This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുപ്പ്‌, ഒ.എന്‍.വി. (1931 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറുപ്പ്‌, ഒ.എന്‍.വി. (1931 - )

ഒ.എന്‍.വി. കുറുപ്പ്‌

ജ്ഞാനപീഠ ജേതാവായ മലയാളകവിയും നാടക-ചലച്ചിത്ര ഗാനരചയിതാവും. 1931 മേയ്‌ 27-ന്‌ കൊല്ലംജില്ലയിലെ ചവറയില്‍ ജനിച്ചു. പിതാവ്‌ ഒ.എന്‍. കൃഷ്‌ണക്കുറുപ്പ്‌, മാതാവ്‌ കെ. ലക്ഷ്‌മിക്കുട്ടി അമ്മ. ഒറ്റപ്ലാവില്‍ നീലകണ്‌ഠവേലുക്കുറുപ്പ്‌ എന്നാണ്‌ പൂര്‍ണമായ പേര്‌. 1955-ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മലയാളം എം.എ. ബിരുദം നേടിയശേഷം 1957-ല്‍ എറണാകുളം മഹാരാജാസ്‌ കോളജില്‍ അധ്യാപകനായി നിയമിതനായി. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ അധ്യാപകന്‍. കോഴിക്കോട്‌ ഗവണ്‍മെന്റ്‌ കോളജ്‌, തിരുവനന്തപുരം വിമന്‍സ്‌ കോളജ്‌, തലശ്ശേരി ബ്രണ്ണന്‍ കോളജ്‌ എന്നിവിടങ്ങളില്‍ മലയാള വിഭാഗം തലവനായിരുന്നു. 1986-ല്‍ സര്‍വീസില്‍ നിന്ന്‌ വിരമിച്ചു. 1982 മുതല്‍ 87 വരെ കേന്ദ്രസാഹിത്യ അക്കാദമി അംഗമായിരുന്നു.

ജ്ഞാനപീഠം അവാര്‍ഡുമായി ഭാര്യയോടൊപ്പം ഒ.എന്‍.വി. കുറുപ്പ്‌

1948-ല്‍ കൊല്ലത്തുചേര്‍ന്ന അഖിലകേരള പുരോഗമനസാഹിത്യസമ്മേളനത്തോടനുബന്ധിച്ചു നടത്തിയ കവിതാമത്സരത്തില്‍ അരിവാളും രാക്കുയിലും എന്ന കവിതയ്‌ക്കു ചങ്ങമ്പുഴ മെഡല്‍ ലഭിച്ചതോടെ ഈ കവി കാവ്യലോകത്ത്‌ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. തുടര്‍ന്ന്‌ പുറത്തുവന്ന പൊരുതുന്ന സൗന്ദര്യം (1949), സമരത്തിന്റെ സന്തതികള്‍ (1951), ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു (1953), മാറ്റുവിന്‍ ചട്ടങ്ങളെ (1955), ദാഹിക്കുന്ന പാനപാത്രം (1956), മയില്‍പ്പീലി (1964), ഒരു തുള്ളിവെളിച്ചം (1966), അഗ്നിശലഭങ്ങള്‍ (1971), അക്ഷരം (1974), കറുത്തപക്ഷിയുടെ പാട്ട്‌ (1980), ഉപ്പ്‌ (1983), ഭൂമിക്കൊരു ചരമഗീതം (1984), ശാര്‍ങ്‌ഗര പക്ഷികള്‍ (1987), മൃഗയ (1989), തോന്ന്യാക്ഷരങ്ങള്‍ (1989), ആദ്യകാല കവിതകള്‍ (1991), അപരാഹ്നം (1991), വെറുതേ, ഭൈരവന്റെ തുടി, ഈ പുരാതന കിന്നരം എന്നീ കാവ്യസമാഹാരങ്ങള്‍, കാല്‌പനിക ലാവണ്യത്തിന്റെയും ഭാവസൗഷ്‌ഠവത്തിന്റെയും ആര്‍ദ്രസംഗീതത്തിന്റെയും പുതിയൊരു ലോകം അനുവാചകര്‍ക്ക്‌ തുറന്നുകൊടുത്തു. 2007-ലെ ജ്ഞാനപീഠപുരസ്‌കാരത്തിനുപുറമെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌, ആശാന്‍ പ്രസ്‌, ഓടക്കുഴല്‍ സമ്മാനം, വയലാര്‍ അവാര്‍ഡ്‌ തുടങ്ങി മറ്റ്‌ പല പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. മരുഭൂമി (കഥാകാവ്യം) ഉജ്ജയിനി (കാവ്യാഖ്യായിക), നീലക്കണ്ണുകള്‍ (ഖണ്ഡകാവ്യം), സ്വയംവരം (കാവ്യാഖ്യായിക), കാള്‍മാര്‍ക്‌സിന്റെ കവിതകള്‍ (തര്‍ജുമ) കൂടാതെ കവിതയിലെ പ്രതിസന്ധി (1991), കവിതയിലെ സമാന്തരരേഖകള്‍ (1992), എഴുത്തച്ഛന്‍-ജീവചരിത്രവും പഠനവും (1993), പാഥേയം (1999), കാല്‌പനികം (2000), ഓര്‍മയിലെ നീലക്കീറുകള്‍ (2004), ജീവിതയാത്രയില്‍ എനിക്കൊരാള്‍ (2006), ഓര്‍മയുടെ പുസ്‌തകം (2006), നടക്കാവുകളിലൂടെ-സ്‌മൃതിരേഖകള്‍ (2007), തോപ്പില്‍ഭാസി: ഓണാട്ടുകര മണ്ണിന്റെ ഉപ്പ്‌ (2009), വാമൊഴികള്‍; വരമൊഴികള്‍ (2010) എന്നീ ഗദ്യകൃതികളും പോയട്രി ആന്‍ഡ്‌ കള്‍ച്ചര്‍-സ്‌പീച്ചസ്‌ (2010) എന്ന ഇംഗ്ലീഷ്‌ കൃതിയുമാണ്‌ ഒ.എന്‍.വി.യുടെ മറ്റു കൃതികള്‍.

നിരവധി നാടകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും വേണ്ടി അദ്ദേഹം രചിച്ചിട്ടുള്ള ഗാനങ്ങള്‍ ഗാനമാല (1960), ഗാനമേള (1961), നാടകഗാനങ്ങള്‍ (1968), ഗാനോത്സവം (1969), രാഗം ശ്രീരാഗം (1984), ഒ.എന്‍.വി.യുടെ 151 പ്രണയഗീതങ്ങള്‍ (2008), വയല്‍പ്പൂക്കള്‍ (2010) എന്നിവയില്‍ സമാഹരിച്ചിട്ടുണ്ട്‌. ചലച്ചിത്രഗാനരചനയ്‌ക്ക്‌ നിരവധി തവണ കേരള സംസ്ഥാന അവാര്‍ഡു നേടി. 1989-ല്‍ ദേശീയ അവാര്‍ഡും 1998-ല്‍ പദ്‌മശ്രീ പുരസ്‌കാരവും 1999-ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും 2007-ല്‍ കേരള സര്‍വകലാശാലയുടെ ഓണററി ഡോക്‌ടറേറ്റും 2008-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2011-ല്‍ പദ്‌മവിഭൂഷണും ഇദ്ദേഹത്തിനു ലഭിച്ചു.

കോഴിക്കോട്‌ സര്‍വകലാശാലയിലെ വിസിറ്റിങ്‌ പ്രൊഫസര്‍, കലാമണ്ഡലം ചെയര്‍മാന്‍, കേരള സാഹിത്യ അക്കാദമിയുടെ ഭരണനിര്‍വഹണ സമിതി അംഗം, കേരള സാഹിത്യഅക്കാദമി ഫെലോ, സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഡയറക്‌ടര്‍ബോര്‍ഡ്‌ അംഗം, കേന്ദ്രസാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗം എന്നീ പദവികളിലും ഇദ്ദേഹം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍