This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുപ്പ്‌, പി.ആർ. (1915 - 2001)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറുപ്പ്‌, പി.ആര്‍. (1915 - 2001)

പി.ആര്‍. കുറുപ്പ്‌

മലബാറിലെ പഴയ സോഷ്യലിസ്റ്റ്‌ നേതാക്കളില്‍ പ്രമുഖനും മുന്‍മന്ത്രിയും. മുഴുവന്‍ പേര്‍ പുത്തൂര്‍ രാമക്കുറുപ്പ്‌. അംശം അധികാരിയും നാട്ടുപ്രമാണിയുമായിരുന്ന ഗോവിന്ദന്‍നമ്പ്യാരുടെയും കുഞ്ഞിയമ്മയുടെയും മകനായി 1915 സെപ്‌തംബറില്‍ ജനിച്ചു. പാനൂര്‍ എം.എം. സെക്കണ്ടറി സ്‌കൂളിലും തലശ്ശേരി ബി.ഇ.എം.പി. ഹൈസ്‌കൂളിലും വിദ്യാഭ്യാസം നിര്‍വഹിച്ചു. വടക്കേ മലബാറില്‍ കോണ്‍ഗ്രസ്‌ സംഘടനയ്‌ക്കും ദേശീയ വിമോചന സമരത്തിനും നേതൃത്വവും പ്രരണയും പ്രചോദനവുമേകിയ അധ്യാപകപ്രസ്ഥാനത്തിലൂടെ മുന്നോട്ടുവന്ന കുറുപ്പ്‌ മട്ടനൂരില്‍ താലൂക്ക്‌ ബോര്‍ഡിന്റെ കീഴിലുണ്ടായിരുന്ന ഒരു സ്‌കൂളില്‍ അധ്യാപകനായിട്ടാണ്‌ ഔദ്യോഗികജീവിതമാരംഭിച്ചത്‌. പിന്നീട്‌ പാനൂര്‍ മാപ്പിളസ്‌കൂളിലേക്കു മാറി. ഡിസ്റ്റ്രിക്‌റ്റ്‌ ബോര്‍ഡ്‌ ടീച്ചേഴ്‌സ്‌ യൂണിയന്റെ പ്രസിഡന്റായിരുന്ന കാലത്ത്‌ അധ്യാപകസമരത്തെത്തുടര്‍ന്ന്‌ ബ്ലാക്ക്‌ ലിസ്റ്റിലായി. 1945-ല്‍ രാഷ്‌ട്രീയാഭിപ്രായങ്ങളുടെ പേരില്‍ ഗവണ്‍മെന്റ്‌ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന്‌ പിരിച്ചുവിട്ടു. അങ്ങനെയാണ്‌ കുറുപ്പ്‌ മുഴുവന്‍ സമയ രാഷ്‌ട്രീയപ്രവര്‍ത്തകനായി മാറിയത്‌. 1948 വരെയും കോണ്‍ഗ്രസുകാരനായിരുന്ന കുറുപ്പ്‌ ആ വര്‍ഷം കോണ്‍ഗ്രസ്‌ വിട്ട്‌ ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു; കര്‍ഷകപ്രസ്ഥാനത്തിലും ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. 1940-കളുടെ ആരംഭത്തില്‍ വടക്കേ മലബാറില്‍ നടന്ന വിപ്ലവപ്രവര്‍ത്തനത്തില്‍ കുറുപ്പിനും പങ്കുണ്ടായിരുന്നു. 1950-നുശേഷം ആദ്യം പ്രജാസോഷ്യലിസ്റ്റ്‌ പാര്‍ട്ടിയിലും പിന്നീട്‌ സംയുക്തസോഷ്യലിസ്റ്റ്‌ പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ചു. മലബാര്‍ കിസാന്‍ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. ഒട്ടേറെ ട്രഡ്‌ യൂണിയന്‍ സംഘടനകളുടെ ഭാരവാഹിയായിരുന്നിട്ടുണ്ട്‌. 1957, 60, 65, 67 എന്നീ വര്‍ഷങ്ങളില്‍ സ്വന്തം നിയോജകമണ്ഡലമായ പാനൂരില്‍ (പെരിങ്ങളം) നിന്ന്‌ കേരളനിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 1967-ല്‍ സംയുക്ത സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവാകുകയും ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ കുറച്ചുകാലം ജലസേചന, സഹകരണ വകുപ്പുകളുടെയും ദേവസ്വങ്ങളുടെയും മന്ത്രിയായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. പിന്നീട്‌ കോണ്‍ഗ്രസിലേക്കു മാറിയ കുറുപ്പ്‌ 1977-ല്‍ ആ പാര്‍ട്ടിയുടെ ടിക്കറ്റില്‍ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 2001 ജനു. 17-ന്‌ അദ്ദേഹം അന്തരിച്ചു. 2011-ലെ കേരള മന്ത്രിസഭയില്‍ കൃഷിവകുപ്പ്‌ മന്ത്രിയായ കെ.പി. മോഹനന്‍ ഇദ്ദേഹത്തിന്റെ പുത്രനാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍