This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുലശേഖര ആഴ്‌വാർ (767 - 834)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുലശേഖര ആഴ്‌വാര്‍ (767 - 834)

വൈഷ്‌ണവസിദ്ധന്മാരായ പന്ത്രണ്ട്‌ ആഴ്‌വാര്‍മാരില്‍ ഒരാള്‍. ഇദ്ദേഹം ദൃഢവ്രതന്‍ എന്ന ചേരരാജാവിന്റെ പുത്രനായി (767-ല്‍ ) മാഘമാസത്തില്‍ പുണര്‍തം നക്ഷത്രത്തില്‍ തിരുവഞ്ചിക്കുളത്തു ജനിച്ചു. യഥാകാലം ഭരണഭാരം കൈയേറ്റു. സമരകലയിലും ഭരണകലയിലും ഒന്നുപോലെ സമര്‍ഥനായിരുന്ന ഇദ്ദേഹം ചോഴരാജാക്കന്മാരെ ജയിച്ച്‌ കോഴിക്കോല്‍ എന്ന ബിരുദവും പാണ്ഡ്യരാജാക്കന്മാരെ ജയിച്ച്‌ കുടല്‍ നായകന്‍ എന്ന ബിരുദവും നേടി. എന്നാല്‍ കാലക്രമത്തില്‍ ഇദ്ദേഹം ഭരണകാര്യങ്ങളില്‍ തത്‌പരനല്ലാതാവുകയും ഇഷ്‌ടദേവനായ ശ്രീരാമന്റെ ഉപാസനയില്‍ മുഴുകുകയും ചെയ്‌തു. രാജ്യം പുത്രനെ ഏല്‌പിച്ചിട്ട്‌ ശ്രീരംഗത്തുപോയി ഭഗവത്സേവാനിരതനായി കുറേക്കാലം കഴിച്ചുകൂട്ടി. തന്റെ സര്‍വസ്വവും ഭഗവാനില്‍ സമര്‍പ്പിച്ച്‌ കുറേക്കാലം തിരുനെല്‍ വേലിജില്ലയിലെ ആഴ്‌വാര്‍ തിരുനഗരിയില്‍ പാര്‍ത്തു. അന്ത്യഘട്ടത്തില്‍ താമ്രവര്‍ണീതീരത്ത്‌ ബ്രഹ്മദേശത്തിനു സമീപം മന്നാര്‍കോവിലിലെത്തി. അവിടത്തെ പ്രതിഷ്‌ഠാമൂര്‍ത്തിയായ രാജഗോപാലനെ ഭജിച്ചുകൊണ്ടിരുന്നു. അറുപത്തിയേഴാമത്തെ വയസ്സില്‍ ആ പരമഭാഗവതര്‍ ദേഹത്യാഗം ചെയ്‌തു. ഈ സ്ഥലത്ത്‌ "മലൈമണ്ഡലത്തു മുല്ലൈപ്പള്ളി വാസുദേവന്‍ കേശവന്‍', "കുലശേഖരാഴ്‌വാര്‍ കോവില്‍ ' എന്നൊരു ക്ഷേത്രം പണിയിക്കുകയുണ്ടായി.

വൈഷ്‌ണവരുടെ ഭക്തിഗാനങ്ങളുടെ സമാഹാരമായ നാലായിര ദിവ്യപ്രബന്ധത്തില്‍ കുലശേഖരന്‍ രചിച്ച നൂറ്റിയഞ്ചു പാട്ടുകള്‍ "പെരുമാള്‍ തിരുമൊഴി' എന്ന പേരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെപ്പറ്റി അഭിപ്രായഭേദങ്ങളുണ്ട്‌. ദിവാന്‍ ബഹദൂര്‍ എല്‍ .ഡി. സ്വാമിക്കണ്ണുപിള്ളയുടെ അഭിപ്രായമാണ്‌ മുകളില്‍ കുറിച്ചിട്ടുള്ളത്‌.

ശൈവര്‍ക്ക്‌ ഇരുനൂറ്റിയെഴുപത്തിനാലു തിരുപ്പതികള്‍-പുണ്യക്ഷേത്രങ്ങള്‍ ഉള്ളതുപോലെ വൈഷ്‌ണവര്‍ക്ക്‌ നൂറ്റിയെട്ടു പുണ്യായതനങ്ങള്‍ ഉണ്ട്‌. അവയില്‍ തിരുവനന്തപുരം, തിരുപ്പതിസാരം, തിരുക്കാക്കര, തിരുമൂഴിക്കുളം, തിരുപ്പുലിയൂര്‍, തിരുച്ചെങ്ങന്നൂര്‍, തിരുവല്ല, തിരുവന്‍വണ്ടൂര്‍, തിരുവട്ടാര്‍, തിരുവാറന്മുള, തിരുക്കടിത്താനം, തിരുനാവാ, തിരുമിറ്റക്കോട്‌ എന്നിവ മലനാട്ടിലാണ്‌. ഇവയില്‍ തിരുമിറ്റക്കോടിനെപ്പറ്റി കുലശേഖരനും മറ്റെല്ലാ ക്ഷേത്രങ്ങളെയുംപറ്റി നമ്മാഴ്‌വാരും തിരുപ്പുലിയൂര്‍, തിരുവല്ലാ, തിരുനാവാ എന്നീ ക്ഷേത്രങ്ങളെപ്പറ്റി തിരുമങ്കൈ ആഴ്‌വാരും ഹൃദയാകര്‍ഷകങ്ങളായ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. കുലശേഖര ആഴ്‌വാര്‍ പരമപദം പ്രാപിച്ച മന്നാര്‍കോവില്‍ , അംബാസമുദ്രം തീവണ്ടി സ്റ്റേഷനില്‍ നിന്നു 3 കി.മീ. വടക്കാണ്‌ സ്ഥിതിചെയ്യുന്നത്‌. ഇതിനു പടിഞ്ഞാറ്‌ രാജഗോപാലസ്വാമിയുടെ പുരാതനക്ഷേത്രം കാണാം. അതിന്റെ വടക്കുഭാഗത്ത്‌ തെക്കുദര്‍ശനമായി കുലശേഖര ആഴ്‌വാര്‍ കോവില്‍ സ്ഥാപിതമായിരിക്കുന്നു. ഇതിനു പ്രത്യേകം ഗോപുരവും ധ്വജസ്‌തംഭവും മുഖമണ്ഡപവും ഗര്‍ഭഗൃഹവും മറ്റുമുണ്ട്‌. ഇവിടെ ആഴ്‌വാരുടെ വിഗ്രഹവും കാണ്മാനുണ്ട്‌. ആ ഭക്താഗ്രണി അവതരിച്ച കുംഭമാസം പുണര്‍തംനാളില്‍ ആറാട്ടു നടത്തത്തക്കവണ്ണം ഇവിടെ ഉത്സവം ഏര്‍പ്പെടുത്തിയിരിക്കുന്നു. ക്ഷേത്രത്തിലെ ഗര്‍ഭഗൃഹഭിത്തിയില്‍ ഇവിടത്തേക്കു വസ്‌തുവകകള്‍ വിട്ടുകൊടുത്തതായി കാണിക്കുന്ന ശിലാരേഖകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. വടക്കെച്ചുവരില്‍ ഒരു തെലുഗുശാസനവും കാണ്മാനുണ്ട്‌. പടിഞ്ഞാറേച്ചുവരില്‍ കുലശേഖര ആഴ്‌വാര്‍ക്കു നിത്യനൈവേദ്യത്തിന്‌ മലമണ്ഡലത്തിലെ മുല്ലവാശല്‍ വാസുദേവന്‍ കേശവന്‍ ധനം നല്‌കിയ വിവരം കൊത്തിവച്ചിരിക്കുന്നു. കിഴക്കേച്ചുവരില്‍ കാണപ്പെടുന്ന രേഖയില്‍ ഉത്സവം നടത്തേണ്ടതെങ്ങനെയെന്ന്‌ വിവരിച്ചിരിക്കുന്നു.

ശ്രീരംഗത്ത്‌ ആഴ്‌വാരുടെ പേരില്‍ ഒരു വീഥിയുണ്ട്‌ (കുലശേഖരന്‍ തെരുവീഥി). അവിടത്തെ സേനൈ വെല്‍ റാന്‍മഠം ആഴ്‌വാരുടെ സ്‌മാരകമാണെന്നു പറയപ്പെടുന്നു.

"അണിയരങ്കള്‍ മണത്തൂണേ അമര്‍ന്ത ചെല്‍ വന്‍ വാഴിയവേ' എന്നിങ്ങനെ കുലശേഖരസ്‌തുതിയില്‍ കാണുന്നതുകൊണ്ട്‌ ശ്രീരംഗക്ഷേത്രത്തിലെ ഒരു തൂണില്‍ ആഴ്‌വാരുടെ വിഗ്രഹം കൊത്തിവച്ചിട്ടുണ്ടെന്നു മനസ്സിലാക്കാം. വിഷ്‌ണു ക്ഷേത്രങ്ങളിലെ ഗര്‍ഭഗൃഹവാതില്‍ പ്പടികള്‍ക്ക്‌ "കുലശേഖരന്‍പടി' എന്നു പേരുണ്ട്‌. കുലശേഖരന്റെ പേരില്‍ അനേകം സ്ഥാപനങ്ങള്‍ ദക്ഷിണാപഥത്തില്‍ പലയിടത്തുമുണ്ട്‌.

കുലശേഖര ആഴ്‌വാരുടെ പ്രധാനകൃതികള്‍ പെരുമാള്‍ തിരുമൊഴിയും മുകുന്ദമാലയും ആകുന്നു. ഇതില്‍ ആദ്യത്തേത്‌ നൂറ്റിയഞ്ചു ദ്രാവിഡഗാനങ്ങള്‍ ഉള്‍ക്കൊണ്ടതാണെന്നു മുമ്പു പറഞ്ഞുവല്ലോ. പെരുമാള്‍ തിരുമൊഴിയെന്നതിന്‌ കുലശേഖരപ്പെരുമാള്‍ അരുളിചെയ്‌ത വിഷ്‌ണുപരമായ സ്‌തുതി എന്നാണ്‌ താത്‌പര്യം. കുലശേഖര ആഴ്‌വാരെ കുലശേഖരപ്പെരുമാള്‍ എന്നും പറഞ്ഞുവന്നിരുന്നു. പില്‌ക്കാലത്ത്‌ അത്‌ തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ ബിരുദങ്ങളിലൊന്നായിത്തീര്‍ന്നു. പെരുമാള്‍ തിരുമൊഴി പത്തു പതികങ്ങള്‍ അടങ്ങിയതാണ്‌. ആഴ്‌വാര്‍ മഹാവിഷ്‌ണുവിന്റെ വിശിഷ്‌ടഗുണങ്ങള്‍ ഗ്രഹിച്ച ഭക്താഗ്രണി ആയതുകൊണ്ട്‌ അതിശീഘ്രം ഭഗവാന്റെ സാമീപ്യം ഉണ്ടാകണമെന്ന്‌ അഭിലഷിച്ചു. ശ്രീരംഗനാഥന്റെ സന്നിധി പ്രാപിക്കാന്‍ വലിയ ബദ്ധപ്പാടായി. രാജ്യഭരണം അതിനു വലിയ പ്രതിബന്ധമായിനിന്നു. അതിനെ വലിച്ചെറിഞ്ഞിട്ടു ഭഗവത്സേവാനിരതനായി കഴിയാനുള്ള ഭാഗ്യം തനിക്ക്‌ എന്നാണ്‌ കൈവരിക എന്ന ചിന്ത ആഴ്‌വാരെ അലട്ടി. അതിലേക്ക്‌ ഭഗവാനെ പ്രാര്‍ഥിക്കുന്നതാണ്‌ ഒന്നാമത്തെ തിരുമൊഴി.

""ഇരുളിരിയച്ചുടര്‍ മണികളിമൈക്കും നെറ്റി
ഇനത്തുണിയണി പണമായിരങ്കളാര്‍ന്ത
അരവരശപ്പെരുഞ്ചോരിയനന്തനെന്നും
അണിവിളങ്കുമയര്‍ വെള്ളൈയണൈയൈമേവി
തിരുവരങ്കപ്പെരുനകരുള്‍ തെണ്ണീര്‍പ്പൊന്നി
തിരൈക്കൈയാലടി വരുടപ്പള്ളികൊള്ളും
കരുമണിയൈക്കോമളത്തൈക്കണ്ടു കൊണ്ടെന്‍
കണ്ണിണൈകള്‍ എന്റു കൊലോകുളിക്കുന്നാളേ''

 

എന്നിങ്ങനെ ശ്രീരംഗം മഹാക്ഷേത്രത്തില്‍ ഉഭയകാവേരി നടുവില്‍ അനന്തനില്‍ യോഗനിദ്ര ചെയ്യുന്ന "അഴകിയ മണവാളനെ' ഭക്തനായ താന്‍ കണ്‍കുളിര്‍ക്കെ കണ്ടാനന്ദിക്കുന്ന മഹാഭാഗ്യം എന്നു ലഭിക്കുമോ എന്നു കവി സ്വയം ചോദിക്കുന്നു. ശ്രീരംഗനാഥസേവയില്‍ തനിക്കുള്ള അളവറ്റ അഭിനിവേശത്തെ പ്രകടമാക്കിയ ഇദ്ദേഹം അതുകൊണ്ടു നിര്‍ത്താതെ രണ്ടാമത്തെ തിരുമൊഴിയില്‍ ഭഗവാന്റെ പാദസേവനത്തില്‍ അപ്രതിമമായ വിധം നിരതനായിത്തീര്‍ന്നതിനെ വര്‍ണിക്കുകയാണ്‌. ഭഗവാനില്‍ ഭക്തിയുള്ളവര്‍ പരമഭാഗവതന്മാരുടെ നേര്‍ക്കും ഭക്തിയുള്ളവരായിരിക്കാനേ തരമുള്ളൂ. കുലശേഖര ആഴ്‌വാര്‍ക്കു ഭഗവാന്റെ പാദദാസന്മാരോടുള്ള ആദരവിന്‌ അതിരുണ്ടായിരുന്നില്ല. അവര്‍ക്കുവേണ്ടി "കുടപ്പാമ്പില്‍ ' കൈയിട്ട ധീരാത്മാവാണ്‌ ആഴ്‌വാര്‍. പെരുമാള്‍ തിരുമൊഴിയില്‍ രണ്ടാമത്തേത്‌ പ്രാധാന്യം അര്‍ഹിക്കുന്നു. ശ്രീരംഗം മഹാക്ഷേത്രത്തില്‍ ഇതില്‍ ഒന്നാം ഗാനം പതിവായിപ്പാടുന്നതിന്‌ വ്യവസ്ഥ ചെയ്‌തതായി അവിടത്തെ ശിലാരേഖകളിലൊന്ന്‌ പ്രസ്‌താവിക്കുന്നു.

""തേട്ടരുന്തിറന്‍ തേനിനൈ
	ത്തെന്നരങ്കനൈത്തിരുമാതുവാഴ്‌
	വാട്ടമില്‍  മലര്‍മാര്‍വനൈ
	വാഴ്‌ത്തിമാല്‍  കൊള്‍ ചിന്തൈയായ്‌
	ആട്ടമേവിയലര്‍ന്തഴൈത്തു
	അയര്‍വെയ്‌തും മെയ്യടിയാര്‍കള്‍തമ്‌
	ഈട്ടങ്കണ്ടിടക്കുടുമേല്‍ 
	അതുകാണും കണ്‍പയനാവതേ''
 

മഹാവിഷ്‌ണുവിനെ സ്‌തുതിച്ചു ഭഗവാന്റെ നേര്‍ക്കുള്ള ഭക്തിപാരമ്യത്താല്‍ ശരീരം നിന്ന സ്ഥാനത്ത്‌ നില്‌ക്കാതെ നൃത്തം ചെയ്‌ത്‌ "ഹരി നാരായണ' എന്നിങ്ങനെ തിരുനാമങ്ങള്‍ സങ്കീര്‍ത്തനം ചെയ്‌ത്‌ ആ നിലയില്‍ വന്നു സേവിക്കാന്‍ സന്ദര്‍ഭം കിട്ടാത്തതില്‍ സങ്കടപ്പെട്ടു നില്‌ക്കുന്ന പരമഭക്തന്മാരുടെ സമൂഹത്തെ കാണുന്നതുതന്നെയാണ്‌ നയനസാഫല്യമെന്ന്‌ ആഴ്‌വാര്‍ പറയുന്നു. ഭഗവാനെ ദര്‍ശിച്ചു സേവിക്കാത്ത നേത്രങ്ങള്‍കൊണ്ടു പ്രയോജനമില്ല എന്നു സാധാരണ പറയാറുണ്ട്‌. എന്നാല്‍ കുലശേഖര ആഴ്‌വാരാകട്ടെ ഭഗവാന്റെ ഭക്തന്മാരുടെ സേവ ലഭിച്ചില്ലെങ്കില്‍ കണ്ണുകൊണ്ടുള്ള പ്രയോജനം നേടിയതായിക്കരുതാവതല്ല എന്ന്‌ ആവര്‍ത്തിച്ചു പറയുന്നു. വിഷ്‌ണുഭക്തന്മാരില്‍ ഹൃദയംഗമമായ ഭക്തിയുള്ളവര്‍ക്ക്‌ ഈ ലോകജീവിതത്തില്‍ താത്‌പര്യമില്ലാതായിത്തീരുന്നതിനാല്‍ അതിനെ വെറുത്തു പറയുന്നതാണ്‌ മൂന്നാമത്തെ തിരുമൊഴി. ആദ്യത്തെ മൂന്നു തിരുമൊഴികളിലും ശ്രീരംഗത്തെ സേവയെ മുഖ്യമായി കൈക്കൊണ്ട ആഴ്‌വാര്‍, നാലാമത്തെ തിരുമൊഴിയില്‍ തിരുവേങ്കടമല (തിരുപ്പതി)യുടെ നേര്‍ക്കുള്ള ഭക്തിയെ വിശദമാക്കുന്നു. അഞ്ചാമത്തെ തിരുമൊഴിയിലാകട്ടെ മഹാവിഷ്‌ണുവല്ലാതെ തന്നെ മോക്ഷപദവിയിലേക്കുയര്‍ത്താന്‍ മറ്റാരുമില്ല എന്നു അസന്ദിഗ്‌ധമായി പ്രസ്‌താവിക്കുന്നു.

തിരുവരങ്കം (ശ്രീരംഗം), തിരുവേങ്കടം, തിരുവിത്തുവക്കോട്ട്‌ (തിരുമിറ്റക്കോട്ട്‌) മുതലായ പുണ്യക്ഷേത്രങ്ങളെ ആസ്‌പദമാക്കി അഞ്ചു "തിരുമൊഴി'കള്‍ രചിച്ച ആഴ്‌വാര്‍ ആറാമത്തെ തിരുമൊഴിയിലും ശ്രീകൃഷ്‌ണാവതാരത്തിന്റെ മേന്മയെ വാഴ്‌ത്തുന്നു. ശ്രീകൃഷ്‌ണഭഗവാന്റെ പ്രമത്തിനു ഭാജനമായ ഗോപസ്‌ത്രീകളുടെ നിലയെ ആഴ്‌വാര്‍ പ്രാപിച്ചു പാടുന്നതായിട്ടാണ്‌ അതു രചിച്ചിട്ടുള്ളത്‌. ഏഴാം തിരുമൊഴി ശ്രീകൃഷ്‌ണന്റെ ബാലലീലകള്‍ കാണാന്‍ തരപ്പെടാത്ത ദേവകീദേവിയുടെ അവസ്ഥയെപ്പറ്റി നിര്‍മിച്ചതാണ്‌. എട്ടാം തിരുമൊഴിയില്‍ ശ്രീരാമാവതാരത്തില്‍ മനസ്സുചെന്ന ആഴ്‌വാര്‍ കൗസല്യയുടെ നിലയെ പ്രാപിച്ചു കുഞ്ഞിനെ താരാട്ടുന്നതായി വര്‍ണിച്ചിരിക്കുന്നു.

""താമരൈമേലയ നവനൈപ്പടൈത്തവനേ,
			തയരതന്‍തന്‍
	മാമതലായ്‌, മൈതിലിതന്‍ മണവാളാ,
			വണ്ടിനങ്കള്‍
	കാമരങ്കളി ചൈപാടും കണപുരത്തെന്‍
			കരുമണിയേ,
	ഏമരുവും ചിലൈവലവാ, ഇരാകവനേ,
			താലേലോ.''
 

ഒമ്പതാം തിരുമൊഴിയില്‍ കൈകേയിക്കു നല്‌കിയ വരമനുസരിച്ചു ശ്രീരാമനെ കാട്ടിലേക്കയച്ച ദശരഥചക്രവര്‍ത്തി പുത്രന്റെ വിരഹം സഹിക്കവയ്യാതെ കരയുന്നതിനെ വര്‍ണിച്ചിരിക്കുന്നു. തികച്ചും ഹൃദയസ്‌പര്‍ശകമായ രീതിയിലാണ്‌ ഇതിന്റെ രചന. രാമാവതാരകഥയില്‍ മുഴുകിയിരുന്ന കുലശേഖര ആഴ്‌വാര്‍ ശ്രീരാമന്റെ അപദാനങ്ങള്‍ പത്താം തിരുമൊഴിയില്‍ സംഗ്രഹിച്ചു വര്‍ണിച്ചിരിക്കുന്നു. വൈഷ്‌ണവരുടെ നിത്യാരാധനയ്‌ക്കു ഭാജനമായ നാലായിര ദിവ്യപ്രബന്ധത്തില്‍ നടുനായകമായി വിളങ്ങുന്നതാണ്‌ പെരുമാള്‍ തിരുമൊഴി. ആഴ്‌വാരുടെ മുകുന്ദമാല വൈഷ്‌ണവരുടെ വേദമാണെന്നുതന്നെ പറയാം. ഇതില്‍ മുപ്പത്തിനാലു പദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ കൃതിയിലെ ഒടുവിലത്തെ പദ്യം താഴെ ചേര്‍ക്കുന്നു:

""യസ്യ പ്രിയൗശ്രുതിധരൗ രവിലോകവീരൗ
മിത്ര ദ്വിജന്മവര പാരശവാവഭൂതാം 
തേനാംബുജാക്ഷചരണാം ബുജഷ്‌ടപദേന
രാജ്ഞാകൃതാകൃതിരിയം കുലശേഖരേണ''
 

കുലശേഖരന്‍ ഒരു രാജാവായിരുന്നു എന്നും മഹാപണ്ഡിതന്മാരായ രവി എന്ന ദ്വിജനും ലോകവീരന്‍ എന്ന പാരശവനും (വാരിയര്‍) അവിടത്തെ മിത്രങ്ങളായിരുന്നുവെന്നും ഇതുകൊണ്ടു സ്‌പഷ്‌ടമാകുന്നു. ഭക്തിരസം ഇത്ര നിരര്‍ഗളമായി പ്രവഹിക്കുന്ന ഒരു ഖണ്ഡകാവ്യം സംസ്‌കൃതത്തില്‍ വേറെയില്ല എന്നാണ്‌ ഉള്ളൂരിന്റെ അഭിപ്രായം.

""വാത്സല്യാദ ഭയപ്രദാനസമയാദാര്‍ത്താര്‍ത്തി 
				നിര്‍വാപണാ-
	ദൗദാര്യാദഘശോഷണാദഭിമതശ്രയഃപദപ്രാപണാത്‌
	സേവ്യഃ ശ്രീപതിരേവ സര്‍വജഗനാമേ-
				കാന്തതഃ സാക്ഷിണഃ
	പ്രഹ്ലാദശ്ച വിഭീഷണശ്ച കരിരാട്‌ പാഞ്ചാല്യ 
				ഹല്യാധ്രുവഃ''
 

ധവാത്സല്യം, അഭയദാനം, ആര്‍ത്തരക്ഷണം, ഔദാര്യം, പാപനിവാരണം, ശ്രയഃപ്രദത്വം എന്നിങ്ങനെ എല്ലാംകൊണ്ടും ശ്രീ വിഷ്‌ണുഭഗവാന്‍ തന്നെയാണ്‌ ആര്‍ക്കും ആരാധനീയന്‍. പ്ലഹ്‌ളാദന്‍, വിഭീഷണന്‍, ഗജേന്ദ്രന്‍ (ഇന്ദ്രദ്യുമ്‌നന്‍), പാഞ്ചാലി, അഹല്യ, ധ്രുവന്‍ എന്നിവര്‍ ഇതിനു സാക്ഷികളാണ്‌പ. ഇത്തരം വിശിഷ്‌ടപദ്യ കുസുമങ്ങള്‍ ആണ്‌ മുകുന്ദമാലയില്‍ കോര്‍ത്തിണക്കിയിട്ടുള്ളത്‌.

ബര്‍മ(മ്യാന്‍മര്‍)യില്‍ പാഗാന്‍ എന്ന പട്ടണത്തില്‍ നിന്നു 1.6 കി. മീ. ദൂരെ ഒരു തമിഴ്‌ ശിലാശാസനം കണ്ടുകിട്ടിയിട്ടുണ്ട്‌. മലൈ മണ്ഡലത്തു മഹോദയര്‍ പട്ടണത്തില്‍ രായിരന്റെ മകനായ കുലശേഖരനമ്പി, പുക്കം എന്ന അരിപട്ടണപുരത്തുള്ള നാനാദേശി വിണ്ണകരാഴ്‌വാര്‍ കോവിലില്‍ ഒരു മണ്ഡപം പണിയിച്ച്‌ അവിടെ ഒരു നിലവിളക്ക്‌ വയ്‌പിച്ചതാണ്‌ ഇതിന്റെ ഉള്ളടക്കം. 13-ാം ശതകത്തില്‍ സ്ഥാപിക്കപ്പെട്ട ഈ രേഖയില്‍ പരാമൃഷ്‌ടമായ മലൈമണ്ഡലം കേരളവും മഹോദയര്‍പട്ടണം കൊടുങ്ങല്ലൂരും ആണ്‌. ശാസനകര്‍ത്താവ്‌ കുലശേഖര ആഴ്‌വാരുടെ ഭക്തനാകയാല്‍ കുലശേഖരനമ്പി എന്ന നാമം സ്വീകരിച്ചതായിരിക്കാം. ശാസനത്തിനു മുകളില്‍ മുകുന്ദമാലയിലെ താഴെ ഉദ്ധരിക്കുന്ന പദ്യം ചേര്‍ത്തു കാണുന്നു.

""നാസ്ഥാധര്‍മ്മേന വസുനിചയേനൈവ
			കാമോപഭോഗേ,
	യദ്‌ഭാവ്യം തദ്‌ഭവതു ഭഗവന്‍, പൂര്‍വ
			കര്‍മ്മാനുരൂപം;
	ഏതല്‍  പ്രാര്‍ഥ്യം മമ ബഹുമതം ജന്മ
			ജന്മാന്തരേ ങ്കപി
	ത്വത്‌ പാദാംഭോരുഹയുഗഗതാ നിശ്ചലാ
			ഭക്തിരസ്‌തു''
 

(എനിക്കു ധര്‍മാര്‍ഥകാമങ്ങളില്‍ ഒന്നിലും താത്‌പര്യമില്ല. വരാനുള്ളതെല്ലാം കര്‍മഫലമായി വന്നുകൊള്ളട്ടെ; ഇതാണ്‌ എനിക്കു വീണ്ടും വീണ്ടും അവിടെ അറിയിക്കാനുള്ളത്‌; അവിടത്തെ പാദാരവിന്ദങ്ങളില്‍ എനിക്ക്‌ എല്ലാജന്മങ്ങളിലും ഉറച്ച ഭക്തി ഉണ്ടാവണമേ.)

വൈഷ്‌ണവന്മാര്‍ നിത്യപാരായണത്തിന്‌ ഉപയോഗിച്ചുപോരുന്ന ഈ സ്‌തോത്രഗ്രന്ഥം ഭാരതമൊട്ടുക്കു പ്രശസ്‌തി നേടിയതാണ്‌. ശ്രീധരദാസന്‍ 11-ാം ശതകത്തില്‍ നിര്‍മിച്ച സദുക്തി കര്‍ണാമൃതത്തില്‍ മുകുന്ദമാലയിലെ അഞ്ചു പദ്യങ്ങള്‍ ഉദ്ധരിച്ചുകാണുന്നു.

കന്യാകുമാരി ജില്ലയില്‍ തക്കലയുള്ള കേരളപുരം ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തൂണില്‍ കുലശേഖര ആഴ്‌വാരുടെ കമനീയമായ വിഗ്രഹം കൊത്തിയിട്ടുണ്ട്‌.

കുലശേഖര ആഴ്‌വാരും കുലശേഖരവര്‍മയും ഒരാളാണെന്ന ഒരു അഭിപ്രായവും നിലവിലുണ്ട്‌.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍