This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാർ, കെ. (1894 - 1973)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാര്‍, കെ. (1894 - 1973)

പ്രമുഖ സ്വാതന്ത്യ്രസമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകനും. മഹാത്മാഗാന്ധിയുടെ അടുത്ത ശിഷ്യനായിരുന്ന ഇദ്ദേഹം "കുമാര്‍ജി' എന്ന പേരിലാണ്‌ പരക്കെ അറിയപ്പെട്ടിരുന്നത്‌.

1894 ജൂലായില്‍ (1069 കര്‍ക്കടകം 6) കെ. പദ്‌മനാഭപിള്ളയുയുടെയും കുഞ്ഞു പെണ്ണമ്മയുടെയും രണ്ടാമത്തെ പുത്രനായി ഇലന്തൂരില്‍ ജനിച്ചു. പ്രമറി വിദ്യാഭ്യാസം ചെങ്ങന്നൂരും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മൂന്നാറിലും പൂര്‍ത്തിയാക്കി. പാലക്കാട്ടെ വിക്‌ടോറിയ കോളജില്‍ നിന്ന്‌ ഇന്റര്‍മീഡിയറ്റ്‌ പാസായശേഷം ബാച്ചിലര്‍ ബിരുദത്തിനായി മധുര അമേരിക്കന്‍ കോളജില്‍ ചേര്‍ന്നെങ്കിലും പഠനം മുഴുമിപ്പിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന്‌ പരവൂര്‍ കോട്ടപ്പുറം മിഡില്‍സ്‌കൂള്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. അതിനുശേഷം ബി.എ.ക്കുള്ള പഠനം പൂര്‍ത്തിയാക്കാനായി മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ ചേര്‍ന്നു. അക്കാലത്ത്‌ മഹാത്മാഗാന്ധി മദിരാശി സന്ദര്‍ശിക്കുകയും, വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ട്‌ സ്വാതന്ത്യ്രസമരരംഗത്തേക്ക്‌ കുതിക്കണമെന്ന്‌ ആഹ്വാനം നടത്തുകയും ചെയ്‌തു. ഇതില്‍ ആകൃഷ്‌ടനായ കുമാര്‍ കോളജ്‌ പഠനം മതിയാക്കി സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കുകയും ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി പോകുകയും ചെയ്‌തു. രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം കര്‍മമണ്ഡലം സ്വന്തം നാടാക്കണമെന്ന ഗാന്ധിജിയുടെ ഉപദേശം സ്വീകരിച്ച്‌ കുമാര്‍ തിരുവിതാംകൂറില്‍ മടങ്ങിയെത്തി കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ കാര്യദര്‍ശി സ്ഥാനം ഏറ്റെടുത്തു. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള സ്‌മാരകമായി തിരുവനന്തപുരത്തുനിന്ന്‌ പ്രസിദ്ധീകരിച്ചുവന്ന സ്വദേശാഭിമാനി മാസികയുടെ പ്രസാധകനായും കുറേക്കാലം പ്രവര്‍ത്തിച്ചു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കുമാര്‍ അറസ്റ്റ്‌ ചെയ്യപ്പെടുകയും ആറുമാസത്തെ ജയില്‍ശിക്ഷയ്‌ക്ക്‌ വിധേയനാവുകയും ചെയ്‌തു. കണ്ണൂര്‍ കടപ്പുറത്തു നടന്ന ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്തതിനും അറസ്റ്റ്‌ ചെയ്യപ്പെട്ടു. ഇതിന്‌ ഒന്‍പതുമാസത്തെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്നു.

മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജന സേവാസംഘത്തിന്റെ കേരളശാഖയുടെ പ്രധാനപ്രവര്‍ത്തകനായി നിയോഗിക്കപ്പെട്ടത്‌ കുമാര്‍ ആയിരുന്നു.

ക്രമേണ തിരുവിതാംകൂര്‍ സ്വാതന്ത്യ്രസമരത്തില്‍ നിന്ന്‌ ഇദ്ദേഹം പിന്‍വാങ്ങുകയും സാമൂഹ്യപ്രവര്‍ത്തകനെന്ന നിലയില്‍ നാട്ടില്‍ സ്ഥിരതാമസമാക്കുകയും ചെയ്‌തു. 1973 ആഗ. 24-നു കുമാര്‍ജി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍