This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരസ്വാമി സന്ന്യാസി (1890 - 1984)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരസ്വാമി സന്ന്യാസി (1890 - 1984)

ദീര്‍ഘകാലം ശ്രീനാരായണഗുരുവിന്റെ തത്ത്വപ്രചാരണത്തിനായി മിഷനറിയായി പ്രവര്‍ത്തിച്ച ആധ്യാത്മിക പ്രവര്‍ത്തകന്‍. തലശ്ശേരിയിലെ തലായിയില്‍ കൊടിയേരി മണപ്പാട്ട്‌ വീട്ടില്‍ ചിരുതമ്മയുടെയും മുരുക്കോളിയില്‍ മന്ദന്റെയും പുത്രനായി 1890-ല്‍ ജനിച്ചു. തലശ്ശേരി സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സുവരെ പഠിച്ചശേഷം ഉപജീവനത്തിനായി ചില തൊഴിലുകളില്‍ ഏര്‍പ്പെട്ടു.

1908-ല്‍ ജഗന്നാഥക്ഷേത്ര പ്രതിഷ്‌ഠയ്‌ക്ക്‌ ഗുരു തലശ്ശേരിയില്‍ വന്നപ്പോഴാണ്‌ ഇദ്ദേഹത്തിന്‌ ആദ്യമായി ഗുരുദര്‍ശനത്തിന്‌ ഭാഗ്യമുണ്ടായത്‌. കുമാരനാശാനുമായും ഈ സന്ദര്‍ഭത്തില്‍ സൗഹൃദം നേടാന്‍ ഇടയായി. 36-ാം വയസ്സില്‍ ഗുരുദേവനില്‍നിന്ന്‌ കാഷായം സ്വീകരിച്ച്‌ സന്ന്യാസിയാവുകയും, ശിവഗിരിധര്‍മ സംഘത്തിലെ അംഗമെന്ന നിലയ്‌ക്ക്‌ ആലുവാ അദ്വൈതാശ്രമം, തോട്ടുമുഖം ഗോവര്‍ധനഗിരി, ഏരൂര്‍ നരസിംഹാശ്രമം എന്നീ സ്ഥാപനങ്ങളില്‍ സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. പിന്നീട്‌ അഭിപ്രായവ്യത്യാസംമൂലം ധര്‍മസംഘത്തില്‍ നിന്ന്‌ പിരിഞ്ഞ്‌ തലശ്ശേരിയില്‍ തിരിച്ചെത്തി ധര്‍മപ്രഭ എന്ന ശ്രീനാരായണ തത്ത്വപ്രചാരമാസിക ആരംഭിച്ചു. 1935-ല്‍ വര്‍ക്കല കേന്ദ്രമാക്കി, "ശ്രീനാരായണ ധര്‍മപ്രചാരണസഭ' തുടങ്ങുകയും അതിന്റെ ആഭിമുഖ്യത്തില്‍ നൂറില്‍പ്പരം ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. സഭയുടെ മുഖപത്രമായി 1946-ല്‍ ധര്‍മം മാസിക ആരംഭിച്ചു. സഭയുടെ പ്രവര്‍ത്തനം പിന്നീട്‌ എറണാകുളത്തേക്കു മാറ്റി.

വിശ്വവന്ദ്യശ്രീനാരായണന്‍, പഞ്ചശുദ്ധിപ്രകരണം, ശ്രീനാരായണ കാവ്യതീര്‍ഥം, ഗുരുസ്‌തുതികള്‍ തുടങ്ങിയ കൃതികള്‍ ഇവിടെവച്ച്‌ പ്രസിദ്ധീകരിച്ചു. ജീവിതാന്ത്യത്തില്‍ പെരിങ്ങണ്ടൂര്‍ ശ്രീനാരായണാശ്രമം പ്രവര്‍ത്തനകേന്ദ്രമായി സ്വീകരിച്ചു. 1978-ല്‍ ഗുരുശബ്‌ദം മാസിക തുടങ്ങി. 1984 ഡി. 17-ന്‌ 94-ാം വയസ്സില്‍ അന്തരിച്ചു. ഗുരുദേവദര്‍ശനങ്ങളെ ആസ്‌പദമാക്കി അദ്ദേഹം രചിച്ച നൂറിലേറെ ഗദ്യ-പദ്യ കൃതികള്‍ പ്രചാരത്തിലുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍