This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരസ്വാമിരാജ, പി.എസ്‌.(1898 - 1957)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരസ്വാമിരാജ, പി.എസ്‌.(1898 - 1957)

മദ്രാസിലെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഒറീസാ (ഒഡിഷ) ഗവര്‍ണറും. 1898-ല്‍ മദ്രാസ്‌ സംസ്ഥാനത്തിലെ (ഇന്നത്തെ തമിഴ്‌നാട്‌) രാമനാടു ഡിസ്‌ട്രിക്‌റ്റിലുള്ള രാജപാളയത്ത്‌ ജനിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1917-ല്‍ ഇദ്ദേഹം രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചു. ആനിബസന്റിന്റെ ഹോംറൂള്‍ പ്രക്ഷോഭണത്തിലെ ഒരു സജീവപ്രവര്‍ത്തകനായിരുന്നു കുമാരസ്വാമിരാജ. നിസ്സഹകരണപ്രസ്ഥാനത്തില്‍ പങ്കെടുത്തതിന്‌ ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയും (1932) ജയില്‍ശിക്ഷയ്‌ക്കു വിധേയനാവുകയും ചെയ്‌തു. 1934-ല്‍ കേന്ദ്രനിയമസഭയിലേക്കും 1937-ല്‍ മദ്രാസ്‌ അസംബ്ലിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1941-ല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയില്‍ കുമാരസ്വാമിരാജയ്‌ക്ക്‌ അംഗത്വം ലഭിച്ചു. 1946-ല്‍ മദ്രാസ്‌ അസംബ്ലിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയിയാവുകയും ടി. പ്രകാശത്തിന്റെ മന്ത്രിസഭയില്‍ കൃഷിവകുപ്പു മന്ത്രിയായി സ്ഥാനമേറ്റെടുക്കുകയും ചെയ്‌തു. 1947-ല്‍ മന്ത്രിസ്ഥാനം രാജിവച്ച കുമാരസ്വാമിരാജ 1949-ല്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 1952 വരെ ആ സ്ഥാനത്തു തുടര്‍ന്നു. പക്ഷേ 1952-ലെ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം പരാജിതനായി.

1954-ല്‍ ഒറീസാ ഗവര്‍ണറായി നിയമിതനായെങ്കിലും അനാരോഗ്യംമൂലം കാലാവധി മുഴുമിക്കാനാകാതെ 1956-ല്‍ പ്രസ്‌തുത സ്ഥാനം ഇദ്ദേഹം രാജിവച്ചു. 1957 മാ. 16-ന്‌ ഇദ്ദേഹം നിര്യാതനായി. രാജപാളയത്തുള്ള ഇദ്ദേഹത്തിന്റെ വസതി കല, ഗവേഷണം തുടങ്ങിയ സാംസ്‌കാരിക കാര്യങ്ങള്‍ക്കായി വിട്ടുകൊടുത്തിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍