This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരമംഗലം, മോഹന്‍ (1916 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരമംഗലം, മോഹന്‍ (1916 - 73)

മോഹന്‍ കുമാരമംഗലം

മുന്‍കേന്ദ്രമന്ത്രി. നിയമപണ്ഡിതന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലും വിഖ്യാതനാണ്‌. എസ്‌.എം. കുമാരമംഗലം എന്ന പേരിലറിയപ്പെട്ട ഇദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌ മോഹന്‍ കുമാരമംഗലം എന്നാണ്‌. മുന്‍ കേന്ദ്രമന്ത്രിയും ബോംബെ ഗവര്‍ണറുമായിരുന്ന ഡോ. പി. സുബ്ബരായന്റെയും രാധാബായിയുടെയും പുത്രനായി 1916 ന. 1-ന്‌ മദ്രാസില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്‌ മുന്‍ കരസൈന്യാധിപനായ ജനറല്‍ പി.പി. കുമാരമംഗലം.

പ്രാഥമിക വിദ്യാഭ്യാസം മദ്രാസില്‍ നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്കു പോയി. ഈറ്റനില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മോഹന്‍ കുമാരമംഗലത്തിന്‌ ഇന്ത്യയുടെ രാഷ്‌ട്രീയകാര്യങ്ങളില്‍ അതീവതാത്‌പര്യമുണ്ടായി. രണ്ടാം വട്ടമേശ സമ്മേളനത്തിന്‌ 1931-ല്‍ മഹാത്മാഗാന്ധി ഇംഗ്ലണ്ടിലെത്തിയപ്പോള്‍ ഗാന്ധിജിയെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന സ്വാതന്ത്യ്രസമരത്തില്‍ ഭാഗഭാക്കാകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു. സ്വാതന്ത്യ്രാഭിവാഞ്‌ഛ മൂലം ഐ.സി.എസ്‌. പരീക്ഷയ്‌ക്കുള്ള പഠിത്തം വേണ്ടെന്നു തീരുമാനിച്ചു. ഇംഗ്ലണ്ടിലെ ജനകീയ പ്രസ്ഥാനമായ ബ്രിട്ടീഷ്‌ ലേബര്‍പാര്‍ട്ടിയില്‍ ഒരംഗമായിച്ചേര്‍ന്ന്‌ തന്റെ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്‌ തുടക്കമിട്ടു. തീവ്രവാദിയായിരുന്ന മോഹന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായി ബന്ധം പുലര്‍ത്തുകയും അതിന്റെ നേതാക്കളുമായി മൈത്രിയിലെത്തുകയും ചെയ്‌തു. സ്‌പാനിഷ്‌ ആഭ്യന്തര യുദ്ധകാര്യങ്ങള്‍ പഠിക്കുവാന്‍ നിയുക്തനായ വിദ്യാര്‍ഥി പ്രതിനിധി, കേംബ്രിജ്‌ യൂണിയന്‍ പ്രസിഡന്റ്‌, ഇന്ത്യന്‍ വിദ്യാര്‍ഥി സംഘം കാര്യദര്‍ശി എന്നീ നിലകളില്‍ പ്രശംസാര്‍ഹമായ സേവനങ്ങളനുഷ്‌ഠിക്കുവാന്‍ തന്റെ വിദ്യാര്‍ഥി ജീവിതകാലത്ത്‌ ഇദ്ദേഹത്തിനു സാധിച്ചു. കേംബ്രിജിലെ കിങ്‌സ്‌ കോളജില്‍ പഠിച്ച്‌ "ബാര്‍ അറ്റ്‌ലാ' ബിരുദം നേടിയതിനുശേഷം 1939-ല്‍ ഇദ്ദേഹം മദ്രാസില്‍ മടങ്ങിയെത്തി. 1940-ല്‍ മദ്രാസില്‍ ഒരു അഭിഭാഷകനായി പ്രാക്‌ടീസ്‌ ആരംഭിച്ചു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ സജീവപ്രവര്‍ത്തകനായിരുന്നതു നിമിത്തം പലപ്രാവശ്യം ഒളിവില്‍ പോവുകയും അറസ്റ്റ്‌ വരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഒരു വര്‍ഷത്തെ തടങ്കല്‍ ജീവിതത്തിനുശേഷം 1942-ല്‍ വിമോചിതനായപ്പോള്‍ പാര്‍ട്ടിപ്പത്രമായ പീപ്പിള്‍സ്‌ വാര്‍ന്റെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിക്കുവാന്‍ ഇദ്ദേഹം ക്ഷണിക്കപ്പെട്ടു. പത്രത്തിന്റെ പ്രവര്‍ത്തനത്തിനായി ബോംബെയില്‍ താമസമാക്കി. സ്വാതന്ത്യ്രലബ്‌ധിക്കു ശേഷവും ഒരു പ്രാവശ്യം ഇദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തു ജയിലിലാക്കുകയുണ്ടായി. 1951-ല്‍ ജയില്‍ മോചിതനായതിനുശേഷം ട്രഡ്‌ യൂണിയന്‍ രംഗത്ത്‌ പ്രവര്‍ത്തനമാരംഭിച്ചു. ഒട്ടും വൈകാതെ തൊഴില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്‌ധാഭിഭാഷകനായി ഇന്ത്യയൊട്ടാകെ യശസ്സും പ്രാമുഖ്യവും നേടുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു.

കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ടിക്കറ്റില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ മദ്രാസ്‌ അസംബ്ലിയിലേക്ക്‌ മത്സരിച്ചെങ്കിലും മോഹന്‌ വിജയിക്കാന്‍ കഴിഞ്ഞില്ല. മാസങ്ങള്‍ കഴിയുന്തോറും കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസം കൂടി വരികയാല്‍ തന്റെ ദീര്‍ഘകാലത്തെ പാര്‍ട്ടിബന്ധം വലിച്ചെറിയുവാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായിത്തീര്‍ന്നു. 1967-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ നിന്ന്‌ രാജിവച്ച്‌ പുറത്തേക്കുപോന്ന മോഹനെ ഇന്ത്യാ ഗവണ്‍മെന്റ്‌ "ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ആന്‍ഡ്‌ എയര്‍ ഇന്ത്യ'യുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ അംഗമാക്കി. "ഇന്ത്യന്‍ എയര്‍ലൈന്‍സി'ന്റെ ചെയര്‍മാനായും ഇദ്ദേഹം കുറേക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1971-ല്‍ പോണ്ടിച്ചേരിയില്‍ നിന്ന്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കുകയും അതില്‍ വിജയം നേടി "സ്റ്റീല്‍ ആന്‍ഡ്‌ ഹെവി എന്‍ജിനീയറിങ്‌' വകുപ്പിന്റെ കാബിനറ്റ്‌ മന്ത്രിയായി നിയമിതനാവുകയും ചെയ്‌തു. മന്ത്രിയായിരുന്ന കാലത്ത്‌ കേന്ദ്രഗവണ്‍മെന്റിന്റെ സാമ്പത്തിക നയപരിപാടികള്‍ക്ക്‌ രൂപം നല്‌കുന്ന കാര്യത്തില്‍ മോഹന്‍ വിലയേറിയ സംഭാവനകള്‍ നല്‌കി. പാര്‍ലമെന്റിന്റെ പരമാധികാരം പുനഃസ്ഥാപിക്കുന്നതിനുവേണ്ടിയുള്ള 24-ാം ഭരണഘടനാ ഭേദഗതിബില്‍ തയ്യാറാക്കി പാസ്സാക്കി എടുക്കുന്നതില്‍ ഇദ്ദേഹം അനുഷ്‌ഠിച്ച സേവനം വിലയേറിയതാണ്‌. കല്‍ക്കരി വ്യവസായം, ഹിന്ദുസ്ഥാന്‍ കോര്‍പ്പറേഷന്‍, ഇന്ത്യന്‍ ഉരുക്കുകമ്പനി എന്നിവയുടെ ദേശസാത്‌ക്കരണം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞത്‌ മോഹന്റെ അസാമാന്യമായ ഭരണവൈഭവം കൊണ്ടുമാത്രമായിരുന്നു. പ്രഗല്‌ഭനായ ഒരു ഭരണാധികാരി എന്ന യശസ്സു നേടി, പ്രയോജനകരമായ പല പദ്ധതികളും നടപ്പിലാക്കി, തികച്ചും ക്രിയാത്മകനായി കഴിഞ്ഞിരുന്ന മോഹന്‍ കുമാരമംഗലം 1973 മേയ്‌ 31-ന്‌ വ്യാഴാഴ്‌ച രാത്രി പാലം വിമാനത്താവളത്തിനടുത്തുവച്ച്‌ ഉണ്ടായ വിമാനാപകടത്തില്‍പ്പെട്ട്‌ അപമൃത്യുവിനിരയായി. നിയമം, ട്രഡ്‌ യൂണിയന്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്‌പദമാക്കി ഇദ്ദേഹം രചിച്ചിട്ടുള്ള നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തിന്റെ നിദര്‍ശനങ്ങളായി നിലകൊള്ളുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍