This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുർ, ചിന്താമണ്‍ (1915 - 2005)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുര്‍, ചിന്താമണ്‍ (1915 - 2005)

ചിന്താമണ്‍ കുര്‍

ചിത്ര-ശില്‌പകലാ വിദഗ്‌ധന്‍. ഭൂപതിനാഥ്‌-സരസി ദമ്പതികളുടെ പുത്രനായി 1915 ഏ. 19-ന്‌ ഖരഗ്‌പൂരില്‍ (പശ്ചിമബംഗാള്‍) ജനിച്ചു. കല്‍ക്കത്താ സര്‍വകലാശാല, ഇന്ത്യന്‍ സ്‌കൂള്‍ ഒഫ്‌ ഓറിയന്റല്‍ ആര്‍ട്‌സ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഒരു സ്‌കൂള്‍ അധ്യാപകനായാണ്‌ ഔദ്യോഗിക ജീവിതമാരംഭിച്ചത്‌ (1935-38). 1938-39 ല്‍ പാരിസില്‍ നിന്ന്‌ (Academic de la Grande Chaumiere, Paris) ശില്‌പകല അഭ്യസിച്ചു. പിന്നീട്‌ കല്‍ക്കത്താ സര്‍വകലാശാലയിലെ കലാവിഭാഗത്തിലെ അധ്യാപകന്‍ (1940-42), ഡല്‍ഹി പോളിടെക്‌നിക്കിലെ കലാവിഭാഗത്തില്‍ ശില്‌പകലാധ്യാപകന്‍ (1943-46) എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചശേഷം ശില്‌പകലയില്‍ ഉന്നതപരിശീലനം നേടുന്നതിനുവേണ്ടി വീണ്ടും ലണ്ടനിലേക്കു പോയി. പത്തുവര്‍ഷത്തെ വിദേശപരിശീലന (1946-56) ത്തിനുശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇദ്ദേഹം കല്‍ക്കത്തയിലെ "ഗവണ്‍മെന്റ്‌ കോളജ്‌ ഒഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ ക്രാഫ്‌റ്റ്‌സി'ന്റെ പ്രിന്‍സിപ്പലായി. 1973-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. 1960-61 ല്‍ പാരിസിലെ ലുവര്‍ മ്യൂസിയത്തില്‍ നിന്നും കലാവസ്‌തുക്കളുടെ സംരക്ഷണം ഇദ്ദേഹം അഭ്യസിച്ചിട്ടുണ്ട്‌.

ലാഹോറിലെ സെന്‍ട്രല്‍ മ്യൂസിയം, ചണ്ഡിഗഡ്‌ മ്യൂസിയം; ഡല്‍ഹി, കല്‍ക്കത്ത, ഹാര്‍വാഡ്‌ സര്‍വകലാശാലകള്‍; ലോക്‌സഭ; ക്വിബെക്കിലെ കനേഡിയന്‍ ഒളിമ്പിക്‌ അസോസിയേഷന്‍; ഹെര്‍മിറ്റേജ്‌ മ്യൂസിയം; ലിഡിസ്‌ മ്യൂസിയം, ലണ്ടനിലെ ഇന്ത്യാഹൗസ്‌; സുപ്രീംകോടതി; ന്യൂഡല്‍ഹിയിലെ മ്യൂസിയം ഒഫ്‌ മോഡേണ്‍ ആര്‍ട്ട്‌ എന്നീ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രകലാ-ശില്‌പകലാ ശേഖരങ്ങളില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കും ശില്‌പങ്ങള്‍ക്കും സമുന്നത സ്ഥാനമുണ്ട്‌. ഇദ്ദേഹത്തിന്‌ നിരവധി ബഹുമതികളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്‌.

ഒളിമ്പിക്‌ മത്സരങ്ങളോടനുബന്ധിച്ച്‌ 1948-ല്‍ ലണ്ടനില്‍ നടന്ന "കായികമത്സരങ്ങള്‍-കലയില്‍' എന്ന മത്സരത്തില്‍ ശില്‌പരചനയ്‌ക്ക്‌ ഇദ്ദേഹത്തിന്‌ വെള്ളിമെഡലും ഡിപ്ലോമയും ലഭിക്കുകയുണ്ടായി. 1974-ല്‍ പദ്‌മഭൂഷണും 2000-ല്‍ ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരവും ഇദ്ദേഹത്തിനു ലഭിച്ചു. 2005 ഒ. 3-ന്‌ കൊല്‍ക്കത്തയില്‍ വച്ച്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍