന്‍ ഡ്രവ്‌ പദ്ധതിയുടെ മുഖ്യ സംവിധായകന്‍ കുല്‍ദീപ്‌ സിങ്‌ ആയിരുന്നു. ഡല്‍ഹി അര്‍ബണ്‍ ആര്‍ട്‌സ്‌ കമ്മിഷന്‍; സ്‌കൂള്‍ ഒഫ്‌ ആര്‍ക്കിടെക്‌ചര്‍ പഞ്ചാബ്‌, സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ചര്‍ ഡല്‍ഹി എന്നിവയുടെ ഉപദേശ സമിതിയില്‍ കുല്‍ദീപ്‌ സിങ്‌ അംഗമായിരുന്നു. കേരളത്തില്‍ ഇദ്ദേഹം രൂപംകൊടുത്ത പദ്ധതികളില്‍ കോട്ടയം നഗരസഭയുടെ തിരുനക്കര ഷോപ്പിങ്‌ കോംപ്ലക്‌സും തിരുവനന്തപുരം അതോറിറ്റിയുടെ പഴവങ്ങാടി ഷോപ്പിങ്‌ കം ആഫീസ്‌ കോംപ്ലക്‌സും ഉള്‍പ്പെടുന്നു.

(കെ. തോമസ്‌ പൗലൂസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍