This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുര്യന്‍, വി. (1921 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുര്യന്‍, വി. (1921 - )

ഇന്ത്യയിലെ ക്ഷീരവിപ്ലവത്തിന്റെ സ്രഷ്‌ടാവും പ്രചാരകനും. ഗുജറാത്ത്‌ കോ-ഓപ്പറേറ്റീവ്‌ മില്‍ ക്ക്‌ മാര്‍ക്കറ്റിങ്‌ ഫെഡറേഷന്‍ (GCMMF)ന്റെ സ്ഥാപകനുമാണ്‌ ഡോ. വര്‍ഗീസ്‌ കുര്യന്‍. 1921 ന. 26-ന്‌ കോഴിക്കോട്‌ ജനിച്ചു. "ധവളവിപ്ലവത്തിന്റെ പിതാവ്‌' (Father of White Revolution) എന്നാണ്‌ ഇദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്‌.

വി. കുര്യന്‍

1940-ല്‍ മദ്രാസിലെ ലയോള കോളജില്‍ നിന്ന്‌ ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം തുടര്‍ന്ന്‌ മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ ബിരുദം കരസ്ഥമാക്കി. ജാംഷഡ്‌പൂരിലെ ടാറ്റാ അയണ്‍ ആന്‍ഡ്‌ സ്റ്റീല്‍ കമ്പനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‌ പ്രത്യേക പഠനം പൂര്‍ത്തിയാക്കിയ (1946) ശേഷം ബാംഗ്ലൂരിലെ നാഷണല്‍ ഡയറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്‌ ഡയറി എന്‍ജിനീയറിങ്ങില്‍ സവിശേഷ പരിശീലനം നേടാനും ഇദ്ദേഹത്തിനു സാധിച്ചു. യു.എസ്സിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നാണ്‌ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയത്‌. 1948-ല്‍ ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയ ഡോ. കുര്യന്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡയറി ഡിപ്പാര്‍ട്ടുമെന്റില്‍ ചേരുകയും ഗുജറാത്തിലെ ആനന്ദിലുള്ള ഒരു ക്ഷീരഫാക്‌ടറിയില്‍ ഡയറി എന്‍ജിനീയറായി ജോലിയില്‍ പ്രവേശിക്കുകയും ചെയ്‌തു. സ്വാതന്ത്യ്രബോധവും സാമ്പത്തികരംഗത്ത്‌ സ്വയംപര്യാപ്‌തത നേടണമെന്ന ആഗ്രഹവും യുവജനങ്ങളുടെ കര്‍മങ്ങളെ സ്വാധീനിച്ചിരുന്ന ആ കാലഘട്ടത്തില്‍ അവിടത്തെ നിരാശ്രയരായ കന്നുകാലി വളര്‍ത്തുകാരെ ചൂഷണത്തില്‍ നിന്ന്‌ രക്ഷിച്ച്‌ സ്വാശ്രയശീലമുള്ളവരാക്കാനായി സംഘടിപ്പിക്കാന്‍ കുര്യന്‍ മുന്നിട്ടിറങ്ങി. സഹകരണരംഗത്ത്‌ വമ്പിച്ച മാറ്റം കുറിച്ച വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്‌. തുടര്‍ന്ന്‌ പാല്‍ പ്പൊടി നിര്‍മാണം ആരംഭിച്ചതോടെ "അമുല്‍ ' നിലവില്‍ വന്നു. ഈ ഉത്‌പന്നം പെട്ടെന്ന്‌ മാര്‍ക്കറ്റില്‍ പ്രചരിച്ചു. 1962-ല്‍ ഇന്ത്യാ-ചൈനായുദ്ധം നടക്കുമ്പോള്‍ ജവാന്മാര്‍ക്കാവശ്യമായ പാല്‍ പ്പൊടി സപ്ലൈ ചെയ്‌തത്‌ കുര്യന്റെ സഹകരണസംഘമായിരുന്നു. ക്രമേണ "അമുല്‍ ' ഇന്ത്യന്‍ ഗൃഹങ്ങളിലെ അവശ്യവസ്‌തുവായി മാറി. 1963-ല്‍ വാഷിങ്‌ടണിലെ ലിങ്കന്‍ സ്‌മാരകത്തിന്റെ മുറ്റത്തുനിന്ന്‌ മാര്‍ട്ടിന്‍ ലൂതര്‍കിങ്‌ (ജൂനിയര്‍) വര്‍ഗവിവേചനത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട്‌ നടത്തിയ ചരിത്രപ്രസിദ്ധമായ, "എനിക്കൊരു സ്വപ്‌നമുണ്ട്‌..' (I have a dream)എന്ന പ്രഭാഷണം കുര്യനെ ഉത്‌ക്കടമായി ഉലച്ചു. ആ വചനങ്ങള്‍ തന്റെ സ്വപ്‌നങ്ങള്‍ക്കു ചിറകുനല്‌കിയതായി എനിക്കും ഒരു സ്വപ്‌നമുണ്ട്‌ (I too have a dream) എന്ന ആത്മകഥയില്‍ ഇദ്ദേഹം അനുസ്‌മരിക്കുന്നുണ്ട്‌. തുടക്കത്തില്‍ നിക്ഷിപ്‌ത താത്‌പര്യക്കാരില്‍ നിന്ന്‌ ശക്തമായ എതിര്‍പ്പുണ്ടായെങ്കിലും, അന്ന്‌ ഗുജറാത്തിലെ പ്രദേശ്‌ കോണ്‍ഗ്രസ്സ്‌ കമ്മിറ്റി അധ്യക്ഷനായിരുന്ന ത്രിഭുവന്‍ ദാസ്‌ പട്ടേലിന്റെ പിന്തുണയോടെ തന്റെ പാതയിലൂടെ പതറാതെ മുന്നോട്ടുപോയ ചരിത്രം ഇദ്ദേഹം ആത്മകഥയില്‍ വിവരിക്കുന്നുണ്ട്‌. 1965-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്‌ത്രി ഡോ. കുര്യന്റെ പങ്കാളിത്തത്തോടെയാണ്‌ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ്‌ ബോര്‍ഡ്‌ രൂപീകരിച്ചത്‌. തുടര്‍ന്ന്‌ 1973-ല്‍ ഇദ്ദേഹം "ഗുജറാത്ത്‌ കോ-ഓപ്പറേറ്റിവ്‌ മില്‍ ക്ക്‌ മാര്‍ക്കറ്റിങ്‌ ഫെഡറേഷന്‍' (GCMMF - Gujarat Co-Operative Milk Marketing Federation) എന്ന ബൃഹദ്‌സംരംഭത്തിന്‌ ആരംഭം കുറിച്ചു. കുറച്ചുവര്‍ഷങ്ങള്‍ക്കകം കുര്യന്റെ പ്രസ്ഥാനം "ഓപ്പറേഷന്‍ ഫ്‌ളഡ്‌' (ക്ഷീരവിപ്ലവം) എന്ന പേരില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിച്ചു. കേരളത്തിലെ "മില്‍ മ'യും അനുബന്ധ വ്യവസായങ്ങളും ക്ഷീരോത്‌പാദന സഹകരണസംഘങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്‌. ഇന്ന്‌ ലോകക്ഷീരവ്യവസായരംഗത്തെ ഏറ്റവും വലിയ സംരംഭമായി "ഓപ്പറേഷന്‍ ഫ്‌ളഡ്‌' മാറിയിട്ടുണ്ട്‌. ഇടനിലക്കാരെ ഒഴിവാക്കി കന്നുകാലിവളര്‍ത്തുകാര്‍ക്ക്‌ പാലിന്‌ ന്യായവിലയും സഹകരണസംഘങ്ങളില്‍ നിന്നുള്ള ആനുകൂല്യങ്ങളും അന്തസ്സായ സാമൂഹ്യജീവിതവും ഉറപ്പാക്കിക്കൊടുക്കുന്ന മഹത്തായ പ്രസ്ഥാനമായി ഈ വികസനപദ്ധതി വളര്‍ന്നു കഴിഞ്ഞു. ഉപഭോക്താക്കള്‍ക്ക്‌ ശുദ്ധമായ പാലും പാലുത്‌പന്നങ്ങളും നേരിട്ട്‌ നല്‌കുന്ന ഈ സംവിധാനം ഇന്ത്യന്‍ ഉപഭോക്തൃജീവിതത്തിന്റെ അവിഭാജ്യഘടകമാണ്‌.

മഗ്‌സസെ അവാര്‍ഡ്‌ (1963), പദ്‌മശ്രീ (1965), പദ്‌മഭൂഷണ്‍ (1966), വേള്‍ഡ്‌ ഫുഡ്‌ പ്രസ്‌ (1989), പദ്‌മവിഭൂഷണ്‍ (1999) എന്നീ ബഹുമതികള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍