This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുർച്ചതോവ്‌, ഇഗർ വാസിലേവിച്ച്‌ (1903 - 60)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുര്‍ച്ചതോവ്‌, ഇഗര്‍ വാസിലേവിച്ച്‌ (1903 - 60)

Kurchatov, Igor Vasilyevich

ഇഗര്‍ വാസിലേവിച്ച്‌ കുര്‍ച്ചതോവ്‌

റഷ്യന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. 1903 ജനു. 12-ന്‌ തെക്കന്‍ യൂറാലിലെ സിം (Sim) പട്ടണത്തില്‍ ജനിച്ചു. 1923-ല്‍ ക്രിമിയന്‍ സര്‍വകലാശാലയുടെ ഭൗതിക-ഗണിതശാസ്‌ത്രവിഭാഗത്തില്‍ നിന്ന്‌ ബിരുദം നേടിയശേഷം 1924-25 കാലയളവില്‍ അസെര്‍ബെയ്‌ജാന്‍ പോളിടെക്‌നിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭൗതികശാസ്‌ത്രവിഭാഗത്തില്‍ അസിസ്റ്റന്റായി സേവനമനുഷ്‌ഠിച്ചു. 1925-ല്‍ എ.എഫ്‌. ഇയോഫിന്റെ കീഴില്‍ ലെനിന്‍ഗ്രാഡ്‌ ഫിസിക്കല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിക്കുകയും 1943-ല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലവനായി നിയമിക്കപ്പെടുകയും ചെയ്‌തു. 1960-നുശേഷം ഈ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഐ.വി. കുര്‍ച്ചതോവ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ അറ്റോമിക്‌ എനര്‍ജി എന്ന പേരിലറിയപ്പെടുന്നു. 1946-60 വരെ യു.എസ്‌.എസ്‌.ആര്‍. അക്കാദമി ഒഫ്‌ സയന്‍സ്‌ പ്രസീഡിയത്തിലെ ഒരംഗവും ആയിരുന്നു കുര്‍ച്ചതോവ്‌.

ശാസ്‌ത്രഗവേഷണങ്ങളുടെ ആദ്യകാലങ്ങളില്‍ "റോഷലി സാള്‍ട്ടി'ന്റെ വൈദ്യുത ഗുണധര്‍മങ്ങളെക്കുറിച്ച്‌ കുര്‍ച്ചതോവ്‌ നടത്തിയ പഠനങ്ങള്‍ ഫെറോ ഇലക്‌ട്രിസിറ്റി എന്ന നൂതന ശാസ്‌ത്രശാഖയ്‌ക്ക്‌ പ്രാരംഭം കുറിച്ചു. 1933 മുതല്‍ ന്യൂക്ലിയര്‍ ഭൗതികത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും 1935-ല്‍ സഹപ്രവര്‍ത്തകരുമൊത്ത്‌ കൃത്രിമ റേഡിയോ ആക്‌റ്റീവ്‌ ഐസോടോപ്പുകളിലെ അണുകേന്ദ്ര സമാവയവത (Nuclear isomerism)എന്ന പ്രതിഭാസം കണ്ടുപിടിക്കുകയും ചെയ്‌തു. ന്യൂട്രാണുകളുടെ അനുനാദ-അവശോഷണത്തെക്കുറിച്ചും ഹൈഡ്രജനുമായുള്ള ഇവയുടെ അന്യോന്യക്രിയയെക്കുറിച്ചും ഇദ്ദേഹം നടത്തിയ പഠനങ്ങളാണ്‌ ന്യൂക്ലിയര്‍ ഭൗതികത്തിന്‌ നല്‌കിയ ഏറ്റവും മഹത്തായ സംഭാവന. 1940-ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പെട്ര്‌ഷാക്കും (Petrzhak) ഫ്‌ളെറോവും(Flerov) ചേര്‍ന്ന്‌ യുറേനിയത്തിന്റെ സ്വതഃവിഖണ്ഡനം കണ്ടുപിടിച്ചു.

മോസ്‌കോയില്‍ സ്ഥാപിതമായ (1944) ആദ്യത്തെ സൈക്ലോട്രാണ്‍, യൂറോപ്പിലെ ആദ്യത്തെ അണുറിയാക്‌റ്റര്‍ എന്നിവ സ്ഥാപിക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‌കിയത്‌ കുര്‍ച്ചതോവ്‌ ആയിരുന്നു. സോവിയറ്റ്‌ ആറ്റംബോംബിന്റെ നിര്‍മാണത്തിനും (1949), ആദ്യത്തെ തെര്‍മോ ന്യൂക്ലിയര്‍ ബോംബു നിര്‍മാണത്തിനും (1953) ഇദ്ദേഹം നേതൃത്വം നല്‌കി; ആദ്യത്തെ ഇന്‍ഡസ്റ്റ്രിയല്‍ അറ്റോമിക്‌ പവര്‍പ്ലാന്റ്‌ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്‌ സ്ഥാപിതമായത്‌.

1957-ല്‍ ലെനിന്‍പ്രസിനും അഞ്ച്‌ തവണ യു.എസ്‌.എസ്‌.ആറിന്റെ സ്റ്റേറ്റ്‌ പ്രസിനും ഇദ്ദേഹം അര്‍ഹനായി. ആവര്‍ത്തനപ്പട്ടികയിലെ 104-ാമത്തെ മൂലകം ഇദ്ദേഹത്തിന്റെ നാമധേയത്തില്‍ "കുര്‍ച്ചതോവിയം' എന്നറിയപ്പെടുന്നു. 1960 ഫെ. 7-ന്‌ മോസ്‌കോയില്‍ വച്ച്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍