This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരന്‍ കൃഷ്‌ണന്‍, തയ്യിൽ(1857 - 1918)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരന്‍ കൃഷ്‌ണന്‍, തയ്യില്‍(1857 - 1918)

പ്രശസ്‌ത ഭിഷഗ്വരനും വൈദ്യനിഘണ്ടുകാരനും. കിട്ടു ആശാന്‍ എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം 1857-ല്‍ (1032 കര്‍ക്കടകം) ചേര്‍ത്തല കോര്യംപള്ളില്‍ ജനിച്ചു. ജ്യോതിഷത്തിലും വൈദ്യത്തിലും പ്രാവീണ്യം നേടി. പത്തുകൊല്ലത്തെ പരിശ്രമഫലമായി 1081-ല്‍ മഹത്തായ ആയുര്‍വേദ-ഔഷധ നിഘണ്ടു പ്രസിദ്ധപ്പെടുത്തി. ഭാരതീയ വൈദ്യശാസ്‌ത്രത്തിലെ ഒരു അദ്‌ഭുതസൃഷ്‌ടിയാണിത്‌. പ്രസിദ്ധങ്ങളും അപ്രസിദ്ധങ്ങളുമായ എല്ലാ ഔഷധങ്ങളുടെയും നടപ്പുള്ളിടത്തോളം സ്വഭാഷയിലും പ്രധാനപ്പെട്ട മറ്റു ഭാഷകളിലും ഉള്ള പേരുകള്‍, ഓരോന്നിന്റെയും രസവീര്യവിപാകങ്ങള്‍, ഗുണം, ത്യാജ്യഗ്രാഹ്യ ഭാഗങ്ങള്‍ എന്നിവ ഇതില്‍ വിശദമായി കൊടുത്തിരിക്കുന്നു. ""മലയാളഭാഷയില്‍ ഇത്ര ഉപയുക്തവും സുനിഷ്‌പാദിതവുമായ ഒരു പുസ്‌തകം വൈദ്യവിഷയത്തില്‍ മാത്രമല്ല മറ്റൊരു വിഷയത്തിലും പുറപ്പെട്ടിട്ടില്ലെന്നു പറഞ്ഞാല്‍ അബദ്ധമാകയില്ലെന്നു വിശ്വസിക്കുന്നു (കുമാരനാശാന്‍ വിവേകോദയത്തില്‍). ഇതിന്റെ നാലു പ്രതി ലണ്ടനിലെ ഗവണ്‍മെന്റ്‌ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്‌. ഈ ഗ്രന്ഥത്തിനു പുറമേ കിട്ടു ആശാന്‍ ദണ്ഡിയുടെ ദശകുമാരചരിതം ഗദ്യകാവ്യം (സംസ്‌കൃതം) മുഴുവന്‍ വ്യാഖ്യാനിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഇദ്ദേഹം 1918-ല്‍ നിര്യാതനായി.

	""ചാരിച്ചാവട്ട തന്‍മേല്‍ ഭൃതകനഥ കൊടു
		ക്കുന്ന താംബൂല വീടീ
	സാരം ഭൂയോപി ചര്‍വിച്ചരുളുമിടയില
		ത്തുപ്പല്‍ വക്ത്രത്തില്‍ നിര്‍ത്തി
	ഓരോന്നായാതുരന്മാരൊടു വികൃതികള്‍
		തന്‍പോക്കു ചോദിച്ചു കോങ്ക
	ണ്ണാരാലെങ്ങോ പതിപ്പിച്ചൊരു വലിയ
		തടിപ്പുള്ളി വൈദ്യന്‍ ലസിപ്പൂ''
 

എന്ന ഈ ഛായാപദ്യം കിട്ടുവാശാനെപ്പറ്റി മൂലൂര്‍ പദ്‌മനാഭപ്പണിക്കര്‍ രചിച്ചിട്ടുള്ളതാണ്‌.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍