This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുര്യാക്കോസ്‌ ഏലിയാസ്‌, ചാവറ (1805 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുര്യാക്കോസ്‌ ഏലിയാസ്‌, ചാവറ (1805 - 71)

ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌

കേരളത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ വിലപ്പെട്ട പല സംഭാവനകളും നല്‌കിയ ഒരു ക്രസ്‌തവ പുരോഹിതന്‍. 1805 ഫെബ്രുവരിയില്‍ കൈനകരിയില്‍ ജനിച്ചു. പോര്‍ച്ചുഗീസ്‌ മിഷനറിമാരുടെ വരവോടുകൂടി കേരള ക്രസ്‌തവസഭയില്‍ ഉണ്ടായ അസ്വസ്ഥതകളും ഭിന്നിപ്പുകളും ഇല്ലാതാക്കി ഏതദ്ദേശീയമായ ഒരു സന്ന്യാസി സമൂഹം രൂപപ്പെടുത്തി എടുക്കുന്നതിന്‌ ഇദ്ദേഹം നേതൃത്വം നല്‌കി. ഇതോടുകൂടി കേരള ക്രസ്‌തവസഭയുടെ ഉന്നതവ്യക്തികളില്‍ ഒരാളായിത്തീര്‍ന്ന ചാവറയെ കേരള ക്രസ്‌തവസഭാ ചരിത്രത്തിലെ ധീരനായ നേതാവായി പരിഗണിച്ചുവരുന്നു. വിദ്യാഭ്യാസരംഗത്ത്‌ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്ന ചാവറ 1846-ല്‍ മാന്നാനത്ത്‌ ഒരു സംസ്‌കൃതവിദ്യാലയവും സാമൂഹികമായി താഴ്‌ന്ന നിലവാരം പുലര്‍ത്തിയിരുന്നവര്‍ക്കുവേണ്ടി ആര്‍പ്പൂക്കര, മാന്നാനം എന്നിവിടങ്ങളില്‍ ഓരോ സ്‌കൂളും സ്ഥാപിച്ചു. അച്ചടിയന്ത്രങ്ങള്‍ വിരളമായിരുന്ന ഇക്കാലത്ത്‌ സ്വന്തമായി മരംകൊണ്ടുള്ള ഒരു അച്ചടിയന്ത്രം ഉണ്ടാക്കി. പൊതുജനങ്ങള്‍ക്കുവേണ്ടി കേരളത്തില്‍ സ്ഥാപിക്കപ്പെട്ട ആദ്യത്തെ അച്ചടിശാലയും ഇതുതന്നെയാണ്‌.

മലയാള പ്രസിദ്ധീകരണരംഗത്ത്‌, കഴിഞ്ഞ നൂറ്റാണ്ടില്‍ , ഗുണ്ടര്‍ട്ടിനോടും ബെയിലിയോടുമൊത്ത്‌ ചാവറ നടത്തിയിട്ടുള്ള സേവനങ്ങള്‍ നിസ്‌തുലമാണ്‌. 1829 മുതല്‍ 70 വരെയുള്ള കാലഘട്ടത്തില്‍ നാളാഗമങ്ങള്‍, രോക്കോസ്‌ശ്ശീമായുടെ ചരിത്രം, പേരൂക്കര മല്‌പാന്റെയും പാലയ്‌ക്കല്‍ മല്‌പാന്റെയും ജീവചരിത്രസംഗ്രഹം, നല്ല അപ്പന്റെ ചാവരുകള്‍ എന്ന സാരോപ ദുഃഖശനിയാഴ്‌ച ക്രമം, ധ്യാനസല്ലാപങ്ങള്‍, മാതാവിന്റെ ചെറിയ ഒപ്പിസ്‌, ദേശസഞ്ചിക, ആത്മാനുതാപം, സുറിയാനി കുര്‍ബാനയുടെ കര്‍മക്രമങ്ങള്‍ (തൂക്കാസ) തുടങ്ങിയ നിരവധി ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. 1887-ല്‍ മാന്നാനത്തു നിന്നു പ്രസിദ്ധീകരണം ആരംഭിച്ച നസ്രാണി ദീപികയും കൂനമ്മാവ്‌ ആശ്രമത്തില്‍ നിന്നാരംഭിച്ച സത്യനാദകാഹളവും ചാവറയോടാണ്‌ കടപ്പെട്ടിരിക്കുന്നത്‌. ശ്രദ്ധാര്‍ഹമായ പല സൂക്തങ്ങളും ചാവറയുടേതായിട്ടുണ്ട്‌. "സത്‌ക്കര്‍മങ്ങളില്‍ ധാരാളിയായിരിക്കണം', "വ്യവഹാരങ്ങള്‍ കുടുംബത്തെ നശിപ്പിക്കുന്നു', "നിനക്കു സ്‌നേഹിതന്മാര്‍ അധികംവേണ്ട, ആയിരങ്ങളില്‍ നിന്നു അവധാനപൂര്‍വം ഒരുവനെ തെരഞ്ഞെടുക്കുക' എന്നിവ അവയില്‍ ചിലതാണ്‌.

അനന്യസാധാരണമായ വ്യക്തിവൈഭവത്തിന്റെ ഉടമയായിരുന്ന ചാവറ ഈശ്വര സാക്ഷാത്‌കാരത്തിനുള്ള മാര്‍ഗം മനുഷ്യന്‌ നന്മ ചെയ്യാനുള്ള യജ്ഞമായി ഗണിച്ചിരുന്നു. വൈഷമ്യങ്ങളെയും പ്രതിബന്ധങ്ങളെയും തരണംചെയ്‌തു മുമ്പോട്ടുപോകുവാന്‍ അതുല്യമായ കഴിവും ശക്തിയും ഇദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. ചാവറയുടെ സാന്നിധ്യം ജനങ്ങളില്‍ അവാച്യമായ ആനന്ദാനുഭൂതി ഉളവാക്കിയിരുന്നു. 1871 ജനു. 3-ന്‌ കൂനമ്മാവില്‍ വച്ച്‌ ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ ദിവംഗതനായി. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്‌ടങ്ങള്‍ മാന്നാനത്തെ സെന്റ്‌ ജോസഫ്‌സ്‌ ദേവാലയത്തിലേക്ക്‌ പിന്നീട്‌ മാറ്റി. മാന്നാനം സെന്റ്‌ ജോസഫ്‌സ്‌ ദേവാലയം ഇപ്പോള്‍ കേരളത്തിലെ ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമാണ്‌.

പുണ്യചരിതനും മനുഷ്യസ്‌നേഹിയും ആയിരുന്ന ചാവറയെ വിശുദ്ധനായി പരിഗണിക്കാമോ എന്നു കത്തോലിക്കാസഭ പഠിക്കുകയും ഇതിനുവേണ്ടി 1958 ജനു. 3-ന്‌ മൂന്നു പേരടങ്ങിയ ഒരു ചരിത്രാന്വേഷണകമ്മിഷനെ നിയമിക്കുകയും ചെയ്‌തു. 1962-ലും 69-ലും നിയമിച്ച സഭാകോടതികള്‍ ചാവറയുടെ ജീവിതവും പ്രബോധനങ്ങളും ലിഖിതങ്ങളും ഇദ്ദേഹവുമായി ബന്ധമുണ്ടെന്നു കരുതപ്പെടുന്ന അദ്‌ഭുതങ്ങളും പഠിക്കുകയും റിപ്പോര്‍ട്ട്‌ റോമിലേക്ക്‌ അയയ്‌ക്കുകയും ചെയ്‌തു. 1986 ഫെ. 8-ന്‌ പോപ്പ്‌ ജോണ്‍ പോള്‍ രണ്ടാമന്‍ ചാവറയച്ചന്‍ "വാഴ്‌ത്തപ്പെട്ട'വനായി പ്രഖ്യാപിച്ചു.

(ഡോ. ജേക്കബ്‌ വെള്ളിയാന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍